ബോളിവുഡ് ഇതിഹാസം ദിലീപ് കുമാറിന് ആദരാഞ്ജലികൾ

അനു ചന്ദ്ര

ജന്മസിദ്ധമായ സർഗ്ഗശേഷിയുള്ള പ്രതിഭയാണ് ദിലീപ് കുമാർ.അഞ്ച് പതിറ്റാണ്ട് നീണ്ടുനിന്ന അധികമികവുള്ള അഭിനയം തന്നെയാണ് അദ്ദേഹത്തിലെ നടന്റെ സത്തയും.ചുരുക്കി പറഞ്ഞാൽ ഇമേജുകളെ തേടിപോവാത്ത, താരമാകാൻ ഇഷ്ടപ്പെടാത്ത ‘നടനാ’യ അദ്ദേഹം നോട്ടവും,മൂളലും,നിശ്ചലതയും വരെ അറിഞ്ഞുൾകൊണ്ട് ചെയുന്ന മികവുള്ള ഒരു കലാകാരനായിരുന്നു എന്ന് സാരം.മറ്റുള്ള നടന്മാർക്ക് പ്രചോദനമാകുവാൻ അത് ധാരളവുമായിരുന്നു.അത്കൊണ്ട് തന്നെയാണ് താൻ എന്ന നടനിൽ ദിലീപ്​ കുമാർ എ​​ത്രയോ ആവേശിച്ചിരിക്കുന്നു എന്നത് അമിതാഭ്​ ബച്ചനെ പോലുള്ളവർ പോലും ശരിവെച്ചത്.മുഹമ്മദ് യൂസഫ് ഖാൻ എന്ന പഴക്കച്ചവടക്കാരൻ ‘ദിലീപ് കുമാർ’ ആയി മാറിയത് യാദൃശ്ചികം.1944ൽ ദേവികാ റാണി നിർമ്മിച്ച ‘ജ്വാർ ഭാത’യിലൂടെ നായകനായി അരങ്ങേറ്റം കുറിക്കുമ്പോൾ ആത്മാവർപ്പിച്ച വൈകാരിക പ്രകടനങ്ങളിലൂടെ അഭിനയം കാഴ്ചവെക്കാൻ കഴിയുന്ന ഒരു നടനെ ഇന്ത്യൻ സിനിമാലോകത്തിന് ലഭിക്കുകയായിരുന്നു വാസ്തവത്തിൽ.അദ്ദേഹത്തിലെ വൈകാരികമായ അഭിനയം എന്നാൽ അദ്ദേഹത്തിന്റ അപൂർവ്വമായ അഭിനയസിദ്ധിയുടെ മേന്മയാണെന്നു വേണം പറയാൻ.രാം ഓർ ശ്യാം,മധുമതി,ക്രാന്തി,ദേവ്ദാസ് – നടന ഭാവുകത്വവും വൈഭവും പ്രേക്ഷകർക്ക് ബോധ്യപ്പെടാൻ ഇതൊക്കെ തന്നെ ധാരാളം.അതോടൊപ്പം ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ച നടൻ എന്ന റെകോർഡ് സ്വന്തമാക്കി.രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു.ദാദാ സാഹിബ് ഫാൽകെ പുരസ്‌കാരം നേടി.സൂക്ഷ്മാഭിനയശേഷി കൊണ്ട് നിരവധി അംഗീകാരങ്ങളും ജനങ്ങളുടെ പ്രീതിയും നേടി.ഒടുവിൽ 1998 ൽ പുറത്തിറങ്ങിയ ‘ക്വില’യിലൂടെ അദ്ദേഹം അഭിനയ ജീവിതവും അവസാനിപ്പിച്ചു.എന്നാൽ സ്‌ക്രീനിൽ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളായി ദിലീപ് കുമാർ പേര് സ്ഥാനം കണ്ടെത്തി കഴിഞ്ഞിരുന്നു അപ്പോഴേക്കും.അത് തന്നെയാണ് അദ്ദേഹത്തിലെ നേട്ടവും.60 വർഷം കൊണ്ട് ചെയ്ത 40 സിനിമകളിൽ നിന്ന് അദ്ദേഹം ഉണ്ടാക്കിയെടുത്ത നേട്ടം.നടനെന്ന നിലയിൽ ഉയരങ്ങൾ താണ്ടിയ ഇന്ത്യൻ സിനിമയുടെ സുവർണ കാലഘട്ടത്തിലെ ഇതിഹാസ നായകന് ഇന്ത്യൻ സിനിമയിലെ മാർലൺ ബ്രാൻഡോക്ക് ആദരാഞ്ജലികൾ

Related posts

Leave a Comment