തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ നീങ്ങുമ്പോഴും ഇടതുസർക്കാരിന്റെ ധൂർത്തിന് ഒരു കുറവുമില്ല. മന്ത്രി സജി ചെറിയാന്റെ ഓഫീസിൽ ലക്ഷങ്ങൾ ചെലവിട്ട് ടോയ്ലെറ്റ് ഉണ്ടാക്കിയതിന് തൊട്ടുപിന്നാലെ, മുഖ്യമന്ത്രി പിണറായി വിജയന്റെ നാലുവർഷം പോലും പഴക്കമില്ലാത്ത നാല് ഔദ്യോഗിക അകമ്പടി വാഹനങ്ങൾ മാറ്റി പകരം പുതിയ നാല് ഇന്നോവ ക്രിസ്റ്റ ആഡംബര കാറുകൾ വാങ്ങി. ഏകദേശം 25 ലക്ഷത്തോളം രൂപയാണ് ഓരോ കാറിന്റെയും എക്സ്ഷോറൂം വില. രജിസ്ട്രേഷനും ഇൻഷ്വറൻസും ഇന്റീരിയർ ഡെക്കറേഷനും ഉൾപ്പെടെ ലക്ഷങ്ങൾ വേറെയും ചെലവഴിക്കുന്നുണ്ട്.
മുൻ മുഖ്യമന്ത്രിമാർ തൂവെള്ള നിറത്തിലുള്ള കാറുകളാണ് അകമ്പടി വാഹനമായി ഉപയോഗിച്ചിരുന്നതെങ്കിലും പിണറായി വിജയന് വേണ്ടി ഇക്കുറി കറുത്ത നിറത്തിലുള്ള ആഡംബര വണ്ടിയാണ് വാങ്ങിയത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക അകമ്പടിക്ക് കൂടുതൽ പ്രൊഫഷണൽ ടച്ച് വരുത്താനായി മുൻ ഡിജിപി ലോക്നാഥ് ബെഹ്റയുടെ ആശയമാണ് കറുത്ത നിറത്തിലുള്ള വാഹനങ്ങൾ. പൈലറ്റ് വാഹനവും എസ്കോർട്ട് വാഹനവും വാങ്ങുന്നതിനായി പൊലീസിന് പ്രത്യേകം ഫണ്ട് അനുവദിച്ചിരുന്നു. സെപ്റ്റംബർ മാസത്തിലാണ് പുതിയ കാറുകൾ വാങ്ങുന്നതിന് പണം അനുവദിച്ച് ഉത്തരവ് ഇറങ്ങിയത്.
പുതിയ കാറുകൾ വന്നതോടെ അധികം പഴക്കമില്ലാത്ത കെ.എൽ. 01 സി.ഡി 4764, കെ.എൽ. 01 സി.ഡി 4857 എന്നീ രജിസ്ട്രേഷൻ നമ്പറുകളുള്ള ടൊയോട്ട ഇന്നോവ വാഹനങ്ങൾ പൈലറ്റ്, എസ്കോർട്ട് ഡ്യൂട്ടികളിൽ നിന്ന് ഒഴിവാക്കും. കാലപ്പഴക്കം മൂലം ഈ വാഹനങ്ങളുടെ കാര്യക്ഷമത കുറഞ്ഞുവെന്നാണ് വിശദീകരണം. പുതിയ വാഹനങ്ങൾ വാങ്ങുന്നത് സംബന്ധിച്ച ശുപാർശ പ്രത്യേക കേസായി പരിഗണിച്ചാണ് പൊതുഭരണ വകുപ്പ് തീരുമാനം എടുത്തതെന്നതും ശ്രദ്ധേയമാണ്.
മുഖ്യമന്ത്രിയുടെ എൻട്രി മാസ് ആവാൻ കറുത്ത നിറത്തിലുള്ള പുതുപുത്തൻ അകമ്പടി വാഹനങ്ങൾ ; ആശയം ലേക്നാഥ് ബെഹ്റയുടേത്
