ത്രിപുരയിൽ വോട്ട് ചെയ്യാനെത്തിയ പൊലീസുകാരനെ ബിജെപിക്കാർ കുത്തി പരിക്കേൽപ്പിച്ചു

അഗർത്തല: ത്രിപുരയിൽ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പോളിങ് ബൂത്തിലേക്ക് പോയ പൊലീസുകാരനെ പട്ടാപ്പകൽ ബിജെപിക്കാർ കുത്തിപ്പരിക്കേൽപ്പിച്ചു. അഗർത്തല നിയോജക മണ്ഡലത്തിലെ കുഞ്ഞബൻ പ്രദേശത്ത് താമസിക്കുന്ന 54 കാരനായ സമീർ സാഹക്കാണ് പരിക്കേറ്റത്. അഗർത്തലയിലെ അഭോയ് നഗറിലാണ് സംഭവം. പൊലീസുകാരനെ ഗോവിന്ദ് ബല്ലഭ്പന്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമികൾ ബി.ജെ.പി അനുഭാവികളാണെന്ന് മുൻ സി.പി.എം എം.എൽ.എ ലളിത് മോഹൻ ത്രിപുരയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ കൂടിയായ പരിക്കേറ്റ പൊലീസുകാരൻ ആരോപിച്ചു.
വോട്ട് രേഖപ്പെടുത്താൻ പോകുകയായിരുന്ന പിതാവിനെ ഒരു സംഘം അക്രമികൾ തടഞ്ഞു നിർത്തുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥന്റെ മകൻ സമർ സാഹ പറഞ്ഞു. തുടർന്ന്, അക്രമികളെ മറികടന്ന് പോളിങ് ബൂത്തിലേക്ക് നീങ്ങിയ പിതാവിന്റെ വയറ്റിൽ ആയുധം കൊണ്ട് കുത്തി അക്രമികൾ ഓടി രക്ഷപ്പെട്ടെന്നും സമർ സാഹ കൂട്ടിച്ചേർത്തു. പോളിങ് ബൂത്തുകളിലേക്ക് പോകുന്ന വോട്ടർമാരെ ബി.ജെ.പിയുടെ ഗുണ്ടകൾ പാതിവഴിയിൽ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണെന്ന് ടി.എം.സിയുടെ അഗർത്തല സ്ഥാനാർഥി പന്ന ദേബ് ആരോപിച്ചു.
ത്രിപുരയിലെ അഗർത്തല, ടൗൺ ബോർഡ്വാലി, സുർമ, ജബരാജ്നഗർ എന്നീ നാല് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് കനത്ത സുരക്ഷാ സന്നാഹങ്ങളോടെയാണ് നടക്കുന്നത്. ബി.ജെ.പി എം.എൽ.എമാരായിരുന്ന സുദീപ് റോയ് ബർമാനും ആശിഷ് സാഹയും ഫെബ്രുവരിയിൽ രാജിവച്ച് കോൺഗ്രസിൽ ചേർന്നതിനെ തുടർന്നാണ് അഗർത്തല, ടൗൺ ബർദോവാലി മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ബി.ജെ.പി നിയമസഭാംഗമായ ആശിഷ് ദാസിനെ സ്പീക്കർ രത്തൻ ചക്രവർത്തി അയോഗ്യനാക്കിയതിനെ തുടർന്നാണ് ധലായ് ജില്ലയിലെ സുർമ സീറ്റിൽ തിരഞ്ഞെടുപ്പ് നടന്നത്. സി.പി.എം എം.എൽ.എ രാമേന്ദ്ര ചന്ദ്ര ദേബ്‌നാഥിന്റെ മരണത്തെ തുടർന്നാണ് ജുബരാജ്‌നഗറിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്.

Related posts

Leave a Comment