ബൂസ്റ്റർ ഡോസ് 10 മുതൽ, 15.4 ലക്ഷം കുട്ടികൾക്ക് നാളെ മുതൽ വാക്സിൻ

പത്തനംതിട്ട : സംസ്ഥാനത്ത് ജനുവരി 10 മുതൽ തന്നെ മുതിർന്നവർക്കുള്ള കൊവിഡ് വാക്സീൻ ബൂസ്റ്റർ ഡോസ് വിതരണം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കൗമാരക്കാരായ 15, 16, 17 വയസ് പ്രായമായ കുട്ടികൾക്ക് വാക്സീൻ നൽകുന്നതിനുള്ള നടപടികൾ നാളെ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾക്ക് അധ്യാപകരും പി ടി എയും മുൻകൈ എടുക്കണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ക്ലാസുകളിൽ ഇത് സംബന്ധിച്ച ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തണം. രക്ഷിതാക്കളുമായും അധ്യാപകർ ആശയവിനിമയം നടത്തണം.
15 വയസ് മുതൽ 18 വയസ് വരെ പൊതുവിദ്യാഭ്യാസ മേഖലയിലെ 12 ലക്ഷത്തോളം കുട്ടികൾ അടക്കം 15.4 ലക്ഷം കുട്ടികളാണ് സംസ്ഥാനത്ത് വാക്സിൻ എടുക്കാൻ ഉള്ളത്. സി ബി എസ് ഇ, ഐ സി എസ് ഇ, ഐ ടി ഐ, പോളിടെക്നിക് വിദ്യാർത്ഥികളും ഇതിൽ ഉൾപ്പെടുന്നു. എല്ലാ ദിവസവും വാക്സിൻ എടുത്ത കുട്ടികളുടെ കണക്ക് വിദ്യാഭ്യാസ വകുപ്പ് ശേഖരിക്കും.
സി ബി എസ് ഇ അടക്കമുള്ള മറ്റ് സ്ട്രീമുകളുടെ യോഗം വിദ്യാഭ്യാസ വകുപ്പ് വിളിച്ചു ചേർക്കുന്നുണ്ട്. എല്ലാ കുട്ടികളും വാക്സിൻ എടുത്തു എന്നത് ഉറപ്പ് വരുത്തും.
ജനുവരി 10 വരെ ബുധനാഴ്ച ഒഴികെ ഞായറാഴ്ച ഉൾപ്പെടെ എല്ലാ ദിവസവും ജനറൽ/ജില്ലാ/താലൂക്ക്/സിഎച്ച്‌സി എന്നിവിടങ്ങളിൽ കുട്ടികൾക്കുള്ള വാക്‌സിനേഷൻ ഉണ്ടായിരിക്കും. കുട്ടികളുടെ വാക്‌സിനേഷൻ കേന്ദ്രങ്ങൾ പെട്ടെന്ന് തിരിച്ചറിയാനായി പിങ്ക് നിറത്തിലുള്ള ബോർഡ് പ്രദർശിപ്പിക്കും.
15 മുതൽ 18 വരെ പ്രായമുള്ളവർക്കായി പ്രത്യേക വാക്സീനേഷൻ കർമ്മപദ്ധതി തയ്യാറാക്കിയാണ് ആരോഗ്യവകുപ്പ് മുന്നോട്ട് പോകുന്നത്. കൊവിൻ പോർട്ടൽ വഴി ഇന്നലെ വൈകീട്ട് മൂന്ന് മണി മുതൽ രജിസ്ട്രേഷൻ ആരംഭിച്ചു. സംസ്ഥാനത്താകെ 15 ലക്ഷം കൗമാരക്കാർക്കാണ് വാക്സീൻ നൽകേണ്ടത്. ഇതിനായി അഞ്ച് ലക്ഷം ഡോസ് കൊവാക്സീൻ സംസ്ഥാനത്ത് എത്തിക്കും. രജിസ്ട്രേഷൻ നടത്താത്തവർക്ക് വാക്സീനേഷൻ കേന്ദ്രങ്ങളിലും സ്പോർട്ട് രജിസ്ട്രേഷൻ ഉണ്ടാകും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹായത്തോടെ നേരിട്ടെത്തിയും വിദ്യാർത്ഥികൾക്ക് വാക്സിനെടുക്കാം. കൗമാരക്കാരുടെ വാക്സീനേഷൻ കേന്ദ്രം പെട്ടെന്ന് തിരിച്ചറിയാൻ കവാടത്തിൽ പിങ്ക് ബോർഡ് പ്രദർശിപ്പിക്കും. മുതിർന്നവർ നീല ബോർഡ് വച്ചിരിക്കുന്ന സ്ഥലത്ത് നിന്നാണ് വാകസീനെടുക്കേണ്ടത്.

സംസ്ഥാനത്ത് ഇതുവരെ ഒമിക്രോണിന്റെ സമൂഹ വ്യാപനം നടന്നിട്ടില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഒമിക്രോൺ വ്യാപനം തടയുന്നതിന് സാധ്യമായ എല്ലാ നടപടികളും ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിന് എല്ലാവരുടെ ഭാഗത്തുനിന്നും പ്രത്യേകശ്രദ്ധ ഉണ്ടാകണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.

Related posts

Leave a Comment