പെരിയ ഇരട്ട കൊലപാതകം : മുന്‍ എം എല്‍ എ അടക്കമുള്ള സിപിഎം നേതാക്കളെയും പ്രവര്‍ത്തകരെയും കൂട്ടത്തോടെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച്‌ സി ബി ഐ

പെരിയ ഇരട്ടക്കൊല കേസുമായി ബന്ധപ്പെട്ട് മുന്‍ എം എല്‍ എ അടക്കമുള്ള സിപിഎം നേതാക്കളെയും പ്രവര്‍ത്തകരെയും കൂട്ടത്തോടെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച്‌ സി ബി ഐ. സിബിഐയുടെ ക്യാമ്ബ് ഓഫീസായ കാസര്‍കോട് റസ്റ്റ്ഹൗസില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.

ജില്ലാ സെക്രടറിയേറ്റ് അംഗവും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്റെ പ്രൈവറ്റ് സെക്രടറിയുമായ വി പി പി മുസ്ത്വഫയെ സിബിഐ കഴിഞ്ഞ ദിവസം ചോദ്യം ചെയ്‌തിരുന്നു. ജില്ലാ കമിറ്റി അംഗം വി വി രമേശന്‍, കാസര്‍കോട് കോടതിയിലെ പബ്ലിക് പ്രോസിക്യൂടറായ അഡ്വ. ബിന്ദു, സിപിഎം നേതാവും കാസര്‍കോട് ബാറിലെ അഭിഭാഷകനുമായ എ ജി നായര്‍, മുന്‍ ഉദുമ എം എല്‍ എ കെ വി കുഞ്ഞിരാമന്‍, ഇദ്ദേഹത്തിന്‍്റെ മകന്‍ തുടങ്ങി നിരവധി പേരെയാണ് മൊഴിയെടുക്കാനായി വിളിപ്പിച്ചത്.

പെരിയ ഇരട്ടക്കൊല നടക്കുന്നതിന് മുന്‍പ് കല്യോട് സിപിഎം പൊതുയോഗത്തില്‍ വി പി പി മുസ്ത്വഫ നടത്തിയ പ്രസംഗം വലിയ വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുസ്ത്വഫയെ ചോദ്യം ചെയതത്.

സിബിഐ തിരുവനന്തപുരം യൂനിറ്റ് ഡിവൈ‌എസ്‌പി ടി പി അനന്തകൃഷ്‌ണനാണ് മുസ്ത്വഫയെ ചോദ്യം ചെയ്‌തത്. മുമ്ബ് ക്രൈംബ്രാഞ്ചും ഇതേകേസില്‍ മുസ്ത്വഫയെ ചോദ്യം ചെയ്‌തിരുന്നു. ഹൈകോടതി ഡിസംബര്‍ നാലിനകം കേസില്‍ കുറ്റപത്രം സമര്‍പിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് കൂട്ട ചോദ്യം ചെയ്യല്‍ നടക്കുന്നത്.

ക്രൈംബ്രാഞ്ച് സാക്ഷികളായി ചേര്‍ത്ത എല്ലാവരെയും സി ബി ഐ ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് മുസ്ത്വഫയെയും വിളിച്ചുവരുത്തിയതെന്ന് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്. 2019 ജനുവരി ഏഴിന് കല്യോട്ട് നടന്ന സി പി എം പൊതുയോഗത്തില്‍ മുസ്ത്വഫ നടത്തിയ പ്രസംഗമാണ് വിവാദമായിരുന്നത്. സംഭവം നടന്ന സമയം ജില്ലാ പഞ്ചായത്ത് അംഗം കൂടിയായിരുന്നു അദ്ദേഹം. ഇതിനുശേഷം ഒന്നരമാസത്തിനുശേഷമാണ് ഇരട്ടക്കൊലപാതകം നടന്നത്.

കേസിലെ ഒന്നാം പ്രതിയും സി പി എം മുന്‍ പെരിയ ലോകല്‍ കമിറ്റിയംഗവുമായിരുന്ന പീതാംബരനെയും ഒപ്പമുണ്ടായിരുന്നവരെയും 2019 ജനുവരി അഞ്ചിന് ഒരുസംഘം മര്‍ദിച്ചിരുന്നു. ഈ സംഭവത്തില്‍ ശരത്‌ലാലിനും കൃപേഷിനും എതിരേ ബേക്കല്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. സ്ഥലത്തുണ്ടായിരുന്നില്ലെന്ന് പറഞ്ഞ് കൃപേഷിനെ പിന്നീട് കേസില്‍നിന്നൊഴിവാക്കിയിരുന്നു. സി പി എം നേതാവിനും മറ്റും മര്‍ദനമേറ്റതില്‍ പ്രതിഷേധിച്ചാണ് ജനുവരി ഏഴിന് പെരിയ ലോകല്‍ കമിറ്റി കല്യോട്ട് പൊതുയോഗം നടത്തിയത്. പീതാംബരന്‍ അടക്കം കേസില്‍ അറസ്റ്റിലായവരില്‍ രണ്ട് പേര്‍ ഒഴികെ മറ്റുള്ളവരെല്ലാം ജയിലില്‍ തന്നെ റിമാന്‍ഡ് തടവുകാരായി കഴിയുകയാണ്.

Related posts

Leave a Comment