കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ബെവ്കോ ഔട്ട്‌ലെറ്റുകള്‍ തുറക്കുംഃ ആന്‍റണി രാജു

തിരുവനന്തപുരം: ബിവറെജസ് കോര്‍പ്പറേഷനും കെഎസ്ആര്‍ടിസിയും തമ്മിലുള്ള ഒത്തുകളി ഗതാഗത വകുപ്പ് മന്ത്രി തന്നെ നിയമസഭയില്‍ പ്രഖ്യാപിച്ചു. കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ബിവറെജസ് കോര്‍പ്പറേഷന്‍റെ വില്പന ഡിപ്പോകള്‍ തുടങ്ങാനുള്ള ചര്‍ച്ച തുടരുകയാണെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ അങ്ങനെ ഒരു ആലോചന പോലുമില്ലെന്നായിരുന്നു ഇതുവരെ മന്ത്രി പറഞ്ഞിരുന്നത്. ഇതു സംബന്ധിച്ച വാര്‍ത്തകളെല്ലാം ബന്ധപ്പെട്ടവര്‍ നിഷേധിച്ചിരുന്നു.

കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ ബെവ്കോ ഔട്ട്ലെറ്റ് സ്ഥാപിക്കുന്ന കാര്യം സംബന്ധിച്ച് ചർച്ച തുടരുകയാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു സഭയില്‍ വെളിപ്പെടുത്തി . കെഎസ്ആർടിസി ഡിപ്പോകളും സ്റ്റാൻഡും ഇല്ലാത്ത ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളിൽ ഔട്ലെറ്റിനുള്ള സാധ്യത പരിശോധിക്കുകയാണ്. ബെവ്കോയുമായി ചർച്ച തുടരുന്നുവെന്ന് ആന്റണി രാജു രേഖാ മൂലം നിയമസഭയെ അറിയിച്ചു.

അതേസമയം, സംസ്ഥാനത്തെ ബീവറേജ് കോര്‍പ്പറേഷന് കീഴിലുള്ള മദ്യ വില്‍പ്പന ശാലകള്‍ തുറന്നു പ്രവർത്തിക്കുന്ന സമയത്തിൽ മാറ്റം വന്നു. ഇന്ന് മുതലാണ് സമയക്രമത്തില്‍ മാറ്റം വന്നത്. രാവിലെ 10 മുതൽ രാത്രി 9 വരെ പ്രവർത്തിക്കും. കൊവിഡ് ഇളവുകളുടെ പശ്ചാത്തലത്തിലാണ് പുതിയ മാറ്റം എന്ന് ബെവ്കോ അധികൃതര്‍‍ അറിയിച്ചു. എന്നാല്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ബാറുകളുടെ പ്രവർത്തന സമയത്തിൽ മാറ്റമില്ല. രാവിലെ 11 മുതൽ രാത്രി 9 വരെയായിരിക്കും ബാറുകളുടെ പ്രവര്‍ത്തന സമയം.

മദ്യവിൽപ്പനശാലകളിലെ തിരക്കിന്‍റെ പേരിൽ പരക്കെ ഉണ്ടാകുന്ന വിമർശനങ്ങള്‍ മറികടക്കാൻ പുതുപരീക്ഷണവുമായി ബെവ്കോ രംഗത്ത് വരികയാണ്. മദ്യത്തിന് ഓണ്‍ലൈന്‍ പേയ്മെന്‍റ് സംവിധാനമൊരുക്കുകയെന്ന പരീക്ഷണത്തിലേക്ക് ബെവ്കോ കടക്കുന്നത്. സെപ്തംബര്‍ 17 മുതൽ പുതിയ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിവരികയാണ് ബെവ്കോ. ബെവ്‌കോ ചില്ലറ വിൽപനശാലകളിൽ ഓൺലൈന്‍ ബുക്കിംഗ് സംവിധാനം നടപ്പാക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവടങ്ങലിലായി, മൂന്ന് ഔട്ലെറ്റുകളിലാണ് ഓണ്‍ലൈന്‍ ബുക്കിംഗ് ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുന്നത് . തിരക്ക് കുറക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണിത്. ബെവ്കോയുടെ വെബ്സൈറ്റില്‍ പേയ്മെന്‍റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഉപഭോക്താക്കൾ മൊബൈൽ നമ്പർ നൽകി രജിസ്‌ട്രേഷൻ പൂർത്തിയാക്കണം.മദ്യം തെരഞ്ഞെടുത്ത് പണമടച്ച്കഴിഞ്ഞാല്‍ ചില്ലറ വിൽപനശാലയുടെ വിവരങ്ങളും, മദ്യം കൈപ്പറ്റേണ്ട സമയവും അടങ്ങിയ എസ്.എം.എസ് സന്ദേശം രജിസ്റ്റർ ചെയ്ത് മൊബൈൽ നമ്പറിലേക്ക് ലഭിക്കും. വില്‍പ്പനശാലയിലെത്തി എസ്.എം.എസ് കാണിച്ച് മദ്യം വാങ്ങാം. പരീക്ഷണം വിജയിച്ചാല്‍ കൂടുതല്‍ ഔട്ലെറ്റുകളിലേക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം വ്യാപിപ്പിക്കുമെന്ന് ബെവ്കോ അറിയിച്ചു.

Related posts

Leave a Comment