ഇറോട്ടിക് നോവലിസ്റ്റിനൊപ്പം ജീവിക്കാന്‍ ബിഷപ് രാജിവെച്ച സംഭവം ; ബിഷപ്പിന്‍റെ സ്വകാര്യതയെ മാനിക്കണമെന്ന് കര്‍ദിനാള്‍ ജുവാന്‍ ജോസ് ഒമെല്ല

മഡ്രിഡ്: സാത്താനിക്-ഇറോട്ടിക് നോവലിസ്റ്റിനൊപ്പം ജീവിക്കാൻ വൈദിക വൃത്തിയിൽ നിന്ന് രാജിവെച്ച സ്പാനിഷ് ബിഷപ്പിൻറെ സ്വകാര്യതയെ മാനിക്കണമെന്ന് സ്പാനിഷ് ബിഷപ്സ് കോൺഫറൻസ് അധ്യക്ഷൻ കർദിനാൾ ജുവാൻ ജോസ് ഒമെല്ല.അദ്ദേഹത്തിൻറെ കുടുംബത്തിൻറെയും സോൾസൊനയിലെ ചർച്ചിൻറെയും വേദന ഞാൻ പങ്കിടുന്നു. വർഷങ്ങളായി അദ്ദേഹത്തോടൊപ്പം നടന്ന കാറ്റലോണിയൻ വൈദിക സമൂഹത്തിൻറെ വേദനയും പങ്കുവെക്കുന്നു -മഡ്രിഡിൽ വാർത്തസമ്മേളനത്തിൽ കർദിനാൾ പറഞ്ഞു.എന്നാൽ, ഇതിനെ ആളുകൾ മറ്റ് പല രീതികളിലും വ്യാഖ്യാനിക്കുന്നത് വേദനാജനകമാണ്. ഒരാൾ സ്വന്തം കാരണങ്ങളാൽ പദവിയൊഴിയുമ്പോൾ അയാളുടെ സ്വകാര്യതയെ മാനിക്കേണ്ടതുണ്ട്. ക്ഷമാവായ്പ് തേടുന്ന പാപികളാണ് നാമെല്ലാം. വിശ്വാസ്യതയോടെ നിൽക്കുന്നവരെ നാം വിലമതിക്കുകയും വേണം.ബിഷപ്പിൻറെ തീരുമാനത്തിൽ താനും എല്ലാവരെയും പോലെ അങ്ങേയറ്റം ആശ്ചര്യപ്പെട്ടതായും വ്യക്തിപരമായ സഹായം വാഗ്ദാനം ചെയ്തിരുന്നുവെന്നും കർദിനാൾ പറഞ്ഞു.കാലത്തിൻറെ വലിയ വെല്ലുവിളികളോട് പ്രതികരിക്കുകയും എപ്പോഴും വിശാലമായ നോട്ടത്തോടെ ക്രിസ്തുവിൻറെ സുവിശേഷം പ്രഖ്യാപിക്കുകയും ചെയ്തുകൊണ്ട് ബിഷപ്പ് നോവൽ ബുദ്ധിപരവും ഉദാരവുമായ രീതിയിൽ തൻറെ ശുശ്രൂഷ വിനിയോഗിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഇറോട്ടിക് നോവലിസ്റ്റ് സിൽവിയ കബല്ലോളുമായി ഒരുമിച്ച്‌ ജീവിക്കുന്നതിനായി സ്പെയിനിലെ യുവ ബിഷപ് സേവ്യർ നോവൽ രാജിവെച്ചത് വിശ്വാസികൾക്കിടയിൽ വലിയ ചർച്ചക്ക് വഴിയൊരുക്കിയിരുന്നു. സോൾസൊനയിലെ ബിഷപ്പും അങ്ങേയറ്റം യാഥാസ്ഥിതികനുമായ സേവ്യർ നോവലാണ് കഴിഞ്ഞ മാസം രാജി പ്രഖ്യാപിച്ചത്. തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് ഇദ്ദേഹം പറഞ്ഞിരുന്നത്. എന്നാൽ, നോവലിസ്റ്റ് സിൽവിയ കബല്ലോളുമൊത്ത് ജീവിക്കാനായാണ് ബിഷപ് രാജിവെച്ചതെന്ന് കഴിഞ്ഞ ദിവസം തദ്ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.സ്പെയിനിലെ ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പായ സേവ്യർ നോവൽ 2010ൽ 41ാം വയസിലാണ് ഈ സ്ഥാനത്തെത്തിയത്. കാറ്റലോണിയൻ മേഖലയായ സോൾസോനയിലെ ബിഷപ്പായാണ് ചുമതലയേറ്റത്. ഒഴിപ്പിക്കൽ ക്രിയകൾക്ക് പേരുകേട്ട ബിഷപ്പ് സ്വവർഗാനുരാഗികളെ പരിവർത്തനം ചെയ്യിപ്പിക്കുന്നതിനായും ഇടപെട്ടിരുന്നു. കാറ്റലോണിയൻ സ്വാതന്ത്ര്യം, സ്വവർഗരതി തുടങ്ങിയ വിഷയങ്ങളിൽ ബിഷപ്പിൻറെ നിലപാടുകൾ പലപ്പോഴും വിവാദമായിരുന്നു.ലൈംഗികാതിപ്രസരം നിറഞ്ഞ സാത്താനിക്-ഇറോട്ടിക് നോവലുകളെഴുതുന്ന സിൽവിയ കബല്ലോളുമായി ബിഷപ് ഒരുമിച്ചു ജീവിക്കാനൊരുങ്ങുകയാണെന്ന വാർത്ത തികച്ചും അപ്രതീക്ഷിതമായാണ് പുറത്തുവന്നത്. വിവാഹമോചിതയായ ഇവർ രണ്ടു കുട്ടികളുടെ അമ്മയും സൈക്കോളജിസ്റ്റുമാണ്. റിലീജിയൻ ഡിജിറ്റൽ എന്ന വെബ് പോർട്ടലാണ് ഇരുവരെയും കുറിച്ചുള്ള വാർത്ത പുറത്തുവിട്ടത്.

Related posts

Leave a Comment