ന്യൂഡൽഹി: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ ശബരി റെയിൽവേ പുനരാരംഭിക്കണമെന്ന് ബെന്നി ബഹനാൻ ലോക്സഭയിൽ ചട്ടം 377 പ്രകാരം ആവശ്യപ്പെട്ടു. അങ്കമാലി മുതൽ ശബരിമല വരെ 116 കിലോമീറ്റർ ആണ് പദ്ധതി യുടെ ദൂരം. അതിൽ അങ്കമാലി മുതൽ കാലടി വരെയുള്ള കേവലം എട്ട് കിലോമീറ്റർ മാത്രമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ നിലവിൽ റയിൽവേ ലൈൻ ഇല്ലാത്ത പ്രദേശങ്ങളെ കൂടി ബന്ധിപ്പിച്ച് നടപ്പാക്കുന്ന പദ്ധതി കേരളത്തിന്റെ റയിൽവേ വികസനത്തിൽ നിർണ്ണായക പങ്കാണ് വഹിക്കുക. ശബരിപാത, പുനലൂർ – ചെങ്കോട്ട ലൈനുമായി ബന്ധിപ്പിക്കാനുള്ള എല്ലാ സാദ്ധ്യതകളും നിലവിലുള്ളതിനാൽ ഈ പദ്ധതി യദ്ധാർഥ്യമായാൽ കേരളത്തിന് ഒരു സമാന്തര റെയിൽവേ പാത കൂടി ലഭ്യമാകുമെന്നും എം പി സഭയെ അറിയിച്ചു.
കേരള സർക്കാർ 07.01.2021 ലെ കത്തുപ്രകാരം പദ്ധതിയുടെ 50 % ചിലവ് വഹിക്കുന്നത് സംബന്ധിച്ച് റെയിൽവേയ്ക്ക് ഉറപ്പ് നൽകിയിട്ടുള്ളതാണ്. കൂടാതെ കേരളാ സർക്കാർ 2000 കോടി രൂപ, പദ്ധതിക്കായി 2021-22 ലെ ബജറ്റിൽ വകയിരുത്തുകയും, 2825 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് കേരള റയിൽവേ ഡെവലപ്പ്മെന്റ് ബോർഡ് തയ്യാറാക്കി അംഗീകാരത്തിനായി റെയിൽവേക്ക് സമർപ്പിക്കുകയും ചെയ്തിട്ടുള്ളതാണ്.
ഈ സാഹചര്യത്തിൽ പദ്ധതിയുടെ തുടർ നടപടികൾ പൂർത്തീകരിച്ച് പ്രവർത്തി പുനരാരംഭിക്കുന്നതിനുള്ള നടപടികൾ കേന്ദ്രസർക്കാർ ഉടനടി കൈക്കൊള്ളണമെന്ന് എം പി സഭയിൽ ആവശ്യപ്പെട്ടു.