റെയ്സിങ്ങിനെത്തിയ ബൈക്ക് മറ്റൊരു ബൈക്കിലേക്ക് ഇടിച്ചു കയറി മൂന്നു ബൈക്ക് യാത്രികര്‍ മരിച്ചു

അപകടത്തിൽ ഡ്യൂക്ക് ബൈക്ക് പൂർണ്ണമായും തകർന്നു.

ചങ്ങനാശേരി : റെയ്സിങ്ങിനെത്തിയ ബൈക്ക് മറ്റൊരു ബൈക്കിലേക്ക് ഇടിച്ചു കയറി മൂന്നു ബൈക്ക് യാത്രികര്‍ മരിച്ചു. പോത്തോട് അമൃതശ്രീ വീട്ടില്‍ മുരുകന്‍ ആചാരി(67), ചങ്ങനാശേരി ടി ബി റോഡില്‍ കാര്‍ത്തിക ജൂവലറി ഉടമ പുഴവാത് കാര്‍ത്തിക ഭവനില്‍ സേതുനാഥ് നടേശന്‍(41), പുതുപ്പള്ളി തച്ചുകുന്ന് പാലച്ചുവട്ടില്‍ സുരേഷ്(ബാബു) സുജാത ദമ്പതികളുടെ മകന്‍ ശരത് പി എസ് (18) എന്നിവരാണ് മരിച്ചത്. ബൈപ്പാസ് റോഡില്‍ ബുധനാഴ്ച രാത്രി 7 ഓടെയായിരുന്നു അപകടം. മുരുകന്‍ ആചാരി പുഴവാതിലെ വീട്ടിലെത്തി സേതുനാഥിനെയും കൂട്ടി ചങ്ങനാശേരിയില്‍ നിന്നും കോട്ടയത്തേക്ക് പോവുന്ന വഴിയാണ് അപകടം ഉണ്ടായത്. ഇവരുടെ പക്കല്‍ നിന്നും അഞ്ച് ലക്ഷം രൂപയും ലഭിച്ചതായി പൊലീസ് പറഞ്ഞു.
ബൈക്ക് റെയ്സിങ്ങിന് എത്തിയ സംഘം ഒരേ ദിശയിലായിരുന്നു. സേതുനാഥ് ഓടിച്ചിരുന്ന ബൈക്കിനു പിന്നാലെ റെയ്സിങ് നടത്തി എത്തിയ ബൈക്ക് സേതുനാഥിന്റെ ബൈക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മൂന്നു പേരും റോഡിലേക്ക് തെറിച്ചു വീണു ഗുരുതരമായി പരിക്കേറ്റു. രണ്ടു പേര്‍ സംഭവസ്ഥലത്തും മുരുകനാചാരി ചെത്തിപ്പുഴ ആശുപത്രിയില്‍ വച്ചും മരിച്ചു. അപകടത്തിനിടയാക്കികിയ ഡ്യൂക്ക് ബൈക്ക് പൂർണ്ണമായും തകർന്നു.റെയ്സിങ്ങിനു എത്തിയ ഒരു ബൈക്ക് അപകടം നടന്നയുടനെ നിര്‍ത്താതെ സ്ഥലത്തു നിന്നും രക്ഷപ്പെട്ടതായി സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു. മൃതദേഹങ്ങള്‍ ചെത്തിപ്പുഴ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോവിഡ് പരിശോധന നടത്തി പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ചങ്ങനാശ്ശേരി പൊലീസ് മേല്‍നടപടി സ്വീകരിച്ചു.

Related posts

Leave a Comment