ബിജെപിയിൽ തമ്മിൽ തല്ല് രൂക്ഷം ; കൂട്ടത്തോടെ പാർട്ടി വിടാനൊരുങ്ങി നേതാക്കൾ

കൊല്ലം: കുന്നത്തൂരിൽ ബിജെപി നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിടാൻ തയ്യാറെടുക്കുന്നു. മണ്ഡലത്തിലെ നേതാക്കളുടെ പ‌ടലപ്പിണക്കളുടെ തു‌ടർച്ചയായാണ് ഒരു സംഘം നേതാക്കൾ പാർട്ടി വിട്ട് ഇടത് മുന്നണിയിലേക്ക് ചേക്കാറാൻ ഒരുങ്ങുന്നത്. ഇതിന്റെ ഭാ​ഗമായി കഴിഞ്ഞ ദിവസം മണ്ഡലത്തിലെ നേതാക്കളുടെ ​ഗ്രൂപ്പ് യോ​ഗം പടിഞ്ഞാറെ കല്ലടയിൽ ചേർന്നിരുന്നു. മണ്ഡലത്തിലെ പടലപ്പിണക്കങ്ങളുടെ ഭാ​ഗമായാണ് പാർട്ടി വിടാൻ ഒരുങ്ങുന്നത് എങ്കിലും സംസ്ഥാന തലത്തിൽ ബിജെപിക്കേറ്റ തിരിടച്ചടിയും, ഇടത് മുന്നണിയുടെ ഭാ​ഗമായാൽ ലഭിക്കുന്ന സാധ്യതകളുമാണ് യോ​ഗത്തിൽ പ്രധാനമായും ചർച്ചയായത് എന്നാണ് ലഭിക്കുന്ന വിവരം.

പടിഞ്ഞാറെ കല്ലടയി ലെ ബിജെപി നേതാവിന്റെ വീട്ടിൽ വെച്ചായിരുന്നു ബുധനാഴ്ച്ച ഉച്ചക്ക് രണ്ട് മുപ്പതിന് യോഗം കൂടിയത്. കുന്നത്തൂർ താലൂക്കിൽ ഉള്ള പലരെയും ഗ്രൂപ്പ്‌ യോഗത്തിന് വിളിച്ചു എങ്കിലും പലരും സഹകരിച്ചില്ല. നിലവിലെ താലൂക്ക് സമിതിയെ അസ്ഥിരപെടുത്താനുള്ള നീക്കമാണ് ഇവർ നടത്തുന്നതെന്നാണ് ഔദ്യോ​ഗിക പക്ഷത്തിന്റെ വിശദീകരണം. നിലവിലെ മണ്ഡലം കമ്മിറ്റിയിലുള്ള ഭാരവാ​ഹി അടക്കം പത്തോളം നേതാക്കളാണ് യോ​ഗം ചേർന്ന് പാർട്ടി വിടുന്നതിനും സിപിഎമ്മിന്റെ ഭാ​ഗമാകുന്നതിനും ആലോചിച്ചത്. സിപിഎമ്മിലോേ സിപിഐയിലോ ചേർന്ന് പ്രവർത്തിക്കാനാണ് ധാരണ. ഏത് പാർട്ടിയാണ് മികച്ച ഓഫർ നൽകുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാകും അന്തിമ തീരുമാനം.

കഴിഞ്ഞ നിയമസഭതിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപന ദിവസം ഡി വൈ എഫ് ഐ പ്രവർത്തകരും ആയി ഉള്ള വാക്ക് തർക്കത്തെ തുടർന്ന് മണ്ഡലത്തിൽ നിന്നുള്ള സംസ്ഥാന കൗൺസിൽ അം​ഗത്തിന് ​ഗുരുതരമായ പരിക്കേറ്റിരുന്നു. നിയമപരമായ സഹായങ്ങൾ മാത്രമാണ് അദ്ദേഹത്തിന് പാർട്ടി നേതൃത്വത്തിൽ നിന്നും ലഭിച്ചത്. ചികിത്സയുടെ ഭാ​ഗമായി ലക്ഷക്കണക്കിന് രൂപ ഇദ്ദേഹത്തിന് ചിലവായിരുന്നു. എന്നാൽ, സാമ്പത്തിക സഹായം നൽകാൻ പാർട്ടി നേതൃത്വം തയ്യാറായില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേതാക്കൾ കോടികൾ പോക്കറ്റിലാക്കിയപ്പോൾ പാർട്ടിക്ക് വേണ്ടി തല്ലുകൊണ്ട തന്നെ സഹായിച്ചില്ല എന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു ​ഗ്രൂപ്പ് യോ​ഗം.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിച്ച വിജയ യാത്രയിൽ ഇദ്ദേഹം സഹകരിച്ചില്ലരുന്നില്ല.എന്ന് മാത്രം അല്ല, പ്രവർത്തകരെ പരിപാടിയിൽ നിന്നും വിട്ട് നിൽക്കാൻ രഹസ്യം നീക്കം നടത്തിയിരുന്നു എന്നും എതിർ ചേരി ആരോപിക്കുന്നു. എന്നാൽ വിജയ യാത്രയുടെ വൻ വിജയത്തെ തുടർന്ന് വീണ്ടും പാർട്ടിയിൽ സജീവം ആയി. പക്ഷെ തിരഞ്ഞെടുപ്പിന്റെ യാതൊരു സാമ്പത്തിക കാര്യങ്ങളും ഇദ്ദേഹത്തെ ഏല്പിക്കാത്തതിനെ തുടർന്നു ആണ് അകൽച്ച തുടങ്ങിയത് എന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

അതിനിടെ, ഈ സംസ്ഥാന കമ്മിറ്റി അം​ഗത്തിന്റെ അനന്തിരവനും യുവമോർച്ച മണ്ഡലം ഭാരവാഹിയായ നേതാവും പാർട്ടിയിൽ നിന്നും രാജിവെച്ചു. നിലവിൽ മറ്റൊരു പാർട്ടിയിലേക്കും പോകുന്നില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു എങ്കിലും പാർട്ടിയിലെ അസംതൃപ്തർ എടുക്കുന്ന പൊതുതീരുമാനത്തിനൊപ്പം നിൽക്കുമെന്നാണ് സൂചന.

Related posts

Leave a Comment