Entertainment
വമ്പൻ ബെർത്‍ഡേ സർപ്രൈസ്! ഫെൻസിംഗ് വേഷത്തിൽ മമ്മൂട്ടി, പുതിയ സിനിമയോ അതോ പരസ്യമോ? സോഷ്യൽമീഡിയയിൽ ചൂടുപിടിച്ച ചർച്ചകൾ
മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടി തന്‍റെ 72-ാം ജന്മദിനം ഇന്ന് ആഘോഷിക്കാനിരിക്കുകയാണ്. ഇപ്പോഴിതാ ജന്മദിന തലേന്ന് ഒരു വമ്പൻ ബർത്‍ഡേ സര്‍പ്രൈസ് തന്‍റെ സോഷ്യൽമീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. ഫെൻസിംഗ് മത്സരത്തിന്‍റെ ജഴ്സിയും ഹെൽമറ്റും വാളുമേന്തിയിരിക്കുന്നൊരു ചിത്രമാണ് മമ്മൂട്ടി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് അദ്ദേഹത്തിന്‍റെ പുതിയ സിനിമയുടെ സ്റ്റില്ലാണോ അതോ ഏതെങ്കിലും പരസ്യ ചിത്രത്തിന്‍റേതാണോ എന്നാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ ചർച്ചകള്‍ തുടങ്ങിയിരിക്കുന്നത്. ‘തൂഷെ’ എന്ന് എഴുതിക്കൊണ്ടാണ് മമ്മൂട്ടി ഈ ചിത്രം ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പങ്കുവെച്ചിരിക്കുന്നത്.
ഫെൻസിംഗിൽ എതിരാളിയുടെ നീക്കത്തെ അഭിനന്ദിക്കുന്നതിനുള്ള ഒരു വാക്കാണിത്. എന്നാൽ ചിത്രത്തോടൊപ്പം സംവിധായകൻ മാർട്ടിൻ പ്രക്കാട്ടിനേയും സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ഷാനി ഷാകിയേയും ഒരു ബ്രാൻഡിനെയും ടാഗ് ചെയ്തിട്ടുമുണ്ട്. ഇതോടെയാണ് ഏവർക്കും സംശയം ഉടലെടുത്തിരിക്കുന്നത്. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണോ അതോ ബ്രാൻഡിന്റെ പരസ്യ ചിത്രത്തിന്‍റെ സ്റ്റില്ലാണോ എന്നൊക്കെയാണ് പലരും ചിത്രത്തിന് താഴെ കമന്‍റുകളിലൂടെ ചോദിച്ചിരിക്കുന്നത്. ഏതായാലും ജന്മദിന തലേന്ന് തന്നെ സോഷ്യൽമീഡിയയിലാകമാനം ഈ ലുക്ക് ചർച്ചയായി മാറിയിരിക്കുകയാണ്. മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് എല്ലാ വർഷത്തേയും പോലെ ഇക്കുറിയും ഫാൻസ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ ലോകമെമ്പാടും രക്തദാനം നടക്കുന്നുണ്ട്. സെപ്റ്റംബർ ഒന്നിന് ആരംഭിച്ച ക്യാമ്പെയിന്‍റെ ഭാഗമായി ഇതിനോടകം ഏഴായിരം രക്തദാനം നടന്നതായാണ് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. ലോകമെമ്പാടുമായി 25,000 രക്തദാനമാണ് ജന്മദിനത്തോടനുബന്ധിച്ച് നടക്കുന്നത്. കൂടാതെ മമ്മൂട്ടി അഭിനയിക്കുന്ന പുതിയ സിനിമയായ ‘കണ്ണൂർ സ്കോഡി’ന്‍റെ ട്രെയിലറും ഇന്ന് പുറത്തിറങ്ങാനിരിക്കുന്നുണ്ട്. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ‘ബിലാലി’ന്റെയും ബ്രഹ്മയുഗത്തിന്റെയും അപ്‍ഡേറ്റുണ്കൾ ഉണ്ടാവുമെന്ന അഭ്യൂഹവും ആരാധകർക്കിടയിലുണ്ട്. ഏതായാലും ജന്മദിനത്തോടനുബന്ധിച്ച് തങ്ങളുടെ പ്രിയതാരം പങ്കുവെച്ച ഫെൻസിംഗ് ലുക്ക് ആരാധകർ ആഘോഷമാക്കിയിരിക്കുകയാണ്.
Entertainment
നടി ശ്വേതാ മേനോനെ അപമാനിച്ചതിന് ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍
കൊച്ചി: നടി ശ്വേതാ മേനോനെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചതിന് പരാതി. ക്രൈം നന്ദകുമാര്‍ പൊലീസ് കസ്റ്റഡിയില്‍. ശ്വേതാ മേനോന്റെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസ് നന്ദകുമാറിനെ കസ്റ്റഡിയിലെടുത്തു. സോഷ്യല്‍ മീഡിയയില്‍ നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ചില വിഡിയോകള്‍ നന്ദകുമാര്‍ പ്രസിദ്ധികരിച്ചിരുന്നു ഇതിനെതിരെയാണ് നടി പരാതി നല്‍കിയത്.
യൂട്യൂബ് ചാനലിലൂടെ ശ്വേത മേനോനെ അപകീര്‍ത്തിപ്പെടുത്തി എന്നാണ് കേസ്. നന്ദകുമാറിനെ ചോദ്യം ചെയ്യുകയാണ്.ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കസ്റ്റഡിയിലെടുത്തത്. അല്‍പസമയത്തിനകം നന്ദകുമാറിനെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
Cinema
ഇന്ത്യൻ സിനിമയ്ക്ക് അഭിമാനം;
‘ലാപതാ ലേഡീസി’ന് ഹർഷാരവം
നിസാർ മുഹമ്മദ്
ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ഓസ്കറിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ‘ലാപതാ ലേഡീസ്’ എന്ന ഹിന്ദി ചിത്രത്തിന് രാജ്യത്തിന്റെ ഹർഷാരവം. പുരസ്കാരം നേടിയാലും ഇല്ലെങ്കിലും ഇന്ത്യന്‍ സിനിമയിലെ സ്ത്രീ മുന്നേറ്റങ്ങളില്‍ തിളക്കമുള്ള ഏടായി ‘ലാപതാ ലേഡീസിന്റെ’ പേര് എഴുതിച്ചേർക്കപ്പെട്ടു കഴിഞ്ഞു.
തിയേറ്ററിൽ വീണുപോയൊരു സിനിമ വീണിടത്ത് നിന്ന് ഫീനിക്‌സ് പക്ഷിയെ പോലെ പറന്ന് സിനിമാ ലോകത്തിന്റെ ആകാശത്ത് വട്ടമിടുന്ന കാഴ്ചയാണ് രാജ്യം കണ്ടത്. അഭിനേതാക്കളുടെ താരമൂല്യമോ, ബ്രഹ്മാണ്ഡ സെറ്റുകളോ, പൊടിക്കുന്ന കോടികളോ അല്ല, കഥയാണ് സൂപ്പര്‍സ്റ്റാര്‍ എന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതായിരുന്നതായിരുന്നു ‘ലാപതാ ലേഡീസി’ന് ലഭിച്ച സ്വീകാര്യത. സ്വപ്‌നങ്ങളും ആഗ്രഹങ്ങളും ത്യജിച്ച് വിവാഹമെന്ന ചങ്ങലയ്ക്ക് മുന്നില്‍ കഴുത്തുനീട്ടേണ്ടി വരുന്ന ഒരുപാട് ഇന്ത്യന്‍ ഗ്രാമീണ പെണ്‍കുട്ടികളുടെ തുറന്നുപറച്ചിലാണ് ചിത്രം.
ബിപ്ലബ് ഗോസ്വാമിയുടെ ചെറുകഥയെ ആധാരമാക്കി കിരണ്‍ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസ് (കാണാതായ പെണ്ണുങ്ങൾ) ഇക്കഴിഞ്ഞ മാർച്ച് ഒന്നിനാണ് തിയേറ്ററുകളിലെത്തിയത്. അമീർഖാനാണ് നിർമാതാവ്. പ്രമുഖരെന്ന് എടുത്തുപറയാവുന്ന ആരുമില്ല സ്ക്രീനിൽ. നവാഗതരായ അഭിനേതാക്കൾ മാത്രം. ഇന്ത്യന്‍ ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറഞ്ഞൊരു ചിത്രം പക്ഷെ തിയേറ്ററിൽ വീണു.
ഏപ്രിൽ 26ന് ‘ലാപതാ ലേഡീസ്’ ഒടിടിയിൽ റിലീസ് ചെയ്തതോടെ കഥ മാറി. തിക്കിത്തിരക്കിയോടുന്ന തീവണ്ടികളിൽ മൊബൈൽ സ്ക്രീനിലും വീടുകളുടെ സ്വീകരണ മുറിയിൽ ടെലിവിഷനുകളിലും ഈ സിനിമ സൂപ്പർഹിറ്റായി. ശീതികരിച്ച തിയേറ്റര്‍ തണുപ്പിന്റെയും ഡോള്‍ബി ശബ്ദ സംവിധാനത്തിന്റെയുമൊന്നും മികവുകളില്ലാതെ ഇന്ത്യയിലെ വീട്ടകങ്ങളിലിരുന്നു ആസ്വാദകർ പലവട്ടം കണ്ടു ‘ലാപതാ ലേഡീസ്’.
ഉത്തരേന്ത്യന്‍ ഗ്രാമീണ പശ്ചാത്തലമാണ് സിനിമയുടെ കഥാപരിസരം. വിവാഹിതയാകുന്ന രണ്ട് സ്ത്രീ ജീവിതങ്ങളെ ആസ്പദമാക്കി ഇന്ത്യന്‍ ഗ്രാമീണ യുവതികളുടെ ജീവിതത്തിന്റെ കഥ. ഉത്തരേന്ത്യന്‍ സാങ്കല്‍പ്പിക ഗ്രാമമായ നിര്‍മല്‍പ്രദേശില്‍ 2001ല്‍ നടക്കുന്ന കഥയായാണ് ഈ സിനിമയെ സംവിധായിക അവതരിപ്പിക്കുന്നത്. വിവാഹശേഷം ട്രെയിനില്‍ അതീവ ദൂരത്തിലുള്ള ഭര്‍ത്താവിന്റെ വീട്ടിലേക്ക് യാത്ര ചെയ്യുന്ന രണ്ടു നവവധുക്കളിലൂടെയാണ് സിനിമ തുടങ്ങുന്നത്.
മുഖം മറച്ചുകൊണ്ടുള്ള ആ യാത്രയില്‍ സംഭവിക്കുന്ന അബദ്ധം സിനിമയെ മുന്നോട്ടു കൊണ്ടുപോകുന്നു. അര്‍ധരാത്രിയില്‍ സ്‌റ്റേഷനിലെത്തിയ തിരക്കില്‍ വധുവിന്റെ കൈപിടിച്ച ഇറങ്ങുന്ന വരന് ആള്‍മാറി പോകുന്നതാണ് സംഭവം. വീട്ടിലെത്തിയപ്പോള്‍ ഇത് തിരിച്ചറിയുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
ഉപരിപഠനവും ജോലിയുമടക്കമുള്ള വലിയ സ്വപ്‌നങ്ങളുള്ള ജയ, തീര്‍ത്തും പിന്‍തിരിപ്പന്‍ വിവാഹ ചിന്തകള്‍ മനസ്സിലുറച്ചുപോയ ഫൂല്‍. ഇവര്‍ രണ്ടുപേരും അപരിചിതമായ സാഹചര്യങ്ങളെ മറികടക്കുന്നിടത്താണ് സിനിമ പൂര്‍ണമാകുന്നത്. ലളിത സുന്ദരമായ ഭാഷയില്‍ കഥ പറയുമ്പോഴും ഇന്ത്യന്‍ ഗ്രാമീണ സ്ത്രീ ജീവിതത്തിന്റെ വിശാലമായ പ്രശ്‌നങ്ങളിലേക്ക് ‘ലാപതാ ലേഡീസ്’ വെളിച്ചം വീശുന്നു.
നെപ്പോട്ടിസം മാത്രം ഭരിക്കുന്ന ബോളിവുഡിന്റെ ഹൃദയഭൂമിയിലാണ് നവാഗതരായ ഒരുകൂട്ടം അഭിനേതാക്കള്‍ വന്ന് ഞെട്ടിക്കുന്ന പ്രകടനം നടത്തിയതാണ് ശ്രദ്ധേയം. ഫൂല്‍ കുമാരിയെ അവതരിപ്പിച്ച നിതാന്‍ഷി ഗോയലിന് 16 വയസ്സ് മാത്രമാണ് പ്രായം. നിതാന്‍ഷിയുടെ പ്രകടനത്തെ പ്രശംസിച്ച് മുന്നോട്ട് വന്നവര്‍ നിരവധിപേരാണ്. ഏതായാലും, ‘ലാപതാ ലേഡീസ്’ സിനിമാ വ്യവസായത്തിന് തന്നെ പുതിയൊരു കണ്ണാടിയാകുന്നുണ്ട്. മാസും മസാലയും പൊതുധാരണകളും മാത്രം കുത്തിനിറച്ച് സിനിമകള്‍ നിര്‍മിച്ചാല്‍ മാത്രമേ ജനം സ്വീകരിക്കൂ എന്ന മിഥ്യാധാരണയെ ഉടച്ചുകളയുകയായിരുന്നു ഈ കൊച്ചു വലിയ ചിത്രം.
Cinema
മലയാള സിനിമ മേഖലയില്‍ പുതിയ സംഘടന വരുന്നതിനെ സ്വാഗതം ചെയ്യുന്നു: ടൊവീനോ തോമസ്
കൊച്ചി: മലയാള സിനിമ മേഖലയില്‍ പുതിയ സംഘടന വരുന്നതിനെ സ്വാഗതം ചെയ്യുന്നതായി നടന്‍ ടൊവീനോ തോമസ്. പുരോഗമനപരമായ എന്തുകാര്യമാണെങ്കിലും തീര്‍ച്ചയായും നല്ലതാണെന്നും നടന്‍ പറഞ്ഞു.
പുതിയ സംഘടനയുടെ ചര്‍ച്ചയില്‍ ഇതുവരെ ഞാന്‍ ഭാഗമല്ല. സിനിമയുടെ പ്രൊമോഷനിലായിരുന്നു ഇതുവരെ. പ്രൊഗസ്സീവായ എന്തുകാര്യമാണെങ്കിലും തീര്‍ച്ചയായും നല്ലതാണ്. എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍നിന്ന് രാജിവെച്ചെങ്കിലും ഞാനിപ്പോഴും അമ്മ സംഘടനയില്‍ അംഗമാണ്. മറ്റേത് സംഘടനയാണെങ്കിലും അതാണ് നല്ലത് എന്നുണ്ടെങ്കില്‍ ഞാന്‍ അതിന്റെ ഭാഗമാകണം. അത്തരം സംഘടന വരുന്നതിനെ സ്വാഗതം ചെയ്യുന്നു -ടൊവീനോ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സംവിധായകരായ ആഷിഖ് അബു, രാജീവ് രവി, അഞ്ജലി മേനോന്‍, ലിജോ ജോസ് പെല്ലിശ്ശേരി, നടി റിമ കല്ലിങ്കല്‍, ചലച്ചിത്ര പ്രവര്‍ത്തകന്‍ ബിനീഷ് ചന്ദ്ര എന്നിവരുടെ നേതൃത്വത്തില്‍ പുതിയ സംഘടന രൂപീകരിക്കുന്നതായുള്ള വാര്‍ത്ത പുറത്തുവന്നത്. ഇവര്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ബദല്‍ സംഘടന രൂപീകരിക്കുന്നതിനെക്കുറിച്ച് വ്യക്തമാക്കിയത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഭാഗികമായി പുറത്ത് വന്നതിന് പിന്നാലെ സിനിമ രംഗത്തെ അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുത്തവരാണ് പുതിയ സംഘടനയുമായി മുന്നിട്ടിറങ്ങുന്നത്. സമത്വം, സഹകരണം, സാമൂഹിക നീതി എന്നീ മൂല്യങ്ങളില്‍ വേരൂന്നിയ സംഘടന തൊഴിലാളികളുടെയും നിര്‍മാതാക്കളുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും വ്യവസായത്തെ അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്താനുള്ള പ്രയത്‌നങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് സംവിധായകര്‍ പ്രസ്താവനയില്‍ പറയുന്നു.
-
Featured2 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
News1 month ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business2 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Education3 weeks ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Business3 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
Ernakulam2 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
News2 months ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
-
News2 months ago
സർക്കാർ നിർദ്ദേശങ്ങൾ ശമ്പള സംഭാവന നിർബന്ധമാക്കുന്നത്: സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login