ഓൺലൈൻ മദ്യവിൽപ്പന കൂടുതൽ ഷോപ്പുകളിലേക്ക്; ഔട്ട്ലെറ്റുകളിലേക്ക് കൂടുതൽ ബ്രാൻഡുകൾ എത്തിക്കും

തിരുവനന്തപുരം: പരീക്ഷണാടിസ്ഥാനത്തിൽ സജ്ജീകരിച്ച ഓൺലൈൻ മദ്യ വിൽപ്പന വിജയമായതോടെ കൂടുതൽ ഷോപ്പുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി ബിവറേജസ് കോർപ്പറേഷൻ. 30-ഓളം ഔട്ട്ലെറ്റുകളിൽ ഓൺലൈൻ വ്യാപാരം ഉടൻ വ്യാപിപ്പിക്കാനാണ് തീരുമാനം. ഇതിന്റെ ബുക്കിങ് സെപ്റ്റംബറിൽ തന്നെ തുടങ്ങും. ഈ വർഷാവസാനമോ അടുത്ത വർഷത്തിന്റെ ആദ്യ പകുതിയിലോ എല്ലാ ഔട്ട്ലെറ്റുകളും ഓൺലൈൻ ബുക്കിങിന്റെ പരിധിയിലാകും.
നിലവിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഓരോ ഷോപ്പുകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഓൺലൈൻ ബുക്കിങ് തുടങ്ങിയത്. ബുക്കിങ് ആരംഭിച്ച ഓഗസ്റ്റ് 17 മുതൽ 25 വരെയുള്ള വിൽപന നേട്ടമായി. തിരുവനന്തപുരത്തെ പഴവങ്ങാടി ഷോപ്പിൽ 215 പേർ ഓൺലൈനിലൂടെ ബുക്ക് ചെയ്തു, വരുമാനം 2,86,000 രൂപ. എറണാകുളം ഗാന്ധിനഗർ ഷോപ്പിൽ 313 പേർ ബുക്ക് ചെയ്തപ്പോൾ 7,47,330 രൂപ വരുമാനം കിട്ടി. കോഴിക്കോട് പാവമണി റോഡിലെ ഷോപ്പിൽ 329 പേർ ബുക്ക് ചെയ്തു, വരുമാനം 3,27,000.
വിലകൂടിയ മദ്യങ്ങൾ മാത്രമായിരുന്നു ഓൺലൈൻ ബുക്കിങ്ങിനുണ്ടായിരുന്നത്. എന്നിട്ടും ഇത്രയും തുക ലഭിച്ചത് മികച്ച പ്രതികരണമായി ബെവ്കോ കാണുന്നു. ഓൺലൈൻ സംവിധാനത്തെക്കുറിച്ച് ഉപഭോക്താക്കളിൽ നടത്തിയ സർവേയിലും നല്ല അഭിപ്രായമാണ് ലഭിച്ചത്. ശരാശരി 500 മദ്യ ഇനങ്ങളാണ് സാധാരണ ഷോപ്പിലുള്ളതെങ്കിൽ ഓൺലൈൻ ബുക്കിങ് സൈറ്റിൽ ഏകദേശം 50 ഇനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഓൺലൈൻ സംവിധാനം വിജയമായതോടെ കൂടുതൽ മദ്യ ഇനങ്ങൾ സൈറ്റിൽ ഉൾപ്പെടുത്തും.
http:booking.ksbc.co.in എന്ന ലിങ്ക് വഴിയാണ് ബുക്കിങ് സൈറ്റിൽ ഏത്തേണ്ടത്. മൊബൈൽ നമ്പർ റജിസ്റ്റർ ചെയ്യുമ്പോൾ അതിലേക്കു വരുന്ന ഒറ്റത്തവണ പാസ്‌വേഡ് ഉപയോഗിച്ച് റജിസ്ട്രേഷൻ പൂർത്തീകരിക്കണം. തുടർന്നുള്ള കോളങ്ങളിൽ പേര്, ജനനത്തീയതി, ഇ–മെയിൽ ഐഡി എന്നിവ നൽകി പ്രൊഫൈൽ തയാറാക്കണം. ഇതുകഴിഞ്ഞാൽ ഷോപ്പുകളുടെ വിവരങ്ങളും മദ്യഇനങ്ങളുടെ വിശദാംശങ്ങളുമുള്ള പേജിലേക്കു പോകാം. ജില്ല, മദ്യശാല എന്നിവ തിരഞ്ഞെടുക്കാം. തിരഞ്ഞെടുക്കുന്ന മദ്യം കാർട്ടിലേക്കു മാറ്റി ഓർഡർ നൽകി ഓൺലൈനിൽ പണമടയ്ക്കാം.
റഫറൻസ് നമ്പർ, ചില്ലറ വിൽപനശാലയുടെ വിവരങ്ങൾ, മദ്യം കൈപ്പറ്റേണ്ട സമയം എന്നിവ റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിൽ എസ്എംഎസായി ലഭിക്കും. ഷോപ്പിലെത്തി റഫറൻസ് നമ്പർ നൽകി മദ്യം വാങ്ങാം. രജിസ്ട്രേഷൻ പൂർത്തീകരിച്ചവർക്ക് വീണ്ടും മദ്യം വാങ്ങണമെങ്കിൽ വീണ്ടും വെബ്സൈറ്റിൽ ബുക്ക് ചെയ്യണം. ഓൺലൈൻ ബുക്കിങ്ങിനായി പ്രത്യേക കൗണ്ടർ ഏർപ്പെടുത്തിയിട്ടുണ്ട്.

Related posts

Leave a Comment