ഭാരത് ജോ‍ഡോ: രണ്ടാം ദണ്ഡിയാത്ര

  • അഡ്വ. ജെയ്സൺ ജോസഫ്
    (മാനേജം​ഗ് ഡയറക്റ്റർ)

രോ യാത്രയ്ക്കും ഒരു ലക്ഷ്യമുണ്ട്. പ്രത്യേകിച്ച് രാഷ്‌ട്രീയ ജാഥകൾക്ക്. സ്വാതന്ത്ര്യത്തിനു മുൻപ് മുതൽ തന്നെ നമ്മുടെ രാജ്യത്ത് ചരിത്രത്തിൽ ഇടം പിടിച്ച നിരവധി രാഷ്ട്രീയ യാത്രകളുണ്ടായിട്ടുണ്ട്. ഈ യാത്രകളുണ്ടാക്കിയ ജനകീയ മുന്നേറ്റത്തിലൂടെയാണ് സൂര്യനസ്തമിക്കാത്ത സാമ്രാജ്യിത്വ ശക്തികളെ നമ്മുടെ പൂർവികർ കെട്ടുകെട്ടിച്ചത്. അതിൽ സുപ്രധാനമാണ് 1930ൽ മഹാത്മാ ​ഗാന്ധി നയിച്ച ദണ്ഡി യാത്ര. ജനങ്ങളെ കൊള്ളയടിക്കുന്ന ബ്രിട്ടീഷുകാരുടെ നികുതിക്കെതിരേ ഇന്ത്യൻ ജനതയെ ചേർത്തുപിടിച്ച് ​ഗാന്ധിജി നയിച്ച നിരായുധ പ്രക്ഷോഭമായിരുന്നു അത്. കഷ്ടിച്ച് 24 ദിവസം മാത്രമാണ് ഈ യാത്ര നീണ്ടു നിന്നത്. ആകെ സഞ്ചരിച്ച ദൂരം 385 കിലോമീറ്റർ. തുടക്കത്തിൽ ​ഗാന്ധിജിക്കൊപ്പം നടക്കാനെത്തിയത് വെറും 78 പേർ. മാർച്ച് അവസാനിച്ചപ്പോഴേക്കും ഇന്ത്യയിലാകെ ജയിലിലായത് 60,000 പേർ. സമരത്തിൽ പങ്കാളികളായത് ദശലക്ഷങ്ങൾ.

  • ദണ്ഡിയാത്ര: സ്വാതന്ത്ര്യ സമരത്തിന്റെ ഊർജം

ഉപ്പിന് ഏർപ്പെടുത്തിയിരുന്ന അസാധാരണമായ നികുതിയാണ് ​ഗാന്ധിജിയെ ചൊടിപ്പിച്ചത്. മൂന്നു വശത്തും മഹാസമുദ്രങ്ങളുള്ള ഇന്ത്യയിൽ ഉപ്പ് ഉത്പാദിപ്പിക്കാൻ ഇന്ത്യക്കാരെ ബ്രട്ടീഷ് സർക്കാർ അനുവദിച്ചിരുന്നില്ല. പകരം ഉയർന്ന നികുതി നൽകി ഇറക്കുമതി ചെയ്യുന്ന ഉപ്പ് മാത്രമേ വാങ്ങാൻ അനുവദിച്ചിരുന്നുള്ളൂ. കടൽ വെള്ളം കോരിയെടുത്ത് വലിയ പാത്രങ്ങളിൽ തിളപ്പിച്ച് വറ്റിച്ചെടുക്കാവുന്ന ഉപ്പിന് പ്രത്യേക നിർമാണ ചെലവൊന്നുമുണ്ടായിരുന്നില്ല. എന്നിട്ടും സാധാരണ ഉത്പന്നങ്ങളുടെ അനേകമിരട്ടി നികുതിഭാരമാണ് ഉപ്പിനു മേൽ അടിച്ചേല്പിക്കപ്പെട്ടിരുന്നത്. അതിനെതിരായിരുന്നു ദണ്ഡി മാർച്ച്. ​ഗുജറാത്തിലെ സബർമതി ആശ്രമത്തിൽ നിന്ന് ഏതാനും ചിലരെയും കൂട്ടി, പടിഞ്ഞാറൻ തീരത്തുള്ള ദണ്ഡിയിലെത്തി ഉപ്പ് ഉറച്ചെടുക്കാനായിരുന്നു ​ഗാന്ധിജിയുടെ പദ്ധതി. അതിലൂടെ കടുത്ത നിയമനിഷേധത്തിനാണ് അദ്ദേഹം തുടക്കം കുറിച്ചത്. അതുവഴി സർക്കാരിനെതിരായ നിസ്സഹകരണവും പ്രഖ്യാപിക്കപ്പെട്ടു. ഇന്ത്യയിൽ നിന്ന് വിദേശികളെ ആട്ടിത്തുരത്താനുള്ള നിരായുധ പ്രക്ഷോഭത്തിന്റെ തുടക്കമായിരുന്നു അത്. മൂന്നര ആഴ്ച മാത്രമായിരുന്നു ദണ്ഡിയാത്രയെങ്കിലും പിന്നീടുള്ള സ്വതന്ത്ര്യ സമരങ്ങളുടെയെല്ലാം ഊർജം സമാഹരിച്ചത് ഈ യാത്രയിൽ നിന്നായിരുന്നു. അക്രമരാഹിത്യ പ്രക്ഷോഭത്തിലൂടെ ഇന്ത്യക്കാരെ സ്വാതന്ത്ര്യ സമരരം​ഗത്തിറക്കി മുന്നേറാൻ കഴിയുമെന്ന് ​ഗാന്ധിജി അന്നു മാനസിലാക്കി. അതു വിജയം കാണുകയും ചെയ്തു.

  • വില കുറഞ്ഞത് മനുഷ്യ ജീവനു മാത്രം

സമാനമാണ് ഇന്നത്തെയും സാഹചര്യം. ഇന്നത്തെ ഇന്ത്യയെ പീഡിപ്പിക്കുന്നതും ചൂഷണം ചെയ്യുന്നതും വിദേശികളല്ലെന്ന വ്യത്യാസമേയുള്ളൂ. നാലോ അഞ്ചോ കുത്തകകളുടെ പിടിയിലാണ് നമ്മുടെ രാജ്യം. ജനങ്ങളെ കൊള്ളയടിക്കാൻ അവർക്ക് അവസരമൊരുക്കുന്ന ജോലി മാത്രമാണ് ഇപ്പോൾ കേന്ദ്രം ഭരിക്കുന്ന സർക്കാരിനുള്ളത്. 25 ഡോളർ വിലയ്ക്ക് ഒരു ബാരൽ ക്രൂഡ് ഓയിൽ കിട്ടിയപ്പോൾ ഒരു ലിറ്റർ പെട്രോളിന് നമ്മൾ സാധാരണക്കാർ 70 രൂപ വരെ വില നൽകേണ്ടി വന്ന ഒരു കാലമുണ്ടായിരുന്നു. ഒന്നാം നരേന്ദ്ര മോദി സർക്കാരിന്റെ കാലം. അതേ സമയം, ഇതേ ക്രൂഡിന് 140 ഡോളർ വിലയുണ്ടായിരുന്നപ്പോൾ 68 രൂപ മാത്രമായിരുന്നു പെട്രോളിന്റെ വില. അന്നു രാജ്യം ഭരിച്ചത് ഡോ. മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള രണ്ടാം യുപിഎ സർക്കാരായിരുന്നു. അന്ന് ഒരു കിലോ ജയ അരിക്ക് മുപ്പതു രൂപയായിരുന്നു വില. 14 കിലോ​ഗ്രാം തൂക്കമുള്ള ഒരു പാചക വാതക സിലിണ്ടറിന് 450 രൂപ മതിയായിരുന്നു. ഇന്ന് ഒരു കിലോ അരിക്ക് 60 രൂപ വിലയുണ്ട്. ഒരു പാചകവാതകക്കുറ്റിക്ക് 1050 രൂപയും. ഉപ്പു തൊട്ട് കംപ്യൂട്ടർ വരെ എല്ലാത്തിനും ഇതേ നിരക്കിലാണ് വർധന. കഴിഞ്ഞ എട്ടു വർഷത്തെ മോദി ഭരണം കൊണ്ട് നിത്യോപയോ​ഗ സാധനങ്ങളുടെ വിലയിൽ 125 മുതൽ 400 ശതമാനം വരെയാണു വർധന. മനുഷ്യ ജീവനല്ലാതെ എല്ലാത്തിനും വില കൂടി.

  • ബിജെപിക്കു നി​ഗൂഢ ലക്ഷ്യം

ഒരു നേരത്തെ ആഹാരത്തിനു പോലും വകയില്ലാതെ കോടാനു കോടി ജനങ്ങൾ പട്ടിണി കിടക്കുന്ന ഒരു രാജ്യത്തു തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനെന്നും മറക്കരുത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്ഥിബാധ്യതകളിൽ ആനുപാതിക വർധന മാത്രമെന്നു പറയുന്ന ബിജെപി നേതത്വം പക്ഷേ, മന്ത്രിസഭയിലെ രണ്ടാമനായ അമിത് ഷായുടെ കുടുംബാം​ഗങ്ങളുടെ ആസ്തിയിൽ കഴിഞ്ഞ എട്ടു വർഷം കൊണ്ടുണ്ടായ മാറ്റം എത്രയാണെന്നു പറയുന്നില്ല. അതുപോലെ ബിജെപിയിലെ സമുന്നത നേതാക്കളിൽ പലരുടെയും. ഇതേ ബിജെപിയാണ് കോൺ​ഗ്രസ് അധ്യക്ഷ സോണിയാ ​ഗാന്ധിയെയും രാഹുൽ ​ഗാന്ധിയെയും കേന്ദ്ര ഏജൻസികളെ ഉയോ​ഗിച്ച് 58 മണിക്കൂർ വരെ ചോ​ദ്യം ചെയ്തത്. എന്നിട്ട് അനധികൃത സ്വത്ത് സമ്പാദ്യത്തിന്റെ തരിമ്പെങ്കിലും കണ്ടുപിടിക്കാൻ അവർക്കായോ? ​ഗുരുതരമായ രോ​ഗത്തിനു ചികിത്സ തേടിയപ്പോഴും ഇഡി പറഞ്ഞ ദിവസം, പറഞ്ഞ സമയം, സോണിയ അന്വേഷണ ഏജൻസിക്കു മുൻപിൽ ഹാജരായത് മടിയിൽ കനമില്ലാത്തതു കൊണ്ടു മാത്രമാണ്. ബിജെപിയുടെ സമുന്നത നേതാക്കളിൽ എത്രപേർക്കുണ്ട് ഈ ധൈര്യം?

  • ബിജെപി വിതയ്ക്കുന്നതു വെറുപ്പിന്റെ രാഷ്‌ട്രീയം

എതിർക്കുന്നവരെ നിശബ്ദരാക്കുന്ന അടവ് രഷ്‌ട്രീയമാണ് ബജെപി പയറ്റുന്നത്. വെറുപ്പിന്റെയും പകയുടെയും അക്രമത്തിന്റെയും ഭാഷയിലാണ് അവർ സംസാരിക്കുന്നത്. രാജ്യത്തിന്റെ അടിസ്ഥാന വർ​ഗത്തിന്റെ ഉന്നതിയല്ല അവരുടെ ലക്ഷ്യം. ഇന്ത്യൻ മണ്ണിന്റെ യഥാർഥ ഉടമകളായ കർഷകരെപ്പോലും കൂട്ടക്കൊല ചെയ്തവരാണ് ഈ രാജ്യം ഭരിക്കുന്നത്. 2020-21 കാലത്തെ കർഷക സമരം സമാനതകളില്ലാത്തതാണ്. ബിജെപി സർക്കാരിന്റെ കർഷക വിരുദ്ധ നിലപാടുകൾക്കും ദേശദ്രോഹ സമീപത്തിനും ഇതിനെക്കാൾ വലിയ ഉ​ദാഹരണം വേണ്ട. കോവിഡ് മഹാമാരിക്കാലത്ത് പാർലമെന്റിനെ നോക്കുകുത്തിയാക്കി നരേന്ദ്ര മോദി സർക്കാർ പാസാക്കിയ മുന്നു കർഷ വിരുദ്ധ നിയമങ്ങൾക്കെതിരേ ദശലക്ഷക്കണക്കിനു കർഷകരാണ് തെരുവിലിറങ്ങിയത്. പട്ടിണിക്കിട്ടും പീഡിപ്പിച്ചും കൊടും തണുപ്പിൽ മരവിച്ചും 674 കർഷകർക്കു ജീവൻ നഷ്ടമായി. ഇത് സർക്കാർ തന്നെ നൽകന്ന ഔദ്യോ​ഗിക കണക്ക്. എന്നാൽ പഞ്ചാബിലും ഹരിയാനയിലും യുപിയിലും രാജസ്ഥാനിലുമൊക്കെയായി ഇതിന്റെ അനേകമിരട്ടി കർഷകർ സമരത്തിന്റെ ഇരകളായി ജവത്യാ​ഗം ചെയ്തു.
അതുകൊണ്ടും മതിയാകാതെ ഒരു കേന്ദ്ര മന്ത്രിയുടെ മകൻ നേരിട്ടിറങ്ങി കർഷകരുടെ നെഞ്ചിലൂടെ കാർ ഓടിച്ചിറക്കിയ കൊടുംക്രൂരതയ്ക്കും രാജ്യം സാക്ഷ്യം നിന്നു. യുപിയിലെ ലഖിംപുർ ഖേരിയിൽ എട്ടു കർഷകരുടെ ജീവനെടുത്ത ഈ സംഭവത്തിൽ ബിജെപി നേതാവും ആഭ്യന്തര സഹമന്ത്രിയുമായിരുന്ന അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യുന്നതിനു പോലും യുപി സർക്കാർ കൂട്ടാക്കിയില്ല. യുപി സർക്കാർ സർവസന്നാഹങ്ങളുമായി എതിർത്തിട്ടും ലഖിംപുർ ഖേരിയിലെത്തിയ കോൺ​ഗ്രസ് നേതാക്കളായ രാഹുൽ ​ഗാന്ധിയുടെയും പ്രിയങ്ക ​ഗാന്ധിയുടെയും പതിനായിരക്കണക്കിനു കോൺ​ഗ്രസ് പ്രവർത്തകരുടെയും പ്രക്ഷോഭതതിനും പ്രതിഷേധത്തിനുമൊടുവിലാണ് പേരിനൊരു അറസ്റ്റ് എങ്കിലും രേഖപ്പെടുത്തപ്പെട്ടത്.
378 ദിവസം നീണ്ടു നിന്ന രാഷ്‌ട്രീയ രഹിത സമ്പൂർണ കർഷക പ്രക്ഷോഭത്തോടു മുഖം തിരിച്ച ഭരണകൂടമാണ് നരേന്ദ്ര മോദിയുടേത്. എന്നുവച്ചാൽ ജനങ്ങളോടല്ല അവരുടെ പ്രതിബദ്ധത എന്നർഥം. കോർപ്പറേറ്റ് കുത്തകകളോടു മാത്രം. അതിനെതാരായ ജനകീയ മുന്നേറ്റമാണ് രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര. രൂക്ഷമായ വിലക്കയറ്റത്തിനും കർഷകവിരുദ്ധ സമീപനത്തിനും അനിയന്ത്രിതമായ കുത്തകവൽക്കരണത്തിനും തൊഴിലില്ലായ്മക്കുമൊക്കെ എതിരായ ജനമുന്നേറ്റം.
ദണ്ഡിയാത്രയിലെന്ന പോലെ ഓരോ ദിവസവും ഭാരത് ജോഡോ യാത്രയിലെ ജനപങ്കാളിത്തം കൂടിവരികയാണ്. അതിൽ കേന്ദ്രം ഭരിക്കുന്ന ബിജെപി വല്ലാതെ ബേജാറാവുന്നുണ്ട്. ഭയപ്പെടുന്നുണ്ട്. അതുകൊണ്ടാണ് ബിജെപി നേതൃത്വം ഭരത് ജോഡോ യാത്രയെ തള്ളിപ്പറയുന്നത്.

  • ജോഡോ യാത്രയുടെ വിജയവും അതു തന്നെ

തെരഞ്ഞെടുപ്പ് പരാജയത്തെത്തുടർന്ന് 1979ൽ ഇന്ദിരാ​ഗാന്ധി നയിച്ച ബെൽച്ചി യാത്രയുടെ ഫലം മോദിയും നഡ്ഡയും അമിത് ഷായും ഒക്കെ ഓർമിക്കുന്നുണ്ടാകും. ഇനിയൊരിക്കലും കോൺ​ഗ്രസ് തിരിച്ചുവരില്ലെന്നു പ്രവചിച്ചവരുടെ മുന്നിലേക്ക് 1980ൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ കോൺ​ഗ്രസിനെ തിരികെയെത്തിച്ചത് ഈ യാത്രയും തുടർന്ന് ഇന്ദിര നയിച്ച ഭാരത പര്യടനവുമായിരുന്നു. 1985ൽ രാജീവ് ഗാന്ധി നയിച്ച കോൺ​ഗ്രസ് സന്ദേശ് യാത്രയിലാണ് കോൺ​ഗ്രസ് ഇന്ത്യയിൽ ശക്തമായ ആധിപത്യം പുനഃസ്ഥാപിച്ചെടുത്തത്. അതുകൊണ്ടു മാത്രമാണ് 2004ൽ എൽ.കെ. അഡ്വാനി നയിച്ച ഭാരത് ഉദയ് യാത്ര ഫലം കാണാതെ പോയത്. ആന്ധ്ര പ്രദേശിൽനിന്ന് കോൺ​ഗ്രസ് തൂത്തെറിയപ്പെ‌ട്ടെന്നു പറഞ്ഞ് ആശ്വസിച്ചിരുന്നവരുടെ മുന്നിലൂടെ 2003ൽ വൈ.എസ്. രാജശേഖര റെഡ്ഢി നയിച്ച കോൺ​ഗ്രസ് പദയാത്രയിലൂടെയാണ് അവിടെ കോൺ​ഗ്രസ് ഭരണം പിടിച്ചത്. 2017ൽ നർമദ പരിക്രമൺ യാത്ര നയിച്ചെത്തിയ ദി​ഗ് വിജയ് സിംങ് മധ്യപ്രദേശിന്റെ ഭരണം പിടിച്ചതും ചരിത്രം.
ഇതൊക്കെത്തന്നെയാണ് രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെയും ലക്ഷ്യം. ആ ലക്ഷ്യം സാക്ഷാത്കരിക്കുമെന്ന് അടിവരയിടുന്നതാണ് കഴിഞ്ഞ 14 ദിവസമായി ഈ ജാഥയ്ക്ക് ലഭിക്കുന്ന വരവേല്പും ജന പങ്കാളിത്തവും. ഈ യാത്രയിലെ ഒരം​ഗം എന്ന നിലയിലും സാക്ഷിയെന്ന നിലയിലും ഒരു കാര്യം ഉറപ്പിച്ചു പറയാം. യാത്രയിൽ പങ്കുചേരുന്നവരെല്ലാം കോൺ​ഗ്രസുകാരല്ല. മറ്റ് കക്ഷികളിൽ നിന്നുള്ളവർ പോലും ആയിരങ്ങളുണ്ട്. അതു തന്നെയാണ് രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ വിജയവും.

Related posts

Leave a Comment