കന്യാസ്ത്രീയെ മാനഭം​ഗപ്പെടുത്തിയ കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തൻ

കോട്ടയം: കന്യാസ്ത്രീയെ മാനഭം​ഗപ്പെടുത്തി എന്ന കേസിൽ ജലന്ധർ രൂപതാ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി കുറ്റവിമുക്തനാക്കി. അഡിഷണൽ സെഷൻസ് ജഡ്ജി ജി. ​ഗോപകുമാറാണു വിധി പറഞ്ഞത്.

വിധിപ്രസ്താവം അറിയാൻ ബിഷപ് ഫ്രാങ്കോയും അടുത്ത ചില ബന്ധുക്കളും സുഹൃത്തുക്കളും കോടതിയിൽ ഹാജരായിരുന്നു.

ദേശീയ തലത്തിൽ ശ്രദ്ധ പിചിച്ചുപറ്റിയ കേസാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരായ ബലാത്സംഗക്കേസ്. ബിഷപ്പിനെതിരേ
ഏഴ് ക്രിമിനൽ കുറ്റങ്ങളാണു ചുമത്തപ്പെട്ടത്. അതിലെ ശിക്ഷകളിങ്ങനെ: ചുമത്തപ്പെട്ട കുറ്റങ്ങളും ലഭിക്കാമായിരുന്ന പരമാവധി ശിക്ഷയും ചുവടെ. മുഴുവൻ വകുപ്പുകളും നിലനിൽക്കില്ലെന്നു കോടതി കണ്ടെത്തി.

മേലധികാരം ഉപയോഗിച്ച് ലൈംഗിക പീഡനം (കുറഞ്ഞ ശിക്ഷ പത്ത് വർഷം ജയിൽശിക്ഷ, പരമാവധി ശിക്ഷ ജീവപര്യന്തം, കൂടെ പിഴയും )
ആവർത്തിച്ചുള്ള ബലാൽസംഗം ( കുറഞ്ഞ ശിക്ഷ പത്ത് വർഷം ജയിൽശിക്ഷ, പരമാവധി ശിക്ഷ ജീവപര്യന്തം, കൂടെ പിഴയും )
അധികാര ദുർവിനിയോഗത്തിലൂടെ ലൈംഗിക ചൂഷണം ( കുറഞ്ഞ ശിക്ഷ അഞ്ച് വർഷം ജയിൽശിക്ഷ, പരമാവധി ശിക്ഷ പത്ത് വർഷം വരെ കഠിനതടവ് )
പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം ( കുറഞ്ഞ ശിക്ഷ പത്ത് വർഷം ജയിൽശിക്ഷ, പരമാവധി ശിക്ഷ ജീവപര്യന്തം, കൂടെ പിഴയും )
അന്യായമായ തടഞ്ഞുവെയ്ക്കൽ ( ഒരുവർഷം വരെ തടവും പിഴയും )
സ്ത്രീകൾക്കെതിരായ അതിക്രമം ( രണ്ട് വർഷം വരെ തടവും പിഴയും )
ഭീഷണിപ്പെടുത്തൽ ( ഏഴ് വർഷം വരെ ജയിൽശിക്ഷ )

2014 മുതൽ 2016 വരെ 13 തവണ കുറവിലങ്ങാട് മഠത്തിൽ വച്ച് ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ ബലാൽസംഗം ചെയ്തുവെന്നതാണ് കേസ്. ഫ്രാങ്കോ തന്നെ പലവട്ടം പീഡിപ്പിച്ചുവെന്ന് മദർ സുപ്പീരിയറിന് പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീ 2018 മാർച്ച് 26ന് പരാതി നൽകി. കോടനാട് വികാരിയുടെ നേതൃത്വത്തിൽ അനുരഞ്ജന ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. ജൂൺ 7ന് കന്യാസ്ത്രീ ജില്ലാ പൊലീസ് മേധാവിയായിരുന്ന ഹരിശങ്കറിന് പരാതി നൽകി. 21 ദിവസങ്ങൾക്ക് ശേഷം ജൂൺ 28നാണ് പൊലീസ് കേസിൽ എഫ്ഐആർ ഇടുന്നത്. കേസന്വേഷണ ചുമതല വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്. ജൂലൈ ഒന്നിന് കന്യാസ്ത്രീയുടെ മൊഴിയെടുത്തു. 2018 ജൂലൈ 5ന് ചങ്ങനാശ്ശേരി മജിസ്‌ട്രേറ്റിനു മുന്നിൽ പരാതിക്കാരിയായ കന്യാസ്ത്രീ രഹസ്യ മൊഴി നൽകി.
ജൂലൈ 7ന് ദേശീയ വനിത കമ്മീഷൻറെ ഇടപെടലുണ്ടാവുന്നു. ദേശീയ വനിത കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ മഠത്തിലെത്തി കന്യാസ്ത്രീയെ കണ്ടു. ജൂലൈ 8ന് കന്യാസ്ത്രീയുടെ ബന്ധുക്കൾ ബിഷപ്പിനെ ഭീഷണിപ്പെടുത്തിയെന്ന് സാക്ഷി സിജോയുടെ മൊഴി. ഇത് വ്യാജമെന്ന് കണ്ടെത്തി പിന്നീട് തള്ളി.

ജൂലൈ 14ന് അന്വേഷണസംഘം പാലാ ബിഷപ്പിൻറെ മൊഴിയെടുത്തു. കന്യാസ്ത്രീ വാക്കാൽ പരാതി പറഞ്ഞെന്നായിരുന്നു ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിൻറെ മൊഴി. പിന്നാലെ കേസിൽ നിന്ന് പിൻമാറാൻ കന്യാസ്ത്രീമാരേയും ബന്ധുക്കളേയും സ്വാധീനിക്കാൻ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള ശ്രമങ്ങളുണ്ടായി. 2018 ജൂലൈ 25ന് കേസിൽ നിന്ന് പിൻമാറാൻ രൂപത അധികാരികൾ അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്തതായി കന്യാസ്ത്രീയുടെ സഹോദരൻ വെളിപ്പെടുത്തി. ജൂലൈ 30ന് കർദിനാൾ ജോർജ്ജ് ആലഞ്ചേരിയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. ഓഗസ്റ്റ് പത്തിന് അന്വേഷണസംഘം ജലന്ധറിലെത്തി. 13ന് ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്തു.

ഓഗസ്റ്റ് 28ന് തന്നെ വധിക്കാൻ ശ്രമിച്ചതായി കന്യാസ്ത്രീയുടെ പരാതി വന്നു. സെപ്റ്റംബർ പത്തിന് കേസിൽ ഹൈക്കോടതിയുടെ ഇടപെടലുണ്ടായി. എന്ത് നടപടി സ്വീകരിച്ചുവെന്നായിരുന്നു സർക്കാരിനോടുള്ള കോടതിയുടെ ചോദ്യം. സെപ്റ്റംബർ 15ന് ബിഷപ്പ് ഫ്രാങ്കോ മുളക്കൽ ചുമതലകളിൽ നിന്ന് താൽക്കാലികമായി ഒഴിഞ്ഞു.
2018 സെപ്റ്റംബർ 19ന് തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യലിനായി ഫ്രാങ്കോ ഹാജരായി. വിഐപിയായ പ്രതിയെ ചോദ്യം ചെയ്യാൻ ഹൈ ടെക് ചോദ്യം ചെയ്യൽ മുറിയൊരുക്കി. ബിഷപ് ഫ്രാങ്കോ മുഖഭാവങ്ങൾ ഒപ്പിയെടുക്കാൻ മൂന്നു ക്യാമറകൾ സജ്ജീകരിച്ചു. പ്രത്യേക ചോദ്യാവലി ഉണ്ടാക്കി. അന്വേഷണ ഉദ്യോഗസ്ഥൻ ചോദ്യം ചെയ്യുമ്പോൾ വീഡിയോ ക്യാമറാ ദൃശ്യങ്ങളിലൂടെ മേലുദ്യോഗസ്ഥർ സൂക്ഷ്മ നിരീക്ഷണം നടത്തി. ഒരോ രണ്ടുമണിക്കൂറിലും ചോദ്യം ചെയ്യൽ എങ്ങനെ വേണമെന്ന് നിശ്ചയിച്ചുറപ്പിച്ചു. ആദ്യമൊക്കെ ബലാത്സംഗത്തെ എതിർത്ത ബിഷപ് ഫ്രാങ്കോ കന്യാസ്ത്രീയ്ക്കെതിരെ രൂക്ഷമായ ആരേപണങ്ങളാണ് ഉന്നയിച്ചത്. എന്നാൽ കന്യാസ്ത്രീ മഠത്തിലെ ബിഷപ്പിൻറെ സന്ദർശനങ്ങളും മൊബൈൽ സന്ദേശങ്ങളുമടക്കം അന്വേഷണ ഉദ്യോഗസ്ഥർ നിരത്തിയതോടെ ബിഷപ്പിന് ഉത്തരം മുട്ടി. ഒടുവിൽ മൂന്നാം ദിവസം രാത്രി അറസ്റ്റ്. 21-ാം തീയതി എട്ട് മണിയോടെയാണ് ഫ്രാങ്കോ അറസ്റ്റിലായത്.

2018 സെപ്റ്റംബർ 23ന് ബിഷപ്പ് ഫ്രാങ്കോയെ കുറുവിലങ്ങാട് മഠത്തിൽ എത്തിച്ചു തെളിവെടുത്തു. 2018 സെപ്റ്റംബർ 24ന് ഫ്രാങ്കോ മുളയ്ക്കലിനെ റിമാൻഡ് ചെയ്തു. എന്നാൽ 25 ദിവസം നീണ്ട ജയിൽ വാസത്തിന് ശേഷം 2018 ഒക്ടോബർ 15ന് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു.

2019 ഏപ്രിൽ 6ന് കുറ്റപത്രം വൈകുന്നതിനെതിരെയുള്ള സേവ് അവർ സിറ്റേഴ്‌സിൻറെ പ്രതിഷേധത്തിൽ കന്യാസ്ത്രീകളും പങ്കാളികളായി. പത്ത് മാസം നീണ്ട അന്വേഷണത്തിന് ഒടുവിൽ ഏപ്രിൽ 9ന് കുറ്റപത്രമായി. 2020 ജനുവരി 25ന് വിചാരണ കൂടാതെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോയുടെ വിടുതൽ ഹർജി. ആദ്യം അഡീഷണൽ സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയും സുപ്രീംകോടതിയും വിടുതൽ ഹർജി തള്ളി. 2020 സെപ്റ്റംബർ 16ന് കോട്ടയം അഡിഷനൽ സെഷൻസ് കോടതിയിൽ അടച്ചിട്ട മുറിയിൽ വിചാരണ തുടങ്ങി. നവംബർ അഞ്ചിന് ഫ്രാങ്കോയുടെ വിടുതൽ പുനഃപരിശോധന ഹർജിയും സുപ്രീംകോടതി തള്ളി.

2021 ഡിസംബർ 29ന് കേസിൽ വാദം പൂർത്തിയായി.

Related posts

Leave a Comment