ബിച്ചു തിരുമല അന്തരിച്ചു, പൊലിഞ്ഞത് മലയാള ചലച്ചിത്ര ഗാനസൗഭഗം

തിരുവനന്തപുരം: പ്രശസ്ത കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമല അന്തരിച്ചു. 79 വയസായിരുന്നു. അസുഖത്തെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെൻഡിലേറ്ററിലായിരുന്നു. ഇന്നു പുലർച്ചെ ആയിരുന്നു അന്ത്യം. ശവദാഹം പിന്നീട്. ഗാന രചനയ്ക്കുള്ള സംസ്ഥാന പുരസ്കാരം രണ്ടു തവണ ല‌ഭിച്ചിട്ടുണ്ട്. ഇതടക്കം നിരവധി പുരസ്കാരങ്ങൾ വേറെയും ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം ശാസ്തമംഗലം പട്ടാണിക്കുന്ന് സി.ജി. ഭാസ്കരൻ നായരുടെയും പാർവതിയമ്മയുടെയും മൂത്ത മകൻ ബി. ശിവശങ്കരൻ നായരാണ് ബിച്ചു തിരുമല എന്നറിയപ്പെടുന്നത്. ചേർത്തലയിലെ അച്ഛൻ തറവാടായ അയ്യനാട്ട് 1942 ഓഗസ്റ്റ് 13നാണ് ജനനം.. മുത്തച്ഛൻ വിദ്വാൻ ​ഗോപാല പിള്ളയാണ് ബിച്ചു എന്ന ചെല്ലപ്പേരിട്ടു വിളിച്ചത്. തിരുവനന്തപുരത്തേക്കു താമസം മാറിയപ്പോൾ മുഴുവൻ പേര് ബിച്ചു തിരുമല എന്നാക്കി മാറ്റി.
നീണ്ട അൻപതു വർഷങ്ങൾ. മലയാള ചലച്ചിത്ര ഗാനശാഖയിൽ ബിച്ചു തിരുമല എന്ന രചയിതാവി നിറഞ്ഞു നിന്നത് അത്രയേറെക്കാലം. വയലാർ, ഒഎൻവി, ശ്രീകുമാരൻ തമ്പി, പി. ഭാസ്കരൻ തുടങ്ങി പഴയ തലമുറ മുതൽ ഗിരീഷ് പുത്തഞ്ചേരി, കൈതപ്രം ദാമോദർ നമ്പൂതിരിതുടങ്ങി നവ മലയാളത്തിലെ ലബ്ധപ്രതിഷ്ഠർക്കിടയിലേക്ക് സ്വയം വലിയൊരു ഇരിപ്പിടം വലിച്ചിട്ടിരുന്ന പ്രതിഭ. ഇരുനൂറിൽപ്പരം ചിത്രങ്ങളിലായി അയ്യായിരത്തോളം അന‌ശ്വര ഗാനങ്ങളാണ് അദ്ദേഹം മലയാളികൾക്കു സമ്മാനിച്ചത്. നൂറുകണക്കിനു ഭക്തിഗാനങ്ങളും കുറിച്ചു.


1972 ൽ ലളിതഗാന ശാഖയിലൂടെയാണ് അദ്ദേഹം പാട്ടെഴുത്തിലേക്കു കടന്നു വന്നത്. 1972ൽ ഭജഗോവിന്ദം എന്ന സിനിമയ്ക്കു ഗാനമെഴുതി. ഈ ചിത്രം വെളിച്ചം കണ്ടില്ലെങ്കിലും അതിലെ ഗാനങ്ങൾ ആകാശവാണിയിലൂടെയും ശ്രീലങ്കൻ റേഡിയോയിലൂടെയും മലയാളികൾ മനസിലേറ്റി. ഏഴു സ്വരങ്ങളും തഴുകിവരുന്ന ഗാനങ്ങളെ നീലജലാശയത്തിന്റെ അഗാധതയിലേക്കു പ്രണയ വല്ലരികളായും കല്പിത സൗന്ദര്യകിരണങ്ങളായും കൂട്ടിക്കൊണ്ടുപോയി. ജി.ദേവരാജൻ, എം.എസ്. വിശ്വനാഥൻ, വി. ദക്ഷിണാ മൂർത്തി, എം.എസ്. ബാബു രാജ്, കെ. രാഘവൻ, എ.ടി. ഉമ്മർ, ശ്യാം, ശങ്കർ ഗണേശ്, കെ.ജെ. ജോയി, ജയ വിജയ, രവീന്ദ്രൻ, ഔസേപ്പച്ചൻ, ജെറി അമൽദേവ്, ജോൺസൺ, തുടങ്ങി ഇളയരാജയും എ.ആർ. റഹമാനും വരെയുള്ളവർ ബിച്ചുവിന്റെ വരികൾക്ക് ഈണം പകർന്നു. മുൻനിശ്ചയിച്ച ഈണങ്ങൾക്കനുസരിച്ച് കവിത രചിക്കാൻ കഴിയുന്ന നിമിഷ കവികൂടിയായിരുന്നു അദ്ദേഹം.
നടൻ മധു നിർമ്മിച്ച അക്കൽദാമയാണ് ബിച്ചു ഗാനമെഴുതി റിലീസായ ആദ്യ ചിത്രം. നീലാകാശവും മേഘങ്ങളും എന്ന ആദ്യ ഗാനം തന്നെ പ്രശസ്തിയിലേക്കുയർത്തി. പിന്നീടങ്ങോട്ട് മൈനാകം കടലിൽ നിന്നുണരുന്നുവോ…., ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം….., വാകപൂമരം ചൂടും…, ആയിരം മാതളപൂക്കൾ…, ഒറ്റക്കമ്പി നാദം മാത്രം…,., ശ്രുതിയിൽ നിന്നുയരും…, മൈനാകം…, ഒരു മുറൈ വന്ത് പാർത്തായ…, മകളെ, പാതിമലരെ…തുടങ്ങി നിരവധി നിത്യ ഹരിത ഗാനങ്ങൾ ആ തൂലികയിൽ നിന്നു പിറന്നു.
വിജയ കുമാർ, ഡോ. ചന്ദ്ര, ശ്യാം, ​ഗായിക പി.സുശീലാ ദേവി, സംഗീത സംവിധായകൻ ദർശൻ എന്നിവർ സഹോദരങ്ങൾ. കേരള വാട്ടർ അഥോരിറ്റിയിൽ ഫൈനാൻസ് ഓഫീസറായിരുന്ന പ്രസന്നകുമാരിയാണു ഭാര്യ ഏകമകൻ സുമൻ ബിച്ചുവും അച്ഛന്റെ വഴിയേ സംഗീത ലോകത്തെത്തി. എഴുത്തിലല്ല, സംവിധാനത്തിലാണെന്നു മാത്രം.

Related posts

Leave a Comment