മദ്യത്തിന്റെ നികുതി ഇനി ബെവ്കോ അടയ്ക്കില്ല; കോർപ്പറേഷന്റെ പ്രതിവർഷ നഷ്ടം 1,856 കോടി

തിരുവനന്തപുരം: സംസ്ഥാനത്ത് വിൽപ്പന നടത്തുന്ന മദ്യത്തിന്റെ എക്സൈസ് നികുതിയും ഇറക്കുമതി ഫീസും ഇനി ബിവറേജസ് കോർപ്പറേഷൻ അടയ്ക്കില്ലെന്ന് ബെവ്കോ മാനേജിങ് ഡയറക്ടർ എസ്. ശ്യാം സുന്ദർ. മദ്യ ഉൽപാദകരും വിതരണക്കാരുമാണ് ഈ തുക ഇനിമുതൽ അടയ്ക്കേണ്ടത്. അത് മുൻകൂറായി അടയ്ക്കണമെന്ന് അവരെ അറിയിച്ചിട്ടുണ്ട്. ഇതുവരെ നികുതി നൽകിയതിലൂടെ കോർപ്പറേഷന് പ്രതിവർഷം 1,856 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി. എക്സൈസ് ഡ്യൂട്ടി ഉൽപാദകരും വിതരണക്കാരും അടയ്ക്കണമെന്നാണ് അബ്കാരി ആക്ടിൽ പറയുന്നതെങ്കിലും സമ്മർദങ്ങൾക്കു വഴങ്ങി കോർപറേഷനാണ് തുക വർഷങ്ങളായി അടച്ചിരുന്നത്. ഇനി ഈ രീതി തുടരില്ലെന്നും, സർക്കാരിനു നഷ്ടം വരുന്ന തീരുമാനം അംഗീകരിക്കാനാകില്ലെന്നുമാണ് ബെവ്കോയുടെ നിലപാട്.

128 കമ്പനികളാണ് ബവ്റിജസ് കോർപറേഷനു മദ്യം നൽകുന്നത്. ഇതിൽ ഇരുപതോളം കമ്പനികളാണ് വിൽപ്പനയുടെ സിംഹഭാഗവും നിയന്ത്രിക്കുന്നത്. വിലയനുസരിച്ച് 21 മുതൽ 23.5 ശതമാനം വരെയാണ് എക്സൈസ് ഡ്യൂട്ടി ഈടാക്കുന്നത്. അബ്കാരി ആക്ടിലെ സെക്‌ഷൻ 18(2) അനുസരിച്ച് ഈ നികുതി അടയ്ക്കേണ്ടത് ഉൽപ്പാദകരും വിതരണക്കാരും ചേർന്നാണ്. എന്നാൽ, ബവ്കോയിലെ ഒരു വിഭാഗം ഇവർക്കനുകൂലമായി നിലപാടെടുത്ത് തുക അടയ്ക്കുകയായിരുന്നെന്ന് അധികൃതർ പറയുന്നു. ഈ മാസം ആറാം തീയതി മുതൽ പെർമിറ്റിനു അപേക്ഷിക്കുമ്പോൾ ഉൽപാദകരും വിതരണക്കാരും ഈ തുക എക്സൈസ് ഡിപ്പാർട്ട്മെന്റിൽ മുൻകൂറായി അടയ്ക്കണമെന്നും കോർപറേഷൻ നിർദേശം നൽകി.ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് സംസ്ഥാനത്ത് 212 ശതമാനമാണ് നികുതി. വിലകുറഞ്ഞ ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ നികുതി 202 ശതമാനമാണ്. ബിയറിന്റെ നികുതി 102 ശതമാനം. വിദേശ നിർമിത വിദേശ മദ്യത്തിന്റെ നികുതി 80 ശതമാനം. ബവ്റിജസ് കോർപ്പറേഷൻ മദ്യക്കമ്പനികളിൽനിന്ന് വാങ്ങുന്ന വിലയ്ക്കുമേൽ നികുതി, എക്സൈസ് ഡ്യൂട്ടി, ഗാലനേജ് ഫീസ് (സ്പിരിറ്റിന്റെ ഉപയോഗത്തിന് എക്സൈസ് ഈടാക്കുന്നത്), ലാഭം, പ്രവർത്തന ചിലവ് എന്നിവയെല്ലാം ചുമത്തിയ ശേഷമാണ് മദ്യം വിൽപ്പനയ്ക്കെത്തുന്നത്.
അതേസമയം, മദ്യവില കൂടുമെന്ന വാർത്തകൾ എംഡി നിഷേധിച്ചു. മദ്യക്കമ്പനികളുമായി ചർച്ച ചെയ്തു വില കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കാനാണ് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment