പോസ്റ്റ്മോർട്ടം വൈകിപ്പിച്ചു, ആലപ്പുഴയിലെ സർവകക്ഷി യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബിജെപി

ആലപ്പുഴ: ഇരട്ടക്കൊലപതാകത്തെത്തുടർന്നുള്ള സംഘർഷത്തിന് അയവു വരുത്താൻ ജില്ലാ ഭരണകൂടം വിളിച്ച സർവകക്ഷിയോ​ഗത്തിൽ ബിജെപി പങ്കെടുക്കില്ല. രഞ്ജിത്തിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചു എന്നാരോപിച്ചാണു പിന്മാറ്റം. ഇന്ന് നടക്കുന്ന സർവകക്ഷി യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അറിയിച്ചു. സമയമാറ്റം അടക്കമുള്ള കാര്യങ്ങൾ അറിയിച്ചില്ല എന്നും ബിജെപി ജില്ലാ പ്രസിഡന്റ് പറഞ്ഞു.
അതിനിടെ, രാഷ്ട്രീയ കൊലപാതകങ്ങളിൽ ഇന്ന് കൂടുതൽ അറസ്റ്റിനു സാധ്യത. ഇന്നലെ കസ്റ്റഡിയിലായ പ്രവർത്തകരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. അൻപതോളം പേർക്കെതിരേയാണ് അന്വേഷണം.
ഇവരുടെ മൊബൈൽ ഫോൺ രേഖകളുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ആളുകൾ പൊലീസ് നിരീക്ഷണത്തിലാണ്. ഇരു കൊലപാതകങ്ങളിലും ഉൾപ്പെട്ടവർ ഒളി സങ്കേതങ്ങളിലേക്ക് മാറിയതയാണ് പൊലീസ് നിഗമനം. ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ ആലപ്പുഴയിൽ ക്യാമ്പ് ചെയ്താണ് അന്വേഷണം നടത്തുന്നത്‌‌

ഇതിനിടെ കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസന്റെ പോസ്റ്റ്മോർട്ടം ഇന്ന് രാവിലെ ആലപ്പുഴ മെഡിക്കൽ കോളെജിൽ തുടങ്ങി. ഒമ്പതരയോടെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം വിട്ടുകൊടുക്കുമെന്നാണ് പൊലീസ് ബി ജെ പി നേതാക്കളെ അറിയിച്ചത്. മൃതദേഹം ആലപ്പുഴയിൽ പൊതുദർശനത്തിനു വച്ച ശേഷം ആറാട്ടുപുഴ വലിയഴീക്കലെ രഞ്ജിത്തിന്റെ കുടുംബ വീട്ടിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി ഇന്ന് ആലപ്പുഴയിലെത്തും. വിഷയം ദേശീയ തലത്തിൽ ചർച്ചയാക്കാനുള്ള ബിജെപി തീരുമാനത്തിന്റെ ഭാഗമായാണ് കേന്ദ്രമന്ത്രിയുടെ സന്ദർശനം. ജില്ലാ കലക്ടർ വിളിച്ച സർവകക്ഷി യോഗവും ഇന്ന് ഉച്ചയ്ക്കു ശേഷം ചേരും. സമവായമുണ്ടാക്കി ബിജെപി നേതാക്കളെയും ചർച്ചയ്ക്കെത്തിക്കാനുള്ള ശ്രമം പുരോ​ഗമിക്കുന്നു.

Related posts

Leave a Comment