​ബ്ലേഡ് മാഫിയ ഭീഷണി; ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

പാലക്കാട്: എലവഞ്ചേരിയിൽ ഗൃഹനാഥൻ വീടിന് മുന്നിൽ തൂങ്ങിമരിച്ച നിലയിൽ. എലവഞ്ചേരി കരിങ്കുളം സ്വദേശി കണ്ണൻകുട്ടിയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വട്ടിപലിശക്കാരുടെ ഭീഷണി മൂലമാണ് ആത്മഹത്യയെന്ന് ബന്ധുക്കൾ പറഞ്ഞു. ഇന്ന് പുലർച്ചെയാണ് എലവഞ്ചേരി സ്വദേശി കണ്ണൻകുട്ടിയെ വീടിന് മുന്നിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നെന്മാറയിലെ ഒരു ക്വാറിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു കണ്ണൻക്കുട്ടി.

എന്നാൽ കോവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ മൂന്നു മാസമായി ഇദ്ദേഹം തൊഴിൽ രഹിതനാായിരുന്നു. ഇതേതുടർന്ന് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വട്ടിപലിശക്കാരിൽ നിന്നും പതിനഞ്ച് ലക്ഷത്തോളം രൂപ വായ്പ എടുത്തിരുന്നതായി വീട്ടുകാർ പറയുന്നു. ഇതിൽ ഭൂരിഭാഗം തുകയും തിരിച്ചടച്ചതാണെന്നും ബാക്കി തുക ആവശ്യപ്പെട്ട് വട്ടിപലിശക്കാർ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായും വീട്ടുകാർ വ്യക്തമാക്കി. കഴിഞ്ഞദിവസം ഒരു ധനകാര്യ സ്ഥാപനത്തിലെ ആളുകൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായി അയൽവാസി ശിവദാസൻ പറഞ്ഞു. സംഭവത്തിൽ കൊല്ലങ്കോട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരാഴ്ച മുൻപ് പാലക്കാട് വള്ളിക്കോട് സ്വദേശിയും സമാന സംഭവത്തിൽ ആത്മഹത്യ ചെയ്തിരുന്നു . ഒരാഴ്ചയ്ക്കിടെ ബ്ലേഡ് മാഫിയയുടെ ഭീഷണിയിൽ പൊലിയുന്ന രണ്ടാമത്തെ ജീവനാണിത്.

Related posts

Leave a Comment