കേരളം പിടിക്കാൻ ബിജെപി ഒഴുക്കിയത് 29.24 കോടി രൂപ

ന്യൂഡൽഹി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് അഞ്ചു സംസ്ഥാനങ്ങളിലായി ബിജെപി ഒഴുക്കിയത് 252,02,71,753 രൂപ. തെരഞ്ഞെടുപ്പ് കമ്മിഷനു സമർപ്പിച്ച കണക്കിലാണ് ഈ വിവരങ്ങളുള്ളത്. എന്നാൽ യഥാർഥ കണക്കിൽ ഇതിന്റെ പല ഇരട്ടി ചെലവഴിച്ചിട്ടുണ്ട്. ഇത്രയും പണമൊഴുക്കിയിട്ടും അവർക്ക് ഭരണം നേടാനായത് അസമിലും പുതുച്ചേരിയിലും മാത്രം. രണ്ടര ശതമാനം മാത്രം വോട്ട് നേടിയ തമിഴ്നാട്ടൽ ബിജെപി ചെലവഴിച്ചത് 22.57 കോടി രൂപ. കേരളത്തിൽ 29.24 കോടി രൂപ ചെലവഴിച്ചു. സംസ്ഥാനത്തു ഭരണം പിടിക്കുമെന്നു വീമ്പിളക്കിയ ബിജെപിക്ക് ആകെയുണ്ടായിരുന്ന ഒരു സീറ്റും നഷ്ടമായി.
പശ്ചിമ ബം​ഗാളിലാണ് ഏറ്റവും കൂടുതൽ പണമൊഴുക്കിയത്. 151 കോടി രൂപ. അവിടെ അധികാരത്തിലെത്താൻ കിണഞ്ഞു ശ്രമിച്ച ബിജെപിക്ക് തെരഞ്ഞെടുപ്പിനു ശേഷം നിലം തൊടാനായിട്ടില്ല. അസമിൽ 43.81 കോടി രൂപയും പുതുച്ചേരിയിൽ 4.74 കോടി രൂപയും ചെലവഴിച്ചു.
കേരളത്തിൽ ഒരു നിയോജക മണ്ഡലത്തിൽ ഒരു കോടി മുതൽ രണ്ട് കോടി രൂപ വരെ ചെലവഴിച്ചിട്ടുണ്ടെന്ന് ബിജെപി നേതാക്കൾ തന്നെ സമ്മതിക്കുന്നു. കൊടകര കുഴൽപ്പണം ഇടപാട് അതിന്റെ ചെറിയൊരു അംശം മാത്രമാണ്. കേന്ദ്രത്തിൽ നിന്നു തങ്ങൾക്ക് അനുവദിച്ച പണം സ്വന്തം മണ്ഡലങ്ങളിലേക്കു തരാതെ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ കിങ്കരന്മാർ മുക്കിയെന്നു ബിജെപിയുടെ തന്നെ പല സ്ഥാനാർഥികളും അരോപിച്ചിട്ടുമുണ്ട്. ഇതെല്ലാം വച്ചു നോക്കുമ്പോൾ കേരളത്തിൽ മാത്രം ബിജെപി നൂറു കോടിയിലധികം രൂപ ചെയലവഴിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്.

Related posts

Leave a Comment