ഒന്നര കോടിയുടെ വരുമാനം, ബച്ചന്‍റെ സുരക്ഷാ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

മുംബൈഃ ബോളിവുഡിനെ ഞെട്ടിച്ച വരുമാനത്തിന്‍റെ ഉറവിടമന്വേഷിച്ച് മഹാരാഷ്‌ട്ര പോലീസ്. സേനയിലെ ഒരു സാധാരണ കോണ്‍സ്റ്റബിളിന് പ്രതിമാസം പതിനഞ്ചു ലക്ഷത്തോളം രൂപയുടെ വരുമാനമെന്ന മാധ്യമ റിപ്പോര്‍ട്ടിനു പുറമേയാണിപ്പോള്‍ ബോളിവുഡും മഹാരാഷ്‌ട്ര പോലീസും. ബോളിവുഡ് മെഗാസ്റ്റാര്‍ ബിഗ് ബി അമിതാഭ് ബട്ടന്‍റെ ബോര്‍ഡി ഗാര്‍ഡ് ജിതേന്ദ്ര ഷിന്‍ഡേ ആണിപ്പോള്‍ മഹാരാഷ്‌ട്രയിലെ സൂപ്പര്‍ സ്റ്റാര്‍. ശരാശരി മുപ്പതിനായിരത്തോളം രൂപ മാത്രം പ്രതിമാസ ശമ്പളമുള്ള ഷിന്‍ഡേയുടെ വാര്‍ഷിക വരുമാനം ഒന്നരക്കോടിയിലധികം രൂപയാണെന്നു ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തതോടെയാണു സംഗതി പുലിവാലായത്. ഒരു സാധാരണ കോണ്‍സ്റ്റബിളിന് ഇത്രയും വരുമാനമോ എന്നു സിറ്റി കമ്മിഷണര്‍ ഹേമന്ത് നഗര്‍ലെ സംശയം പ്രകടിപ്പിച്ചതോടെയാണ് സ്ഥലം മാറ്റവും അന്വേഷണവും.

‍എന്നാല്‍ ഷിന്‍ഡേയ്ക്ക് വഴിവിട്ട വഴികളൊന്നുമില്ലെന്നായിരുന്നു രഹസ്യാന്വേഷണത്തിലൂടെ ലഭിച്ച വിവരം. താര ചക്രവര്‍ത്തിയില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള പ്രതിഫലം പറ്റുന്നുണ്ടോ എന്ന അന്വേഷണവും ഫലം കണ്ടില്ല. എന്നാല്‍ ഷിന്‍ഡേയുടെ ഭാര്യ മുംബൈയില്‍ പ്രശസ്തമായ ഒരു സെക്യൂരിറ്റി സ്ഥാപനം നടത്തുന്നതായി പോലീസ് കണ്ടെത്തി. താര രാജാക്കന്മാര്‍, വന്‍ ബിസിനസ് മേധാവിമാര്‍ തുടങ്ങിയവര്‍ക്ക് വ്യക്തിഗത സംരക്ഷണം ഒരുക്കുന്ന സ്വകാര്യ ഏജന്‍സിയാണത്. അതില്‍ നിന്നുള്ള വരുമാനമാണ് തന്‍റെ പേരിലുള്ള അധിക സമ്പാദ്യമെന്നാണു ഷിന്‍ഡേ പറയുന്നത്. ഏതായാലും ഇതു പോലീസ് വിശ്വസിക്കുന്നില്ല. ഇനി അങ്ങനെ ഭാര്യയുടെ പേരിലുള്ള സ്ഥാപനത്തില്‍ നിന്നുള്ള വരുമാനമാണെങ്കിലും നിയപ്രകാരം കുറ്റകരമാണ്. മഹാരാഷ്‌ട്ര സര്‍വീസ് നിയമപ്രകാരം ഒരു ജീവനക്കാരന്‍ സര്‍ക്കാര്‍ സ്രോതസില്‍ നിന്നല്ലാതെ മറ്റൊരു തരത്തിലും പ്രതിഫലം പറ്റാന്‍ പാടില്ല.

ഏതായാലും ജിതേന്ദ്ര ഷിന്‍ഡേയെ ഡിബി പോലീസ് സ്റ്റേഷനിലേക്കു സ്ഥലം മാറ്റിയിരിക്ക‌യാണ്. വരുമാന സ്രോതസ് കണ്ടെത്തിക്കഴിഞ്ഞ അടുത്ത നടപടി എന്നാണ് സിറ്റി കമ്മിഷണര്‍ പറയുന്നത്. സെഡ് ക്യാറ്റഗറി സുരക്ഷയുള്ള അമിതാ ബച്ചന് മൂന്നു ഷിഫ്റ്റുകളിലായി ആറ് കോണ്‍സ്റ്റബിള്‍മാരാണുള്ളത്. ബച്ചന്‍റെ വിശ്വസ്തരില്‍ ഒരാളാണു ജിതേന്ദ്ര. സാധാരണ നിലയില്‍ അഞ്ചു വര്‍ഷമാണ് പരമാവധി ഒരാള്‍ക്കു വിഐപി സുരക്ഷാ ഡ്യൂട്ടി അനുവദിക്കുക. എന്നാല്‍, കഴിഞ്ഞ ഏഴു വര്‍ഷത്തോളമായി ജിതേന്ദ്ര ബിഗ് ബിയുടെ സുരക്ഷാവലയത്തിലുണ്ട്.

Related posts

Leave a Comment