പ്രദീപിന്റെ മൃതദേഹം വൈകുന്നേരത്തോടെ നാട്ടിലെത്തിക്കും, പൊലിഞ്ഞത് നാടിനോടുള്ള കരുതൽ

തൃശൂർ: സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേരുടെ മരണത്തിന് കാരണമാക്കിയ കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച മലയാളി സൈനികൻ അസി. വാറൻറ് ഓഫീസർ എ പ്രദീപിന്റെ മൃതദേഹം ഇന്നു വൈകുന്നേരത്തോടെ ജന്മനാടായ തൃശൂരിലെത്തിക്കും. തൃശൂർ അറക്കൽ രാധാകൃഷ്‌ണൻറെ മകനാണു പ്രദീപ്. അപകടത്തിൽ മരിച്ച മറ്റുള്ളവരുടെ മൃതദേഹങ്ങൾ സുലൂരിൽ നിന്ന് ഡൽഹിയിലേക്കാവും കൊണ്ടു പോവുക എന്നാണു വിവരം.
രാവിലെ പത്തരയോടെ വെല്ലിം​ഗട്ണിൽ നിന്നു സുലൂർ വ്യോമതാവളത്തിലേക്കു മൃതദേഹം കൊണ്ടുവരും. ഉച്ചയ്ക്ക് ഒരു മണിവരെ അവിടെ സൈനിക ബഹുമതികൾ നൽകിയ ശേഷം തൃശൂരിലേക്കു കൊണ്ടു പോകുമെന്നാണു വിവരം. സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന സഹോദരൻ കൂനൂരിലെത്തിയിട്ടുണ്ട്.
നാട്ടിലെ മിക്ക കാര്യങ്ങളിലും മുന്നിൽ നിന്നു പ്രവർത്തിച്ചിരുന്ന ആളാണ് പ്രദീപ് എന്നു നാട്ടുകാർ. നാട്ടിലെ കല്യാണങ്ങൾ, മരണാനന്തര ചടങ്ങുകൾ, ആഘോഷങ്ങൾ എന്നിവയിലെല്ലാം സജീവമായി പങ്കെടുക്കുമായിരുന്നു. കഴിഞ്ഞ പ്രളയ കാലത്ത് സൈനികനെന്ന നിലയിൽ തന്റെ പരമാവധി സേവനങ്ങൾ നാടിനു സമർപ്പിച്ചു. നാടിനോടുള്ള കരുതലാണ് തങ്ങൾക്കു നഷ്ടമായതെന്നു നാട്ടുകാർ.
പ്രദീപും ഭാര്യ ശ്രീലക്ഷ്മിയും രണ്ടു മക്കളും കോയമ്പത്തൂരിലെ സൈനിക ക്വാർട്ടേഴ്സിലാണു താമസം. ഒരു മാസം മുൻപ് പ്രദീപും കുടുംബവും നാട്ടിലെത്തിയിരുന്നു. ശ്വാസകോശ സംബന്ധമായ രോഗം മൂലം ​ഗുരുതരാവസ്ഥയിലായ അച്ഛൻ രാധാകൃഷ്ണന്റെ ചികിത്സയ്ക്കാണ് എത്തിയത്. ​രോ​ഗം പൂർണമായി മാറിയില്ലെങ്കിലും വീട്ടിൽ സെമി വെന്റിലേറ്റർ സൗകര്യമൊരുക്കി അച്ഛന് ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കിയിരുന്നു. മൂത്ത മകന്റെ പിറന്നാളും ആഘോഷിച്ച ശേഷമാണ് പ്രദീപ് കോയമ്പത്തൂരിലേക്കു പോയത്.
സംയുക്ത സേനാ മാധാവിയുടെ സംഘത്തിൽ താനും ഉൾപ്പെട്ടേക്കാമെന്നു കഴിഞ്ഞ ദിവസം പ്രദീപ് അമ്മയെ വിളിച്ച് പറഞ്ഞിരുന്നു. അതിൽ അഭിമാനിതയായിരിക്കെയാണ് ഇന്നലെ വൈകുന്നേരത്തോടെ ദുരന്ത വാർത്ത അമ്മയെ തേടിയെത്തിയത്. അതീവ ​ഗുരുതരാവസ്ഥയിലായ അച്ഛനെ ഇതുവരെ മകന്റെ ദുരന്തം അറിയിച്ചിട്ടില്ല.
ജനറൽ ബിപിൻ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിന്റെ ഫ്ലൈറ്റ് ഗണ്ണർ ആയിരുന്നു വാറൻ്റ് ഓഫീസർ പ്രദീപ്. 2004 ൽ വ്യോമസേനയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച ഇദ്ദേഹം പിന്നീട് എയർ ക്രൂ ആയി തിരഞ്ഞെടുക്കപ്പെടുകയും ഇന്ത്യയിൽ ഉടനീളം സേവനം അനുഷ്ഠിക്കുകയും ചെയ്തു. ഛത്തീസ്ഗഡിലെ മാവോയിസ്റ്റുകൾക്കെതിരായ ഓപ്പറേഷൻസ്, ഉത്തരാഖണ്ഡിലും കേരളത്തിലെയും പ്രളയ സമയത്തെ റെസ്ക്യൂ മിഷനുകൾ തുടങ്ങിയ അനേകം മിഷനുകളിൽ പങ്കെടുത്തിട്ടുണ്ട്.
2018 ലെ കേരളത്തിലെ പ്രളയ സമയത്ത് കോയമ്പത്തൂർ വ്യോമസേന താവളത്തിൽ നിന്നും രക്ഷാ പ്രവർത്തനങ്ങൾക്കായി പുറപ്പെട്ട ഹെലികോപ്റ്റർ സംഘത്തിൽ എയർ ക്രൂ ആയി സ്വമേധയാ ഡ്യൂട്ടി ഏറ്റെടുത്ത് സുത്യർഹമായ സേവനമാണ് ഇദ്ദേഹം കാഴ്ച വെച്ചത്. ഒട്ടേറെ ജീവനുകൾ രക്ഷപ്പെടുത്താൻ സാധിച്ച, പ്രദീപ് ഉൾപ്പെട്ട ആ ദൗത്യ സംഘത്തിന് രാഷ്‌ട്രപതിയുടെയും സംസ്ഥാന സർക്കാരിന്റെയും പ്രത്യേക പ്രശംസ നേടാനായി.

Related posts

Leave a Comment