ബിനീഷ് കോടിയേരിക്കു ജാമ്യം, സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരികെ എത്താൻ കോടിയേരിയും ; മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താൽപ്പര്യം, തീരുമാനം ഉടനുണ്ടായേക്കും

തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കു ജാമ്യം ലഭിച്ച സാഹചര്യത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണൻ തിരികെ എത്തും. കേന്ദ്ര നേതൃത്വവുമായി കൂടി ആലോചിച്ച്‌ അടുത്ത മാസം 6,7 തീയതികളിൽ ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ കോടിയേരി വീണ്ടും ചുമതല ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. അതിനു മുൻപായി സംസ്ഥാന സെക്രട്ടേറിയറ്റും ചേരും. ഇതോടെ വിജയരാഘവൻ ഇടതു കൺവീനർ മാത്രമാകും.

അർബുദ രോഗ ചികിത്സയ്ക്കു വേണ്ടിയാണ് കോടിയേരി സെക്രട്ടറി സ്ഥാനത്തു നിന്ന് അവധിയെടുത്തതും പകരം എ.വിജയരാഘവനു ചുമതല നൽകിയതും. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മകൻ അറസ്റ്റിലായത് സൃഷ്ടിച്ച പ്രതിസന്ധി കൂടി കണക്കിലെടുത്താണ് അദ്ദേഹം മാറി നിന്നത്. ഇപ്പോൾ ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടാകുകയും ബിനീഷിന് ജാമ്യം ലഭിക്കുകയും ചെയ്ത സാഹചര്യത്തിൽ കോടിയേരി തിരിച്ചെത്തും. മുഖ്യമന്ത്രി പിണറായി വിജയനും ഇതിന് അനുകൂലമാണ്. ആക്ടിങ് സെക്രട്ടറിയുടെ കീഴിൽ പാർട്ടി സമ്മേളനങ്ങൾ നടക്കുന്ന സാഹചര്യവും ഇതോടെ മാറും. വീണ്ടും സെക്രട്ടറിയായി കോടിയേരിയെ തന്നെ തെരഞ്ഞെടുക്കുകയും ചെയ്യും.മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താൽപ്പര്യമാണ് കോടിയേരിയുടെ തിരിച്ചു വരവ്. നേരത്തെ തന്നെ തിരുവനന്തപുരത്തെ ഒരു പ്രമുഖ ട്രേഡ് യൂനിയൻ നേതാവും സംസ്ഥാന സെക്രട്ടറിയേറ്റംഗവുമായ ഒരു നേതാവിന്റെ നേത്യത്വത്തിൽ കോടിയേരി തിരിച്ചു വരുന്നതിനെതിരെ പാർട്ടിക്കുള്ളിൽ നീക്കം നടത്തിരുന്നു. ഇതിനിടെ കോടിയേരിയുടെ സ്വന്തം നാടായ കണ്ണുരിൽ നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങളാണ് കോടിയേരി തിരിച്ചു വരുന്നതിനെതിരെ നീക്കം നടത്തി. ഇതോടെയാണ് ബിനീഷ് പുറത്തെത്തും വരെ ചുമതല ഏൽക്കേണ്ടതില്ലെന്ന തീരുമാനം കോടിയേരി എടുത്തത്.

സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും കോടിയേരി മാറി നിന്നതോടെ വിവാദങ്ങളുടെ മൂർച്ച കുറഞ്ഞു. ഇത് തെരഞ്ഞെടുപ്പിനെ ഒരു ഘട്ടത്തിലും ബാധിച്ചിരുന്നില്ല. പാർട്ടി പോളിറ്റ് ബ്യൂറോ അംഗമെന്ന നിലയിൽ കണ്ണൂർ ജില്ലയിൽ ഉൾപ്പെടെ നിരവധി കേന്ദ്രങ്ങളിൽ കോടിയേരി പ്രചരണ പരിപാടികളിൽ പങ്കെടുത്തു. അതിന് ശേഷം മുന്നണി ചർച്ചയിലും ഭാഗമായി. ദേശാഭിമാനിയുടെ ചുമതലയും നൽകിയിരുന്നു.

കോടിയേരി വന്നേ മതിയാകൂവെന്ന തീരുമാനത്തിലാണ് പിണറായി. പാർട്ടി നേതൃത്വം വീണ്ടും പിണറായി – കോടിയേരി കോക്കസിലേക്ക് ഒതുങ്ങുന്നതിൽ കണ്ണുരിലെ നേതാക്കൾക്ക് കടുത്ത അതൃപ്തിയുണ്ട്. ആരോഗ്യ പ്രശ്‌നങ്ങൾ മാറി പഴയ പാർട്ടി സെക്രട്ടറിയെ പോലെ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് നിറസാന്നിധ്യമാണ് ഇപ്പോൾ കോടിയേരി. മന്ത്രിസഭാ ചർച്ചയിലും മറ്റും സജീവ സാന്നിധ്യമാണ്. ഘടകകക്ഷികളുമായി ചർച്ച നടത്തിയതും കോടിയേരിയാണ്.

Related posts

Leave a Comment