എക്സൈസ് ഡ്യൂട്ടി ബെവ്കോ അടയ്ക്കും; മദ്യ കമ്പനികളുമായുള്ള തർക്കം പരിഹരിച്ചു

തിരുവനന്തപുരം: മദ്യ കമ്പനികൾ എക്സൈസ് ഡ്യൂട്ടി മുൻകൂറായി അടയ്ക്കണമെന്ന നിർദ്ദേശത്തെ തുടർന്ന് ബെവ്കോയും മദ്യ കമ്പനികളും തമ്മിലുണ്ടായ തർക്കം പരിഹരിച്ചു. ബെവ്കോ മാനേജിങ് ഡയറക്ടറുടെ സർക്കുലർ പരിഗണിക്കാതിരുന്ന മദ്യകമ്പനികൾ സംസ്ഥാനത്തെ മദ്യവിതരണം ഭാഗികമായി കുറച്ചതോടെയാണ് സർക്കാർ തലത്തിൽ ഇടപെട്ട് തർക്കം ഒത്തുതീർപ്പാക്കിയത്. ക്രിസ്മസ്, ന്യൂഇയർ ആഘോഷ വേളയിൽ സംസ്ഥാനത്ത് മദ്യദൗർലഭ്യം ഉണ്ടാകുമെന്ന് ഉറപ്പായതോടെയാണ് എക്സൈസ് മന്ത്രി ഗോവിന്ദൻ മുൻകൈയെടുത്ത് മദ്യ കമ്പനികളുമായി ചർച്ച നടത്തിയത്. മറ്റ് സംസ്ഥാനങ്ങളിലെ മദ്യക്കമ്പനികളിൽ നിന്ന് കേരളത്തിലേക്ക് മദ്യം ഇറക്കുമതി ചെയ്യുമെന്നായിരുന്നു നേരത്തെ എക്സൈസ് മന്ത്രിയുടെ ഭീഷണി. ഇതിനായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കിയതോടെ മദ്യ കമ്പനികൾ വീണ്ടും വിതരണം കുറച്ചു. ഇതോടെയാണ് തർക്കത്തിൽ ഇടപെട്ട് പരിഹാരമുണ്ടാക്കാൻ മന്ത്രി തന്നെ മുൻകൈയെടുത്തത്.
മദ്യ കമ്പനികൾ സർക്കാരിന് നൽകേണ്ട എക്‌സൈസ് ഡ്യൂട്ടി ഈ സാമ്പത്തിക വർഷാവസാനം വരെ നിലവിലുള്ള രീതിയിൽ ബീവറേജ് കോർപ്പറേഷൻ മുൻകൂട്ടി അടയ്ക്കാനാണ് ധാരണയായതെന്ന് എക്സൈസ് മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് വർഷങ്ങളായി എക്‌സൈസ് ഡ്യൂട്ടി ബീവറേജ് കോർപ്പറേഷൻ അടക്കുന്ന രീതിയാണ് നിലവിലുള്ളത്. ഇത് അബ്കാരി ചട്ടത്തിന് വിരുദ്ധമായതിനാൽ അക്കൗണ്ട് ജനറലിന്റെ ഓഡിറ്റിൽ വിമർശന വിധേയമായിട്ടുണ്ട്. ഇതോടെയാണ് ഈ രീതി നിർത്തലാക്കി കമ്പനികളോട് നേരിട്ട് എക്‌സൈസ് ഡ്യൂട്ടി അടക്കാൻ നിർദേശിച്ചത്. എന്നാൽ, ഇതിന്റെ പേരിൽ രണ്ടാഴ്ചയോളമായി മദ്യ കമ്പനികൾ മദ്യവിതരണം നിർത്തിവെച്ചിരിക്കുകയായിരുന്നു. ഡിസ്റ്റലറി ഉടമകളുടെ സംഘടന നൽകിയ നിവേദനം പരിഗണിച്ചാണ് ഇന്നലെ ചർച്ച നടത്തിയത്. നികുതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ബീവറേജ് കോർപ്പറേഷൻ സി എം ഡി, അഡീഷണൽ എക്‌സൈസ് കമ്മീഷണർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് പ്രശ്‌ന പരിഹാരമുണ്ടായതെന്ന് മന്ത്രി വ്യക്തമാക്കി.

Related posts

Leave a Comment