ആശിഷിലൂടെ ആവര്‍ത്തിക്കപ്പെടുന്ന ബി.ജെ.പി ഫ്യൂഡലിസം

ഗോപിനാഥ് മഠത്തിൽ

ന്ത്യന്‍ ജനാധിപത്യം ലജ്ജിച്ചു തലതാഴ്ത്തുന്ന സംഭവവികാസങ്ങളാണ് ലഖിംപൂര്‍ ഖേരിയില്‍ അടുത്തിടെ നടന്നത്. ഒന്നരവര്‍ഷത്തോടടുക്കുന്ന കര്‍ഷകസമരം ഇനിയും അനന്തമായി നീളുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ്മിശ്രയുടെ മകന്‍ ആശിഷ് മിശ്ര കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ക്കുക എന്നുപറഞ്ഞാല്‍ അതിന്റെയര്‍ത്ഥം ജനാധിപത്യത്തിന്റെ മറവില്‍ ബിജെപി നടത്തുന്ന ഫ്യൂഡല്‍ തന്ത്രമാണെന്നാണ്. ഇവിടെ പ്രധാനമായും ഉത്തരം പറയേണ്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിയും യുപി മുഖ്യമന്ത്രി ആദിത്യനാഥുമാണ്. അവര്‍ പിന്തുടര്‍ന്നു വരുന്ന രഹസ്യതീരുമാനങ്ങളുടെ പൂര്‍ത്തീകരണമാണ് കര്‍ഷകപ്രതിഷേധക്കാര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റലും വെടിവയ്പ്പും മറ്റും. മന്ത്രിയും മന്ത്രിപുത്രനും ഇക്കാര്യത്തില്‍ ഗുഢാലോചന നടത്തിയെന്നാണ് ടിക്കോണിയ പോലീസ് സ്റ്റേഷന്റെ എഫ്‌ഐആറിലുള്ളത്. എന്നാല്‍ ഈ സംഭവത്തില്‍ മന്ത്രിപുത്രനെ രക്ഷിച്ചെടുക്കാന്‍ അവസാനനിമിഷം വരെ കേന്ദ്ര-സംസ്ഥാന ബിജെപി സര്‍ക്കാര്‍ ആവതും ശ്രമിച്ചിരുന്നു. ഒടുവില്‍ ഇരുസര്‍ക്കാരുകളുടെയും സകല പ്രതിരോധനീക്കത്തെയും നിഷ്‌ക്രിയമാക്കിയാണ് അന്വേഷണം അതിന്റെ യഥാര്‍ത്ഥ പ്രതിയെ വന്ന് സ്പര്‍ശിച്ചിരിക്കുന്നത്. അതില്‍ സുപ്രീംകോടതിയുടെ തീരുമാനം വളരെ പ്രധാനമായിരുന്നു. സംഭവത്തില്‍ എത്രയും വേഗം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശില്‍നിന്ന് രണ്ട് അഭിഭാഷകര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു.കുറ്റവാളികള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ശിക്ഷാ നടപടി സ്വീകരിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കണമെന്നാണ് അഭിഭാഷകയായ ശിവ്കുമാര്‍ ത്രിപാഠി, സി.എസ്. പാണ്ഡെ എന്നിവര്‍ കത്തില്‍ ആവശ്യപ്പെട്ടത്. സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തോടൊപ്പം രാജ്യത്തുടനീളം നടന്ന വമ്പിച്ച പ്രക്ഷോഭത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ യുപി സര്‍ക്കാര്‍ ആശിഷ് മിശ്രയെ അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിതമായിരിക്കുന്നത്.
ഈ കേസില്‍ മന്ത്രി മകന്‍ ആശിഷ് മിശ്ര കൂടാതെ അജ്ഞാതരായ 15-ല്‍പ്പരം ആളുകളെയാണ് പ്രതിചേര്‍ത്തിട്ടുളളത്. ആശിഷും അയാളുടെ സഹായികളും മൂന്നുവാഹനങ്ങളില്‍ സംഭവ സ്ഥലത്ത് എത്തി എന്നാണ് എഫ്‌ഐആര്‍ പറയുന്നത്. കര്‍ഷകര്‍ക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനത്തിന്റെ ഇടതുഭാഗത്ത് ഇരിക്കുകയായിരുന്ന ആശിഷ് കര്‍ഷകര്‍ക്കുനേരെ വെടിയുതിര്‍ക്കുകയും അതിന്റെ ഫലമായി ഗുര്‍വിന്ദര്‍സിംഗ് സംഭവസ്ഥലത്തുവച്ചുതന്നെ മരിക്കുകയും ചെയ്തു. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന കര്‍ഷകരാണ് വാഹനമിടിച്ചുമരിച്ചത്. സംഭവത്തിനുശേഷം ആശിഷ് കരിമ്പുപാടം വഴി രക്ഷപ്പെടുകയായിരുന്നു. എഫ്‌ഐആറില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഈ വാക്കുകളെല്ലാം ഇന്ത്യയുടെ വര്‍ത്തമാന ഫ്യൂഡല്‍ ചരിത്രത്തിലെ കറുത്ത അധ്യായങ്ങള്‍ മാത്രമാണ്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ കോണ്‍ഗ്രസ്സിലെ പ്രിയങ്കാഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ തടഞ്ഞതും അറസ്റ്റു ചെയ്തതും മറ്റും ബിജെപിയുടെ അതേ ഫ്യൂഡല്‍ നയത്തിന്റെ മറ്റൊരു വകഭേദമായി വേണം കരുതേണ്ടത്. ജനാധിപത്യത്തില്‍ സ്വാര്‍ത്ഥപൂര്‍ണ്ണമായ ഫ്യൂഡലിസത്തിന്റെ കൈവഴി വെട്ടുക എന്നത് ബിജെപി ഇതുവരെ പിന്തുടര്‍ന്നുവന്ന ശൈലിയാണ്. ആ ശൈലിയുടെ തുടര്‍ച്ചയാണ് കര്‍ഷകസമരത്തെ ഗിന്നസ് ബുക്കില്‍ എത്തിക്കത്തക്കവിധം യാതൊരു ചര്‍ച്ചയും പരിഹാരവും സൃഷ്ടിക്കാതെ കേന്ദ്രസര്‍ക്കാര്‍ മനഃപൂര്‍വ്വം നീട്ടിക്കൊണ്ടുപോകുന്നത്. രാജ്യത്തെ കര്‍ഷകരെയും അധ്വാനത്തെയും ഒരു തരത്തിലും അംഗീകരിക്കാതെ അവരെ തെരുവോരങ്ങളില്‍ കൊണ്ട്‌ചെന്നെത്തിക്കുകയും വാഹനം ഇടിച്ചും വെടിവെച്ചും കൊല്ലുന്ന ബിജെപി ധാര്‍ഷ്ട്യഭരണത്തിനെതിരെ പ്രതിപക്ഷ കൂട്ടായ്മ ഉണ്ടാകുകയും സമരമുന്നേറ്റങ്ങള്‍ ഉണ്ടാകുകയും ചെയ്യേണ്ടത് ഇപ്പോള്‍ കാലത്തിന്റെ ആവശ്യമായി തീര്‍ന്നിരിക്കുന്നു. കര്‍ഷകസമരം എണ്ണ തീര്‍ന്ന് സ്വയം കെട്ടടങ്ങുന്ന ദീപമായി മാറുമെന്ന് ബിജെപി ആശ്വസിച്ചിരുന്നപ്പോഴാണ് അപ്രതീക്ഷിതമായി ലഖിംപുര്‍ ഖേരി ദുരന്തമുണ്ടായത്. മാത്രവുമല്ല, കര്‍ഷകസമരത്തെ പശ്ചിമയുപിയില്‍ മാത്രമായി ഒതുക്കി നിര്‍ത്താമെന്നും ബിജെപി പ്രത്യാശിക്കുകയും ചെയ്യുന്നു. അതാണിപ്പോള്‍ വമ്പിച്ച പ്രഹരമായി പരിണമിച്ചിരിക്കുന്നത്. ബിജെപി രാഷ്ട്രീയത്തെ എന്നും സജീവമാക്കത്തക്കവിധം വേണ്ടുന്ന ഊര്‍ജ്ജം സന്ദര്‍ഭത്തിനനുസരിച്ച് പകര്‍ന്നുനല്‍കുന്ന വിഭാഗമാണ് യുപിയിലെ ബ്രാഹ്മണസമൂഹം. അതില്‍ ഉള്‍പ്പെടുന്ന പ്രമുഖനേതാവാണ് കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ്മിശ്ര. അച്ഛന്‍ മിശ്രയേയും മകന്‍ മിശ്രയേയും ഈ സന്നിഗ്ധ ഘട്ടത്തില്‍ കൈവിടുക എന്നാല്‍ യുപി രാഷ്ട്രീയത്തില്‍ ബിജെപിയെ സംബന്ധിച്ച് ആത്മഹത്യാപരമായിരിക്കും. ആറ് ജില്ലകളും 47 നിയമസഭാമണ്ഡലങ്ങളും ഉള്‍പ്പെടുന്ന തേരായി മേഖലയിലെ രാഷ്ട്രീയ സമവാക്യങ്ങളുടെ മാറ്റിമറിച്ചിലുകള്‍ യുപി രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമാക്കുന്നത് ബ്രാഹ്മണേതര കര്‍ഷകകുടുംബങ്ങളാണ്. ഇതില്‍ ആര്‍ക്കൊപ്പം ശക്തിയുക്തം നിലകൊള്ളണമെന്നറിയാതെ ചെകുത്താനും കടലിനുംമധ്യേ പെട്ടിരിക്കുകയാണ് തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സാഹചര്യത്തില്‍ യുപിയിലെ ബിജെപി രാഷ്ട്രീയം. 2017-ല്‍ മധ്യപ്രദേശിലെ മാണ്ഡ്‌സോറില്‍ കര്‍ഷകര്‍ക്ക് നേരെയുണ്ടായ വെടിവയ്പ്പ് ശിവരാജ് സിംഗ് ചൗഹാന്‍ മന്ത്രിസഭയുടെ പതനത്തിന് കാരണമായ ഒരുവലിയ പാഠം ബിജെപിക്ക് മുന്നിലുണ്ട്.അത് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാര്യത്തില്‍ ആവര്‍ത്തിക്കപ്പെടുമോ എന്നാണ് കണ്ടറിയേണ്ടത്. അഥവാ അങ്ങനെയത് സംഭവിച്ചാല്‍ ബിജെപിയുടെ ഫ്യൂഡല്‍ ചിന്താഗതിക്കേറ്റ കനത്ത തിരിച്ചടിയായി വേണം കരുതേണ്ടത്.

വാല്‍ക്കഷണം:
ഇന്ത്യന്‍ പൊതുമേഖലയുടെ നട്ടെല്ലായി കരുതിയിരുന്ന എയര്‍ ഇന്ത്യ സ്വകാര്യമേഖലയിലേക്ക് പോകുന്നതോടെ 1953-ല്‍ ഈ മേഖലയില്‍ സര്‍ക്കാര്‍ പുലര്‍ത്തിവന്ന ആധിപത്യം അവസാനിക്കുന്നു. റെയില്‍വേയും എല്‍ഐസിയും ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വ്വീസും പോലെ അത്യുന്നതിങ്ങളില്‍ പൊതമേഖലയുടെ ജീവശ്വാസമായി നിലനിന്ന എയര്‍ ഇന്ത്യ ഇനി മുതല്‍ ഇന്ത്യന്‍ ആകാശങ്ങളില്‍ പറക്കുക സ്വകാര്യ ചിറകുകളിലായിരിക്കും. അതിന് എന്തൊക്കെ ന്യായീകരണങ്ങള്‍ ആരൊക്കെ പറഞ്ഞാലും സാധാരണക്കാരനായ ഒരു ഇന്ത്യന്‍ പൗരന് ആദ്യം തോന്നുക പൊതുമേഖല വില്പനയുമായി മുന്നോട്ടുനീങ്ങുന്ന കേന്ദ്രസര്‍ക്കാരിന്റെ ദുര്‍വാശിയുടെ ഭാഗമാണ് ഇതെന്നാണ്. വലിയ കടം തീര്‍ക്കാന്‍ ഇല്ലത്തിന്റെ കഴുക്കോലുപോലും വിറകുവിലയ്ക്ക് വില്‍ക്കാന്‍ തയ്യാറാകുന്ന പഴയ ജന്മിയാണ് ഇവിടെ നരേന്ദ്രമോദി. ഇത് വിളംബരപ്പെടുത്തുന്നത് ഇന്ത്യയുടെ ഇപ്പോഴത്തെ സാമ്പത്തിക ചുറ്റുപാടുകള്‍ തന്നെയാണ്.

Related posts

Leave a Comment