ഇനി ബി ജെ പി മുക്ത ഭാരതം ; വീക്ഷണം എഡിറ്റോറിയൽ

കര്‍ഷക സമരത്തിന്റെ വിജയം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ ഫലങ്ങള്‍ സൃഷ്ടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുവരെ പ്രത്യാഘാതം നീണ്ടുനില്‍ക്കുമെന്നും അവര്‍ കരുതുന്നു. സാധ്യമല്ലെന്ന് തോന്നിയ പ്രതിപക്ഷ ഐക്യത്തിന് സാധ്യത വര്‍ധിച്ചിരിക്കുന്നു. കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് പ്രഖ്യാപിച്ച സി പി എം പോലും കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി ബി ജെ പിക്കെതിരെ പൊരുതാനാവില്ലെന്ന് പറയുന്നു. കഴിഞ്ഞ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് കിട്ടിയ കോണ്‍ഗ്രസ് കുറഞ്ഞ സീറ്റുകളുള്ള ജനതാദള്‍ എസിന് മുഖ്യമന്ത്രി സ്ഥാനം നല്‍കിക്കൊണ്ട് ബി ജെ പിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തിയ മഹാമനസ്‌കത ഓര്‍ക്കേണ്ടതാണ്. അന്ന് കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കിയില്ലായിരുന്നെങ്കില്‍ ബി ജെ പി മന്ത്രിസഭ രൂപീകരിക്കുമായിരുന്നു. എം എല്‍ എമാര്‍ക്ക് കോടികള്‍ നല്‍കിയായിരുന്നു പിന്നീട് കര്‍ണാടക ഭരണം ബി ജെ പി പിടിച്ചെടുത്തത്. അന്ന് കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രതിപക്ഷത്തെ മുഴുവന്‍ മുഖ്യമന്ത്രിമാരും നേതാക്കളും പങ്കെടുത്തിരുന്നു. കോണ്‍ഗ്രസ് നയിക്കുന്ന പ്രതിപക്ഷ മുന്നണിയായിരിക്കും ബി ജെ പിയെ നേരിടുക എന്ന കാര്യത്തില്‍ സംശയമില്ല. അധികാരത്തില്‍ നിന്ന് പുറത്തുപോയെങ്കിലും മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തന്നെയാണ് ബി ജെ പിയുടെ പ്രധാന പ്രതിയോഗി. ബി ജെ പി വിരുദ്ധരായ പ്രതിപക്ഷ പ്രാദേശിക പാര്‍ട്ടികള്‍ക്ക് കോണ്‍ഗ്രസിനെ സഹായിക്കുക മാത്രമേ കരണീയമായിട്ടുള്ളൂ. ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയും ബിഹാറില്‍ ആര്‍ ജെ ഡിയും തമിഴ്‌നാട്ടില്‍ ഡി എം കെയും ഈ സഖ്യത്തില്‍ ശക്തമായ നെടുംതൂണുകളായിരിക്കും. ബംഗാളില്‍ മമതാ ബാനര്‍ജിയും ബി ജെ പി വിരുദ്ധചേരിയില്‍ അണിനിരക്കും. മഹാരാഷ്ട്രയില്‍ ശിവസേനയും എന്‍ സി പിയും കോണ്‍ഗ്രസിന്റെ കൂടെയുണ്ടാകുമെന്ന് കരുതാം. ആന്ധ്രയില്‍ വൈ എസ് ആര്‍ കോണ്‍ഗ്രസ്, തെലങ്കാനയില്‍ ചന്ദ്രശേഖര റാവുവും ഒഡീഷയില്‍ നവീന്‍ പട്‌നായികും തമിഴ്‌നാട്ടില്‍ അണ്ണാ ഡി എം കെയും ബി ജെ പി പക്ഷത്തുതന്നെയായിരിക്കും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രാദേശിക പാര്‍ട്ടികളില്‍ പലതും കേന്ദ്രം ഭരിക്കുന്ന കക്ഷിയെ പിന്തുണയ്ക്കുകയാണ് പതിവ്. ദുര്‍ബല ചേരിയായ ഇടതുപക്ഷ പാര്‍ട്ടികള്‍ക്കും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുക മാത്രമേ പോംവഴിയുള്ളൂ. കേരളത്തില്‍ മാത്രം ഭരണമുള്ള സി പി എമ്മിന് പഴയതുപോലെ കോണ്‍ഗ്രസിനെ തള്ളിപ്പറയാനാവില്ല. ബംഗാളിലോ ത്രിപുരയിലോ അടുത്തകാലത്തൊന്നും തിരിച്ചുവരാന്‍ ഇടതുപാര്‍ട്ടികള്‍ക്ക് സാധ്യമല്ല. കേരളം മാത്രമായിരിക്കും സി പി എമ്മിന്റെ ലോകം. പ്രതിപക്ഷ ഐക്യത്തിന്റെ കടിഞ്ഞാണ്‍ കോണ്‍ഗ്രസിന്റെ കൈകളില്‍ തന്നെയായിരിക്കും. രാഹുല്‍ഗാന്ധിയെപോലെയും പ്രിയങ്കയെപോലെയുമുള്ള ‘ക്രൗഡ്പുള്ളര്‍’ നേതാക്കള്‍ മറ്റ് പ്രതിപക്ഷ കക്ഷികള്‍ക്ക് ഇല്ലാത്തതിനാല്‍ മോദിയെ നേരിടാന്‍ രാഹുലിനും പ്രിയങ്കക്കും മാത്രമേ സാധിക്കുകയുള്ളൂ. ഇപ്പോഴും രാജ്യമെമ്പാടും സഞ്ചരിക്കുകയും ജനങ്ങളുമായി സംവദിക്കുകയും ചെയ്യുന്നത് അവര്‍ മാത്രമാണ്. കര്‍ഷകസമരവും ബി ജെ പിയുടെ മറ്റ് നയങ്ങളും രാജ്യത്ത് മുമ്പില്ലാത്തവിധം പ്രതിപക്ഷ ഐക്യം സാധ്യമാക്കിയിട്ടുണ്ട്. പാര്‍ലമെന്റിന് അകത്ത് മാത്രമല്ല, പുറത്തും ഈ ഐക്യം കാണാനാകും. രാഷ്ട്രീയ പാര്‍ട്ടികളല്ല കര്‍ഷകപ്രക്ഷോഭം നയിച്ചതെങ്കിലും മിക്ക പ്രതിപക്ഷ പാര്‍ട്ടികളും സമരത്തിന് വലിയ പിന്തുണയാണ് നല്‍കിപോന്നത്. പ്രതിപക്ഷ കക്ഷികളുടെ പിന്തുണയെ രാജ്യദ്രോഹമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചിരുന്നത്. രാഷ്ട്രീയ നേതൃത്വം തലപ്പത്തില്ലാത്തതിനാല്‍ കര്‍ഷകസമരം പരാജയപ്പെടുമെന്നായിരുന്നു ബി ജെ പിയുടെ കണക്കുകൂട്ടല്‍. സമരം നയിച്ച് പരിചയമില്ലാത്ത കര്‍ഷക സംഘടനകള്‍ പാതിവഴിവെച്ച് സമരം അവസാനിപ്പിച്ച് തിരിച്ചുപോകുമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ കരുതിയിരുന്നത്. പക്ഷെ ഒരുവര്‍ഷം നീണ്ടുനിന്ന സമരത്തിന് നിരക്ഷരരും ദരിദ്രരുമായ കര്‍ഷകര്‍ക്ക് സാധിച്ചത് വിസ്മയകരമാണ്. കര്‍ഷകസമരം സംഘടനാതലത്തിലും മുന്നണി തലത്തിലും ബി ജെ പിക്ക് വലിയ നഷ്ടങ്ങള്‍ സൃഷ്ടിക്കും. ദീര്‍ഘകാലം എന്‍ ഡി എയിലെ ഘടകകക്ഷിയായിരുന്ന അകാലിദള്‍ മുന്നണി വിട്ടത് പഞ്ചാബ്, ഹരിയാന, ഡല്‍ഹി സംസ്ഥാനങ്ങളില്‍ ബി ജെ പിയെ തളര്‍ത്തും. സിഖ്, ജാട്ട് സമുദായങ്ങള്‍ ബി ജെ പിയില്‍ നിന്നും അകന്നുപോയിരിക്കുന്നു. ഇതിനിടയില്‍ പ്രതിപക്ഷത്ത് നടക്കുന്ന ഐക്യനീക്കങ്ങളും ബി ജെ പിയ്ക്ക് കൂടുതല്‍ അലോസരം സൃഷ്ടിക്കും. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മുതല്‍ 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ ബി ജെ പിയെ സംബന്ധിച്ചിടത്തോളം പരീക്ഷണത്തിന്റെ നാളുകളായിരിക്കും.

Related posts

Leave a Comment