ദേശീയ പതാകയ്ക്ക് മുകളില്‍ വിരിച്ച ബിജെപി പതാക ;വിവാദം ഉയരുന്നു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്ങിന്റെ ഭൗതിക ശരീരത്തിന് മുകളില്‍ പുതപ്പിച്ച ദേശീയ പതാകയ്ക്ക് മുകളിൽ ബിജെപി പതാക വിരിച്ചത് വൻ വിവാദം. ദേശീയ പതാകയെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാക്കളും, പൊതുജനങ്ങളും രൂക്ഷവിമര്‍ശനമുയര്‍ത്തി.ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡ കല്യാണ്‍ സിങ്ങിന് ആദരാഞ്ജലി അര്‍പ്പിക്കുന്നതിന്റെ ചിത്രമാണ് പ്രചരിക്കുന്നത്. ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പ്രത്യക്ഷപ്പെട്ട ഈ ചിത്രത്തില്‍ ദേശീയ പതാകയ്ക്ക് മുകളിലായി ബിജെപി പതാക വിരിച്ചത് വ്യക്തമാണ്. ദേശീയ പാതകയ്ക്ക് മുകളില്‍ പാര്‍ട്ടി പതാക സ്ഥാപിക്കുന്നത് ശരിയാണോ എന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ബി.വി. ശ്രീനിവാസ് ചോദിച്ചു.ദേശീയ ഗാനം ആലപിക്കുമ്പോള്‍ എന്റെ ഹൃദയത്തില്‍ കൈവെച്ചതിന് നാല് വര്‍ഷത്തോളം കോടതിയില്‍ പോരാടേണ്ടി വന്ന ആളെന്ന നിലയില്‍, ഈ അപമാനത്തെ കുറിച്ച് ഭരണകക്ഷിക്ക് പറയാനുള്ളത് രാജ്യത്തെ അറിയിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.’രാഷ്ട്രത്തിന് മുകളിലുള്ള പാര്‍ട്ടി, ത്രിവര്‍ണ്ണ പതാകയ്ക്ക് മുകളിലുള്ള പതാക. ബിജെപി സാധാരണപോലെ തന്നെ. അവര്‍ക്ക് ഖേദമില്ല, പശ്ചാത്താപമില്ല, സങ്കടമില്ല’, സമാജ് വാദി പാര്‍ട്ടി വാക്താവ് ഘന്‍ശ്യാം തിവാരി പറഞ്ഞു.ഇതിനുമുന്പും പലതവണ ബിജെപി പതാക ദേശീയ പതാകക്ക് മുകളിൽ സ്ഥാപിച്ചതിനെ ചൊല്ലി വിവാദം ഉയർന്നിട്ടുണ്ട്.

Related posts

Leave a Comment