കേരള ബാങ്കിൽ നടന്നത് വൻ എ.ടി.എം കൊള്ള

തിരുവനന്തപുരം: കേരള ബാങ്കില്‍ നടന്നത് വന്‍ എടിഎം കൊള്ളയെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഒമ്പത് എടിഎമ്മുകളില്‍ നിന്ന് പണം കവര്‍ന്നതായി കണ്ടെത്തി. തിരുവനന്തപുരത്തടക്കം മൂന്ന് എടിഎമ്മുകളില്‍ നിന്നായി 2.64 ലക്ഷം രൂപ കവര്‍ന്നു എന്നായിരുന്നു കേരള ബാങ്ക് സൈബര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ മൂന്ന് കാസര്‍കോട് സ്വദേശികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് വിദഗ്ദ്ധമായി നടത്തിയ കൊള്ളയാണെന്ന് വ്യക്തമായത്. അന്വേഷണം പുരോഗമിക്കുന്നതിനിടെ ഓരോ ഘട്ടത്തിലും കൊള്ളയുടെ വ്യാപ്തി വര്‍ധിക്കുകയാണ്. മൂന്ന് എടിഎമ്മില്‍ കൊള്ള നടത്തി എന്നത് ഇപ്പോള്‍ ഒമ്പത് എടിഎമ്മായിട്ടുണ്ട്.
തിരുവനന്തപുരം, വൈക്കം,തൃശൂര്‍, കാസര്‍കോട് തുടങ്ങിയ ഇടങ്ങളിലെ ഒമ്പത് എമ്മുകളില്‍ കൊള്ള നടത്തി എന്നാണ് ഇപ്പോള്‍ വ്യക്തമായത്. ആറ് ലക്ഷത്തോളം രൂപ പ്രതികള്‍ കവര്‍ന്നതായി ഇപ്പോള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ തുക ഇനിയും കൂടുമെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. പിടിയിലായ മൂന്ന് പേരും പിടിയിലാകാനുള്ള ഒരാളുമടക്കം നാല് പേര്‍ ചേര്‍ന്നാണ് കൊള്ള നടത്തിയത്. ഇവര്‍ക്ക് കൊള്ളയ്ക്കായുള്ള സാങ്കേതിക വിദ്യയും കാര്‍ഡുകളും നല്‍കിയത് ഡല്‍ഹി സ്വദേശിയായ രാഹുല്‍ ആണെന്നാണ് കണ്ടെത്തല്‍. ഇയാളെ പിടികൂടാനുള്ള ശ്രമങ്ങള്‍ പോലീസ് നടത്തി വരികയാണ്. കൊള്ളയടിച്ച തുക ബിറ്റ് കോയിനാക്കി കൈമാറിയെന്നും കണ്ടെത്തിയിട്ടുണ്ട്.

Related posts

Leave a Comment