വരയില്‍ വിസ്മയം തീര്‍ത്ത് ബിനുവും കുടുംബവും: സ്വന്തം ഭവനം ആര്‍ട്ട്ഗാലറിയാക്കി ഒരു ചിത്രകലാധ്യാപകന്‍

പുല്‍പ്പള്ളി: സ്വന്തം വീട് ആര്‍ട്ട്ഗാലറി പോലെയാക്കി ഒരു ചിത്രകലാധ്യാപകന്‍. പുല്‍പ്പള്ളിയിലെ കേളക്കവല മങ്ങാരത്ത് എം ടി ബിനു എന്ന ബിനൂസാണ് വീട് നിറയെ ചിത്രങ്ങള്‍ വരച്ച് അതിഥികള്‍ക്ക് വിസ്മയ കാഴ്ചയൊരുക്കിയിരിക്കുന്നത്. പുറംചുമരുകളില്‍ നേരത്തെയുണ്ടായിരുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം മാറ്റിവരച്ചതോടെ കൂടുതല്‍ മനോഹരമായിരിക്കുകയാണ് നാടുകാര്‍ ചിത്രവീട് എന്ന വിളിപ്പേരിട്ട ബിനുവിന്റെ ഭവനം. പക്ഷികളും, മൃഗങ്ങളും, പ്രകൃതിഭംഗിയുമാണ് ബിനുവിന്റെ വീട്ടില്‍ വരച്ചിട്ട ചിത്രങ്ങളിലേറെയും. മലമുഴക്കി വേഴാമ്പല്‍, മയില്‍, മെക്കാവോ അടക്കമുള്ള പക്ഷികളുടെ ജീവന്‍തുടിക്കുന്ന ചിത്രങ്ങളാണ് വീട്ടിലെത്തിയാല്‍ അതിഥികളെ സ്വീകരിക്കുക. സ്വീകരണമുറിയില്‍ വയനാടന്‍ കാടുകളെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ ഇല്ലിക്കാടുകള്‍ക്കിടയിലെ കാട്ടുകൊമ്പനും, പൂമരങ്ങളും, ഒറ്റമരവും, പക്ഷികളുമെല്ലാമാണ് കാഴ്ചയുടെ വസന്തമാവുന്നത്. പ്രാര്‍ത്ഥനാമുറിയില്‍ ആട്ടിടയനായ യേശുക്രിസ്തുവിന്റെ രൂപവും മനോഹരമായി വരച്ചിട്ടിട്ടുണ്ട്. നടവയല്‍ സെന്റ് തോമസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ ചിത്രകല അധ്യാപകനായ ബിനു ഒരു പതിറ്റാണ്ട് മുമ്പാണ് കേളക്കവലയില്‍ വീട് പണിയുന്നത്. വീട് പണി പൂര്‍ത്തായപ്പോള്‍ ഒറ്റനോട്ടത്തില്‍ അതൊരു ചിത്രകലാധ്യാപകന്റെ വീടാണെന്ന് മനസിലാകണമെന്ന് കരുതിയാണ് ചുമരുകളില്‍ വരച്ചുതുടങ്ങിയത്. പിന്നീട് വരച്ച് വരച്ച് വീട് നിറയെ ചിത്രങ്ങളായി മാറുകയായിരുന്നുവെന്നും ബിനു വീക്ഷണത്തോട് പറഞ്ഞു. വീട്ടില്‍ മാത്രമല്ല, ബിനു ചിത്രങ്ങള്‍ വരച്ചിട്ടുള്ളത്. കൊവിഡ് വ്യാപനത്തിന് ശേഷം അടുത്തമാസം സ്‌കൂള്‍ തുറക്കാനിരിക്കെ കുട്ടികളെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി നടവയലിലെ സ്‌കൂള്‍ ചുമരുകളില്‍ പ്രകൃതിയുടെ നിറഭേദങ്ങള്‍ തീര്‍ത്ത് ആറ് ചിത്രങ്ങള്‍ ഇതിനകം തന്നെ ബിനു വരച്ചുകഴിഞ്ഞു. നടവയല്‍ സെന്റ് തോമസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ മിനി എബ്രഹാം അടക്കമുള്ള അധ്യാപകരുടെ പിന്തുണ ഈ ഉദ്യമത്തെ ഏറെ സഹായിച്ചെന്നും ബിനു വ്യക്തമാക്കുന്നു. ആദ്യം ജോലി ചെയ്ത കല്ലോടി സെന്റ് ജോസഫ് എച്ച് എസ് എസിന്റെ ചുമരുകളില്‍ പത്തോളം ചിത്രങ്ങളും ബിനു വരച്ചിരുന്നു. വീട്ടിലെ ചിത്രംവരയില്‍ ചിത്രകാരി കൂടിയായ ഭാര്യ ഷിനിയുടെ സഹായവുമുണ്ട്. ഇരുവരും ചേര്‍ന്നാണ് പല ചിത്രങ്ങളും പൂര്‍ത്തിയാക്കിയത്. മക്കളും വിദ്യാര്‍ഥികളുമായ അക്‌സയും, സൂസനും സ്വന്തം കിടപ്പുമുറിയില്‍ ഭംഗിയുള്ള ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. നഴ്‌സറിയില്‍ പഠിക്കുന്ന സാമുവലാണ് ബിനു-ഷിനി ദമ്പതികളുടെ ഇളയമകന്‍. കൂടുതലായും പ്രകൃതിഭംഗിയും, പക്ഷിമൃഗാദികളും വരക്കാന്‍ ഇഷ്ടപ്പെടുന്ന ബിനുവിന് ഏറ്റവും പ്രിയം വാട്ടര്‍ കളറിനോടാണ്. എന്നാല്‍ മങ്ങാത്തവിധത്തില്‍ പെയിന്റുകൊണ്ടാണ് വീട്ടിലെ ഭൂരിഭാഗം ചിത്രങ്ങളും വരച്ചിരിക്കുന്നത്. അധികം വൈകാതെ ഒരു ചിത്രപ്രദര്‍ശനം നടത്താനുള്ള തയ്യാറെടുപ്പിലാണ് ബിനു. അതിന് വേണ്ടിയുടെ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് ഈ ചിത്രകലാധ്യാപകന്‍.

Related posts

Leave a Comment