സ്വകാര്യ മേഖലയിലെ ബോണസ് പ്രഖ്യാപിച്ചു

  • സ്വകാര്യ മേഖലയില്‍ ബോണസ് മുന്‍വര്‍ഷത്തെ നിരക്കില്‍
  • ഓണത്തിന് മുന്‍പ് വിതരണം ചെയ്യണമെന്നു ലേബര്‍ കമ്മീഷണര്‍

തിരുവനന്തപുരംഃ സംസ്ഥാനത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളും മുന്‍വര്‍ഷത്തെ അതേ നിരക്കില്‍ തൊഴിലാളികള്‍ക്ക് ഓണത്തിന് മുന്‍പ് ബോണസ് വിതരണം ചെയ്യണമെന്ന് ലേബര്‍ കമ്മീഷണര്‍ ഡോ.എസ്.ചിത്ര സര്‍ക്കുലറില്‍ നിര്‍ദേശിച്ചു പൊതുമേഖലാ സ്ഥാപനങ്ങളിലെ ബോണസ് വിതരണം സംബന്ധിച്ച് സര്‍ക്കാര്‍ ഇതിനോടകം നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിലനില്‍ക്കുന്ന കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2020-21 വര്‍ഷത്തെ ബോണസ് ചര്‍ച്ചകള്‍ ക്രമീകരിക്കുന്നതും ബന്ധപ്പെട്ട കക്ഷികള്‍ ചര്‍ച്ചയ്ക്കായി എത്തിച്ചേരുന്നതും പ്രയാസകരമാണ്.

മേല്‍ സാഹചര്യത്തില്‍ നാളിതുവരെ ബോണസ് നല്‍കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാത്ത സ്ഥാപനങ്ങളും തൊഴിലുടമകളും, കഴിഞ്ഞ വര്‍ഷം അനുവദിച്ച അതേ നിരക്കില്‍ ബോണസ് ഈ വര്‍ഷവും അനുവദിക്കണം. അത് ഓണത്തിന് മുന്‍പായി വിതരണം ചെയ്യണമെന്നും കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു.ഇതിനു ശേഷവും ബോണസ് സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്ന പക്ഷം സംസ്ഥാനത്ത് കോവിഡ്-19 നിയന്ത്രണവിധേയമായതിനു ശേഷം ചര്‍ച്ചകള്‍ നടത്തി തീരുമാനം കൈക്കൊള്ളുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. എല്ലാ സ്വകാര്യ സ്ഥാപനങ്ങളും സര്‍ക്കുലര്‍ പ്രകാരമുള്ള നടപടി സ്വീകരിച്ച് വിവരം ബന്ധപ്പെട്ട ജില്ലാ ലേബര്‍ ഓഫീസര്‍മാരെ / ബോണസ് നിയപ്രകാരമുള്ള അതോറിറ്റിയെ അറിയിക്കണമെന്നും ലേബര്‍ കമ്മീഷണര്‍ നിര്‍ദേശിച്ചു.

Related posts

Leave a Comment