ബോണസ് ഓണത്തിന് മുമ്പ് വിതരണം ചെയ്യണം : ലേബർ കമ്മീഷണർ

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളും മുൻവർഷത്തെ അതേ നിരക്കിൽ തൊഴിലാളികൾക്ക് ഓണത്തിന് മുൻപ് ബോണസ് വിതരണം ചെയ്യണമെന്ന് നിർദ്ദേശിച്ച് ലേബർ കമ്മീഷണർ ഡോ. എസ്. ചിത്ര സർക്കുലർ ഇറക്കി.
കോവിഡ് പശ്ചാത്തലത്തിൽ ഈ വർഷത്തെ ബോണസ് ചർച്ചകൾ ക്രമീകരിക്കുന്നതും ബന്ധപ്പെട്ട കക്ഷികൾ ചർച്ചയ്ക്കായി എത്തിച്ചേരുന്നതും  പ്രയാസകരമാണ്. അതിനാൽ,  ബോണസ് നൽകുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാത്ത സ്ഥാപനങ്ങളും തൊഴിലുടമകളും കഴിഞ്ഞ വർഷം അനുവദിച്ച അതേ നിരക്കിൽ ബോണസ് ഈ വർഷവും അനുവദിക്കണം. അത് ഓണത്തിന് മുൻപായി വിതരണം ചെയ്യണമെന്നും കമ്മീഷണർ നിർദ്ദേശിച്ചു. ഇതിനു ശേഷവും  ബോണസ് സംബന്ധിച്ച് തർക്കം നിലനിൽക്കുന്ന പക്ഷം സംസ്ഥാനത്ത് കോവിഡ്  നിയന്ത്രണവിധേയമായതിനു ശേഷം ചർച്ചകൾ നടത്തി തീരുമാനമെടുക്കും. എല്ലാ സ്വകാര്യ സ്ഥാപനങ്ങളും  സർക്കുലർ പ്രകാരമുള്ള നടപടി സ്വീകരിച്ച് വിവരം ബന്ധപ്പെട്ട ജില്ലാ ലേബർ ഓഫീസർമാരെയോ ബോണസ് നിയപ്രകാരമുള്ള അതോറിറ്റിയെയോ  അറിയിക്കണമെന്നും ലേബർ കമ്മീഷണർ നിർദേശിച്ചു.

Related posts

Leave a Comment