കെഎസ്ആർടിസി ഡിപ്പോകളിലെ മദ്യവിൽപ്പനയെ പരിഹസിച്ച് ബിന്ദു കൃഷ്ണ

തിരുവനന്തപുരം: കെഎസ്ആർടിസി ഡിപ്പോകളിലെ മദ്യവിൽപ്പനയെ സ്ത്രീ സുരക്ഷയുടെ പുതിയ മോഡലെന്ന് പരിഹസിച്ച് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ബിന്ദു കൃഷ്ണ സർക്കാരിന്റെ പുതിയ നയത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
‘ സർക്കാരിന് നല്ല ബുദ്ധി ഉപദേശിച്ച് നൽകാൻ ആരുമില്ലേ ? സ്ത്രീകളും, വിദ്യാർത്ഥികളും, കുട്ടികളും ഇനി കെ.എസ്.ആർ.ടി.സി ഡിപ്പോകളിലും ബസ്സുകളിലും കയറണ്ട എന്നാണോ ?
ഇതാണോ കേരളത്തിലെ സ്ത്രീ സുരക്ഷയുടെ പുതിയ മോഡൽ ? കെ.എസ്.ആർ.ടി.സിയുടെ വരുമാനം വർദ്ധിപ്പിക്കാൻ എന്ന വ്യാജേന ജനങ്ങളുടെ കണ്ണിൽ പൊടിയിടാനല്ലേ സർക്കാർ ശ്രമിക്കുന്നത്’ ?

‘ കെ.എസ്.ആർ.ടി.സിയുടെ വരുമാനം വർദ്ധിപ്പിക്കാൻ ജനോപകാരപ്രദമായ മറ്റ് മാർഗ്ഗങ്ങൾ ഇല്ലാത്തതുകൊണ്ടാണോ ?യുഡിഎഫിന്റെ മദ്യനയം തെറ്റാണെന്ന് പ്രസ്താവിച്ച് സെലിബ്രിറ്റികളെക്കൊണ്ട് പരസ്യ മാമാങ്കം നടത്തിയ എൽഡിഎഫിന്റെ മദ്യനയം ഇതാണോ ?
മദ്യപിക്കുന്ന ഒരാളെ പോലും കുറ്റം പറയാൻ ഞാൻ ആളല്ല. ഓരോരുത്തർക്കും അവരവരുടേതായ അവകാശങ്ങൾ ഉള്ള രാജ്യമാണ് നമ്മുടേത്. എന്നാൽ കെ.എസ്.ആർ.ടി.സിയുടെ വരുമാനം വർദ്ധിപ്പിക്കാൻ എന്ന വ്യാജേന ഡിപ്പോകളിൽ മദ്യശാലകൾ തുറക്കാൻ ആലോചിക്കുന്നത് ജനങ്ങളെ കബളിപ്പിക്കുന്നതിന് തുല്യമാണ്’.‘ കെ.എസ്.ആർ.ടി.സിയുടെ വരുമാനം വർദ്ധിപ്പിക്കാനാണെങ്കിൽ എല്ലാ വിഭാഗത്തിലുമുള്ള ജനങ്ങൾക്ക് ഉപകാരപ്രദമായ എത്രയോ മാർഗ്ഗങ്ങളുണ്ട്. അതിന് മദ്യശാല തന്നെ തുടങ്ങണമെന്ന് നിർബന്ധമുണ്ടോ ?കൺസ്യൂമർ ഫെഡിന്റെയോ, സപ്ലൈകോയുടേയോ ഔട്ട്‌ലെറ്റുകൾ തുടങ്ങിയാൽ പോരേ? ഒരു റേഷൻ കട തുടങ്ങിയാൽ പോലും ജനങ്ങൾ എത്തും. ഇനി അതും പോരായെങ്കിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് കെട്ടിടം വാടകയ്ക്ക് നൽകിയാൽ പോരേ. സ്ത്രീകളും, വിദ്യാർത്ഥികളും, കുട്ടികളും എത്തുന്ന ഡിപ്പോകളിൽ മദ്യശാലകൾ തന്നെ തുടങ്ങണം എന്നത് സർക്കാരിന്റെ തല തിരിഞ്ഞ മദ്യനയമായും, ജനദ്രോഹ നടപടിയായും മാത്രമേ കാണാൻ കഴിയൂ. അത്തരം തീരുമാനങ്ങളിൽ നിന്നും അടിയന്തിരമായി പിന്മാറാൻ സർക്കാർ തയ്യാറാകണം’ .

Related posts

Leave a Comment