കൊച്ചി : മഹിള മോർച്ച ജില്ല സെക്രട്ടറിയെ മർദിച്ച സംഭവത്തിൽ പൊലീസ് അറസ്റ്റിന് വിധേയനായ വ്യക്തിയെ ബി.ജെ.പിയുടെ മണ്ഡലം പ്രസിഡൻറായി തെരഞ്ഞെടുത്ത് കൊച്ചിയിൽ പാർട്ടിക്കുള്ളിലെ വിഭാഗീയത ശക്തിപ്പെടുത്തുന്നു.ബി.ജെ.പി കൊച്ചി മണ്ഡലത്തിെൻറ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ശിവദത്ത് പുളിക്കൽ ജില്ല മഹിള മോർച്ച ജനറൽ സെക്രട്ടറി ലേഖ നായിക്കിനെ ആറുമാസം മുമ്ബ് മർദിച്ച സംഭവത്തിലാണ് അറസ്റ്റിലായത്.
മുണ്ടംവേലിയിൽ സ്വന്തം പുരയിടത്തിന് ചുറ്റുമതിൽ കെട്ടുന്നതിന് റിട്ട. അധ്യാപികയായ വീട്ടുടമയോട് രണ്ട് ലക്ഷം രൂപ കൈക്കൂലി ചോദിച്ചു എന്നതായിരുന്നു പുതിയ മണ്ഡലം പ്രസിഡൻറ് അടക്കമുള്ളവർക്കെതിരെ അന്ന് ഉയർന്ന ആരോപണം. അന്ന് ശിവദത്ത് മണ്ഡലം ട്രഷററായിരുന്നു. അധ്യാപികയിൽനിന്ന് വിവരമറിഞ്ഞ് സ്വന്തം പാർട്ടി പ്രവർത്തകരെ പിന്തിരിപ്പിക്കാൻ എത്തിയതായിരുന്നു ലേഖ.ലേഖ മഹിള മോർച്ച ജില്ല സെക്രട്ടറിയാണ് ഇപ്പോഴും. പാർട്ടിയിലെ ഗ്രൂപ്പിസമാണ് ഇത്തരം നേതാക്കൾക്ക് അധ്യക്ഷ പദവി നൽകിയതിന് പിന്നില്ലെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. സംസ്ഥാന പ്രസിഡൻറ് അടക്കമുള്ളവർക്ക് പരാതി നൽകാനുള്ള നീക്കത്തിലാണ് ഇവർ.