പെരിയ ഇരട്ടകൊലപാതകം : പ്രതികൾക്ക് പരസ്യ പിന്തുണയുമായി ജില്ലാ സെക്രട്ടറി ഉൾപ്പടെയുള്ള സിപിഎം നേതാക്കൾ വീടുകളിലെത്തി

കാസറഗോഡ്: പെരിയ കല്ലിയോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ പ്രതിചേർക്കപ്പെട്ടവർക്ക് പരസ്യ പിന്തുണയുമായി നേതാക്കൾ വീടുകളിലെത്തി. സി പി എം ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണൻ മാസ്റ്ററും നേതാക്കളുമാണ് ഇന്നലെ വീടുകളിലെത്തി പൂർണ്ണ പിന്തുണ അറിയിച്ചത്.കൊലപാതകത്തിൽ സി പി എമ്മിന് ബന്ധമില്ലെന്ന് നേതാക്കൾ നേരത്തെ ആവർത്തിച്ചു വ്യക്തമാക്കിയിരുന്നു. എന്നാൽ ജില്ലാ സെക്രട്ടറിയേറ്റംഗം മുതൽ ലോക്കൽ സെക്രട്ടറി വരെ പ്രതിപട്ടികയിൽ വന്നതോടെ സി പി എം നേതൃത്വം അങ്കലാപ്പിലാണ്.കഴിഞ്ഞ ബുധനാഴ്ച സി പി എം എച്ചിലോട്ട് ബ്രാഞ്ച് സെക്രട്ടറിയടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് ശേഷം സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗമായ മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ, പനയാൽ ബാങ്ക് സെക്രട്ടറി ഭാസ്‌ക്കരൻ, വ്യാപാരി സമിതി ജില്ലാ സെക്രട്ടറി രാഘവൻ വെളുത്തോളി അടക്കം അഞ്ച് നേതാക്കളെ പ്രതിചേർത്തിരുന്നു. കേസിൽ പ്രതിചേർക്കപ്പെട്ട 19 പ്രതികളും കൊലപാതക കേസുകളിൽ പ്രതികളാവും. ബാക്കി വരുന്ന അഞ്ച് പേർക്ക് പ്രതികളെ കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ചതിനും ആയുധ നിയമപ്രകാരവ്യമാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ പതിമൂന്നാം പ്രതിയാണ്. കേസിൽ റിമാന്റിൽ കഴിയുന്ന എച്ചിലോട്ട് ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടിലാണ് ആദ്യം നേതാക്കൾ എത്തിയത്. കേസ് അട്ടിമറിക്കാനും, സി ബി ഐ അന്വേഷണം ചെറുക്കാനുമായി കോടികളാണ് സർക്കാർ ചിലവഴിച്ചത്. സി ബി ഐ നടത്തിയ അന്വേഷണത്തിലാണ് 10 പേരെ കൂടി പ്രതിചേർത്തത്. ഇതോടെ പാർട്ടി ഗ്രാമങ്ങളിൽ നേതൃത്വത്തിനെതിരെ ശക്തമയ പ്രതിഷേധമാണ് ഉയരുന്നത്.ഇതേ തുടർന്നാണ് നേതാക്കൾ തന്നെ വീടുകളിലെത്തി പിന്തുണ വാഗ്ദാനം ചെയ്യുന്നത്.

Related posts

Leave a Comment