ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ വിധി ഇന്ന്

കോട്ടയം: കന്യാസ്ത്രീയെ മാനഭം​ഗപ്പെടുത്തി എന്ന കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസിലെ വിധി ഇന്ന്. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാർ ആണ് വിധി പറയുക. 105 ദിവസത്തെ വിസ്താരത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്.
ജലന്ധർ രൂപതയുടെ ബിഷപ്പായിരുന്ന ഫ്രാങ്കോ കുറുവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തിൽ വച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവിൽ കന്യാസ്ത്രീയെ ബലാൽസംഗം ചെയ്തെന്നാണ് കേസ്. മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി ഉൾപ്പെടെ നാല് ബിഷപ്പുമാരെ കോടതി വിസ്തരിച്ചു.

25 കന്യാസ്ത്രീകൾ, 11 വൈദികർ, രഹസ്യമൊഴിയെടുത്ത 7 മജിസ്ട്രേറ്റുമാർ, വൈദ്യപരിശോധന നടത്തിയ ഡോകട്ർ എന്നിവരെല്ലാം വിസ്താരത്തിനെത്തി. 83 സാക്ഷികളിൽ വിസ്തരിച്ച 39 പേരും പ്രോസിക്യൂഷന് അനുകൂല നിലപാടെത്തു എന്നതാണ് പ്രത്യേകത. പ്രതിഭാഗത്ത് നിന്ന് വിസ്തരിച്ചത് ആറ് സാക്ഷികളെ. 122 പ്രമാണങ്ങൾ കോടതിയിൽ ഹാജരാക്കി.

ബലാത്സംഗം, അന്യായമായി തടവിൽ വയ്ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ ഉൾപ്പടെ ഏഴ് സുപ്രധാന വകുപ്പുകളാണ് ബിഷപ്പിനെതിരെ ചുമത്തിയിരിക്കുന്നത്. വൈക്കം ഡിവൈഎസ്പി ആയിരുന്ന കെ സുഭാഷായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. നാലു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ 2018 സെപ്റ്റംബർ 21നു ബിഷപ് ഫ്രാങ്കോ അറസ്റ്റിലായി. അഡ്വ. ജിതേഷ് ജെ.ബാബുവായിരുന്നു പബ്ലിക് പ്രോസിക്യൂട്ടർ. അടച്ചിട്ട കോടതി മുറിയിലായിരുന്നു വിചാരണ നടപടികൾ.

Related posts

Leave a Comment