റെയ്‌സിന കുന്നിലേക്ക് നീളുന്ന തീന്‍മേശ ചര്‍ച്ചകള്‍ ; ഇപ്പോഴത്തെ അവസ്ഥയില്‍ ബിജെപിയുടെ നോമിനി വീണ്ടും രാഷ്ട്രപതി സ്ഥാനത്തെത്താന്‍ കടമ്പകള്‍ നിരവധിയാണ്

ഷൈബിന്‍ നന്മണ്ട

കാലം 1989 നവംബര്‍. പൊതുതെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല; 197 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ജനവിധി പ്രതികൂലമായ സാഹചര്യത്തില്‍ വീണ്ടും സര്‍ക്കാര്‍ ഉണ്ടാക്കാനില്ലെന്ന് പ്രധാനമന്ത്രി രാജീവ്ഗാന്ധി പ്രഖ്യാപിക്കുന്നു. കോണ്‍ഗ്രസിന് ബദലായി വിശ്വനാഥ് പ്രതാപ്‌സിങ് കണ്‍വീനറും എന്‍ ടി രാമറാവും ചെയര്‍മാനുമായി രൂപംപ്രാപിച്ച ദേശീയ മുന്നണി, ബിജെപിയുടെയും സിപിഎമ്മിന്റെയും നേതാക്കളെ തീന്‍മേശയ്ക്ക് ചുറ്റുമിരുത്തി സര്‍ക്കാര്‍ രൂപീകരിക്കാന്‍ പദ്ധതി തയ്യാറാക്കുന്നു. അചിരേണ ബിജെപിയുടെയും സിപിഎമ്മിന്റെയും സംയുക്ത പിന്തുണയോടെ അവകാശവാദവുമായ് രാഷ്ട്രപതിയെ സന്ദര്‍ശിക്കുന്നു. ജനതാദള്‍-143, ബിജെപി-85, ഇടതുപാര്‍ട്ടികള്‍-52 എന്നിവ പ്രബല കക്ഷികള്‍. 84 ല്‍ കേവലം രണ്ട് സീറ്റു മാത്രം ലഭിച്ച ബിജെപിയാണ് 89 ല്‍ 84 സീറ്റുകളും 11.36 ശതമാനം വോട്ടും സ്വന്തമാക്കിയത് എന്നോര്‍ക്കണം.

കിഷന്‍കാന്തിനും മോഹന്‍ധാരിയയ്ക്കുമൊപ്പം ഒരുകാലത്ത് യുവതുര്‍ക്കിയായ് പേരെടുത്ത ദള്‍ നേതാവ് എസ് ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയാവാന്‍ കരുനീക്കുന്ന നാളുകള്‍; ബിജെപിക്കും സിപിഎമ്മിനും താത്പര്യം വി പി സിങിനെയാണ്. ഏതുവിധേനയും ചന്ദ്രശേഖറെ ഒഴിവാക്കണം. പാര്‍ലമെന്റിന്റെ സെന്റര്‍ഹാളില്‍ ചേര്‍ന്ന ദേശീയ മുന്നണി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ രസകരമായ നാടകം അരങ്ങേറുന്നു. അപ്രതീക്ഷിതമായ് വി പി സിങ് തന്നെ ദേവീലാലിന്റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചു. ലാല്‍ എഴുന്നേറ്റുനിന്ന് എല്ലാവര്‍ക്കും നന്ദി പറയുന്നു; പ്രധാനമന്ത്രി പദം ത്യജിക്കുന്നതായി അറിയിച്ച ശേഷം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയ്ക്ക് അനുസൃതമായി വി പി സിങിനെ പ്രധാനമന്ത്രിയായി പ്രഖ്യാപിക്കുന്നു. ദേവീലാല്‍ ഉപപ്രധാനമന്ത്രിയും.

സര്‍ക്കാറിന്റെ കര്‍മ്മ പരിപാടികള്‍ നിശ്ചയിച്ചത് ജനതാദള്‍, സിപിഎം, ബിജെപി, ടിഡിപി, ഡിഎംകെ, എജിപി തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കള്‍ ഒരുമിച്ചിരുന്നാണ്. സിങിന്റെ സാന്നിധ്യത്തില്‍ എ ബി വാജ്‌പേയി, ജ്യോതി ബസു, എല്‍ കെ അദ്വാനി, ഇ എം എസ്, എന്‍ ടി ആര്‍, എസ് ആര്‍ ബൊമ്മെ എന്നിവരുടെ അത്തായവിരുന്നുകള്‍ നിര്‍ണായക രാഷ്ട്രീയ തീരുമാനങ്ങള്‍ക്കുള്ള വേദിയായി. 85 സീറ്റു മാത്രമുണ്ടായിരുന്ന ബി ജെ പിയെ വൃദ്ധിയിലേക്കും സമൃദ്ധിയിലേക്കും നയിച്ച ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അനുക്രമാരോഹണത്തിന് വെള്ളവും വളവും നല്‍കിയത്, സാമൂഹ്യനീതിയുടെ മിശിഹയെന്ന് അനുയായികളാല്‍ വാഴ്ത്തപ്പെട്ട വി പി സിങും ഇടതുനേതാക്കളുമാണെന്നത് ചരിത്രത്തിന്റെ ദുര്യോഗം. ബിജെപി പിന്തുണയോടെ ഭരിച്ചതില്‍ സിങ് പിന്നീട് ഖേദിച്ചപ്പോഴേക്കും കാലം ഒരുപാട് വൈകിയിരുന്നു.

ദേശീയ നേതാക്കളുടെ ഇത്തരം അത്തായവിരുന്നുകള്‍, തീന്‍മേശാ ദൗത്യങ്ങള്‍ ഒരുപക്ഷെ രാഷ്ട്രീയദിശ തന്നെ തിരുത്തിക്കുറിച്ചേക്കാം. വേളികള്‍ക്ക് മാത്രമല്ല ഒരുപാട് സംബന്ധങ്ങള്‍ക്കും കാലസാക്ഷിയാണ് ഇന്ത്യന്‍ രാഷ്ട്രീയം. വൈവാഹിക ബന്ധം അനുവദനീയമല്ലാത്തവര്‍ക്ക് സംബന്ധം ചെയ്യാമെന്ന ആനുകൂല്യം പോലെയാണ് പരസ്യമായ് അസ്പൃശ്യത പുലര്‍ത്തുന്നവരോട് പോലും ബാന്ധവത്തിലേര്‍പ്പെടാവുന്ന സാഹചര്യം സൃഷ്ടിക്കല്‍. 89 ല്‍ മാത്രമല്ല 77ലും അത്തരം വേഴ്ചകള്‍ ദൃശ്യമായിരുന്നു. ജനതാപാര്‍ട്ടിയുമായ് സഹകരിച്ച് ജനസംഘമെന്ന ബിജെപിയുടെ പൂര്‍വരൂപം 77 സീറ്റുകള്‍ കരസ്ഥമാക്കിയത് അപ്രകാരമാണല്ലോ. പരിണതപ്രജ്ഞനായ ജയപ്രകാശ് നാരായണന്‍ തന്നെയാണ് ജനസംഘവുമായുള്ള അക്കാലത്തെ കൂടിയാലോചനകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചതെന്നത് വിരോധാഭാസം. 77 ജൂലൈയില്‍ നീലം സഞ്ജീവ റെഡ്ഡിയെ രാഷ്ട്രപതിയാക്കുന്നതില്‍ വരെയെത്തി ഈ കൂട്ടുചേരലിന്റെ രാഷ്ട്രീയ പരിണതി.

മതേതര രാഷ്ട്രീയത്തിന് ദോഷം വരുത്തിയ കൂട്ടുകെട്ടുകള്‍ക്ക് മാത്രമല്ല, ഗുണപരമായ മുന്നേറ്റങ്ങള്‍ക്കും നേതാക്കളുടെ അത്താഴ വിരുന്നുകള്‍ സഹായകരമാകാറുണ്ട്. 96 ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസ് പിന്തുണയോടെ സിപിഎം ജനറല്‍ സെക്രട്ടറി ഹര്‍ക്കിഷന്‍ സിങ് സുര്‍ജിത്തുള്‍പ്പെടെ സാധ്യമാക്കിയ ഐക്യമുന്നണി പരീക്ഷണങ്ങള്‍ അതിലൊന്നാണ്.

പൊതുമിനിമം പരിപാടിയുമായ് നേതാക്കള്‍ തീന്‍മേശകള്‍ക്ക് ചുറ്റം ഒത്തുചേരുന്നത് അക്കാലത്ത് പതിവായി. ദുര്‍ബലരായ രണ്ട് പ്രധാനമന്ത്രിമാരെയാണ് ഐക്യമുന്നണി സംഭാവന ചെയ്തതെങ്കിലും വര്‍ഗീയ ശക്തികളെ കുറച്ചുകാലത്തേക്കെങ്കിലും അകറ്റി നിര്‍ത്താന്‍ സാധിച്ചു. എന്നാല്‍ 2014-ല്‍ നാല് ഇടതുപാര്‍ട്ടികളും ബിജെഡി, ജെഡി-എസ്, എജിപി തുടങ്ങിയവയ്‌ക്കൊപ്പമുള്ള മൂന്നാം മുന്നണി ദയനീയ പരാജയമാകുന്ന കാഴ്ചയാണ് കണ്ടത്.

യുപിഎ മോഡല്‍ പരീക്ഷണം:

”ഇന്ത്യ തിളങ്ങുന്നു” എന്ന മുദ്രാവാക്യം മുഴക്കി കാടിളക്കി പ്രചാരണം നയിച്ച എ ബി വാജ്‌പേയിയെ വനവാസത്തിന് അയച്ച് 2004ല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സഖ്യം അധികാരം തിരിച്ചുപിടിച്ചത് ഇടതുപാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള പിന്തുണയിലാണ്. ഐക്യപുരോഗമന സഖ്യം സോണിയാഗാന്ധിയെ ചെയര്‍പേഴ്‌സണാക്കി. സോണിയ ആതിഥ്യം വഹിച്ച ചായ സത്കാരങ്ങള്‍ മുന്നണിയെ ഭദ്രമാക്കി. 2014ല്‍ ആണവ കരാറിന്റെ പേരില്‍ ഇടതുപാര്‍ട്ടികള്‍ പിന്തുണ പിന്‍വലിച്ച് മൂന്നാം ബദല്‍ ഉണ്ടാക്കിയിട്ടും യുപിഎയെ തുടര്‍ഭരണത്തിലെത്തിക്കാന്‍ സോണിയയും മന്‍മോഹന്‍സിങും ഉള്‍പ്പെടുന്ന നേതൃത്വത്തിന് കഴിഞ്ഞു.

പത്തുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം യുപിഎ മോഡല്‍ ബദല്‍സാധ്യതയിലേക്ക് വഴിതുറക്കുകയാണ് രാഹുല്‍ഗാന്ധി. രാഹുലിന്റെ ചായസത്കാരം ഛിന്നവും ശ്ലഥവുമായ് നിന്ന പ്രതിപക്ഷ നിരയെ ഒരുമിപ്പിച്ചു നിര്‍ത്തുന്നതായി. പെഗസസ് ഫോണ്‍ ചോര്‍ത്തല്‍, കര്‍ഷക പ്രക്ഷോഭം, കോവിഡ് പ്രതിരോധത്തിലെ വീഴ്ച, ഇന്ധനവിലക്കയറ്റം തുടങ്ങിയ വിഷയങ്ങളില്‍ പ്രതിപക്ഷ ഐക്യത്തിന്റെ ശൗര്യം പാര്‍ലമെന്റിന് അകത്തും പുറത്തും രാജ്യം കണ്ടു. ഭാവിയില്‍ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍ സി പി, വൈ എസ് ആര്‍ കോണ്‍ഗ്രസ്, ഡി എം കെ, ആര്‍ ജെ ഡി, ജെ എം എം, എസ് പി, നാഷണല്‍ കോണ്‍ഫ്രന്‍സ് തുടങ്ങിയ പാര്‍ട്ടികള്‍ ഒരേവേദിയില്‍ ഒത്തുചേരാനും ശിവസേനയും ഇടതുപാര്‍ട്ടികളും പുറമെ നിന്ന് പിന്തുണ നല്‍കാനുമുള്ള രാഷ്ട്രീയ സാഹചര്യമാണ് ഉരുത്തിരിയുന്നത്. അകലം പാലിക്കുന്ന ആം ആദ്മി പാര്‍ട്ടിക്കോ ബിജു ജനതാദളിനോ ബി എസ് പിക്കോ ടി ആര്‍ എസിനോ ദ്വന്ദധ്രുവ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെയോ ബി ജെ പിയുടെയോ ഏതെങ്കിലും പക്ഷം ചേരാതെ നിലനില്‍ക്കാന്‍ സാധിച്ചെന്നു വരില്ല. രാഹുലിന്റെ വിരുന്ന് സത്കാരം പ്രസരണം ചെയ്ത ചലനോര്‍ജ്ജത്തില്‍ ബിജെപിയെ നിദ്രാവിഹീനരാകുന്ന വേറെയും ഘടകങ്ങളുണ്ട്.

കണ്ണുകള്‍ റെയ്‌സിന കുന്നിലേക്ക്:

2024 ലെ പൊതുതെരഞ്ഞെടുപ്പിലേക്കല്ല, റെയ്‌സിന കുന്നിലെ രാഷ്ട്രപതി ഭവനിലേക്കാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണ്ണുകള്‍ നീളുന്നത്. റാംനാഥ് കോവിന്ദിന്റെ കാലാവധി അടുത്ത വര്‍ഷം ജൂലൈയില്‍ അവസാനിക്കും. ഇപ്പോഴത്തെ അവസ്ഥയില്‍ ബിജെപിയുടെ നോമിനി വീണ്ടും രാഷ്ട്രപതി സ്ഥാനത്തെത്താന്‍ കടമ്പകള്‍ നിരവധിയാണ്.

രാജ്യസഭയില്‍ എന്‍ഡിഎയ്ക്ക് തനിച്ച് ഭൂരിപക്ഷമില്ല. 2017 ല്‍ പ്രഥമ പൗരനെ തെരഞ്ഞെടുക്കുമ്പോള്‍ രാജസ്ഥാന്‍, ചത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, തമിഴ്‌നാട് ഭരണത്തില്‍ ബിജെപിയും സഖ്യകക്ഷികളുമായിരുന്നു. അവയെല്ലാം നഷ്ടപ്പെട്ടു. മധ്യപ്രദേശില്‍ ബിജെപിയും കോണ്‍ഗ്രസും വലിയ അന്തരമില്ല. യു പിയില്‍ ബിജെപി അധികാര ഭ്രഷ്ടരാവാനാണ് സാധ്യത. 2022 ല്‍ ഏഴില്‍ അഞ്ച് സംസ്ഥാനങ്ങളിലും രാഷ്ട്രപതി തെരഞ്ഞെടുപ്പിന് മുമ്പാണ് ജനവിധി; പഞ്ചാബിലോ ഉത്തരാഖണ്ഡിലോ ഗോവയിലോ മണിപ്പൂരിലോ ബിജെപിക്ക് ആശ്വസിക്കാന്‍ വകയില്ല. കര്‍ണാടക എപ്പോള്‍ വേണമെങ്കിലും വീഴാം. മുന്‍ സഖ്യകക്ഷികളായ സേനയും ശിരോമണി അകാലി ദളും എന്‍ഡിഎയില്‍ ഇന്നില്ല. നിതീഷ്‌കുമാറിന്റെ ജനതാദള്‍-യു ചഞ്ചല മാനസരാണ്; ചാഞ്ചാടിയേക്കാം. സര്‍വോപരി പ്രതിപക്ഷ പാര്‍ട്ടികളിലേറെയും യോജിച്ച് നില്‍ക്കുമെന്ന് രാഹുല്‍ഗാന്ധിയുടെ ചായസല്‍ക്കാരം ഉച്ഛൈസ്തരം വിളംബരം ചെയ്യുന്നു.

ലോക്‌സഭയിലെയും രാജ്യസഭയിലെയും സംസ്ഥാന നിയമസഭകളിലെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്കാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം. അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞാല്‍ ബിജെപിയുടെ അനുപാതം നാല്പത് ശതമാനത്തിന് താഴേക്ക് വീഴാനാണ് സാധ്യത. അപ്രകാരം വന്നാല്‍ അവരുടെ സ്ഥാനാര്‍ത്ഥിയ്ക്ക് വിജയിച്ചുവരുക എളുപ്പമാകില്ല.

ഇന്ത്യയുടെ ചരിത്രത്തില്‍ ഭരിക്കുന്ന പാര്‍ട്ടി പിന്തുണ നല്‍കിയ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ഒരു തവണ മാത്രമാണ് പരാജയം അറിഞ്ഞത്. ഔദ്യോഗിക സ്ഥാനാര്‍ത്ഥി നീലം സഞ്ജീവ റെഡ്ഡി ഇന്ദിരാഗാന്ധിയുടെ പിന്തുണയോടെ മത്സരിച്ച വി വി ഗിരിയ്ക്ക് മുമ്പില്‍ മുട്ടുകുത്തുകയായിരുന്നു. ഭരണമുന്നണിയുടെ നോമിനി ഇനിയൊരിക്കല്‍ക്കൂടി വീണാല്‍ അത് മോദി യുഗത്തിന്റെ അന്ത്യം കുറിക്കുമെന്ന് തീര്‍ച്ച.

ശിഷ്ടഭാഗം: ഇന്ത്യ-അമേരിക്ക ആണവകരാര്‍ അട്ടിമറിക്കാന്‍ ചൈനയ്ക്കുവേണ്ടി ഇടതുപാര്‍ട്ടികള്‍ പ്രവര്‍ത്തിച്ചതായി മുന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലയുടെ വെളിപ്പെടുത്തല്‍.
ക്വിറ്റിന്ത്യാ പ്രക്ഷോഭത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വഞ്ചിച്ചത് തെറ്റായിപ്പോയെന്ന് ബാസവ പുന്നയ്യയയും ഡാങ്കെയും രണദിബെയും നടത്തിയതുപോലൊരു കുറ്റസമ്മതം കാല്‍നൂറ്റാണ്ടു കഴിഞ്ഞ് സിപിഎമ്മിനും സിപിഐയ്ക്കും നടത്താവുന്നതേയുള്ളൂ!

Related posts

Leave a Comment