കോവിഡ് ബാധിച്ച്‌ മരിക്കുന്നവരുടെ എണ്ണം സര്‍ക്കാര്‍ പൂഴ്ത്തിവയ്ക്കുകയാണെന്ന് ബെന്നി ബഹനാന്‍ എം പി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ മരിക്കുന്നവരുടെ എണ്ണം സര്‍ക്കാര്‍ പൂഴ്ത്തിവയ്ക്കുകയാണെന്ന് ബെന്നി ബഹനാന്‍ എം പി. 20,913 കോവിഡ് മരണങ്ങള്‍ സര്‍ക്കാര്‍ പൂഴ്ത്തി വച്ചതായും അദ്ദേഹം ആരോപിച്ചു. കൊവിഡാനന്തര മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. ജൂലായ് മൂന്ന് മുതലാണ് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ പേരുവിവരങ്ങള്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച്‌ തുടങ്ങിയത്. ഇതിലും കള്ളക്കളിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് മരണങ്ങളുടെ സംഗ്രഹം എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നതെങ്കിലും പഴയ മരണങ്ങള്‍ തിരുകികയറ്റിയാണ് പട്ടിക പുറത്തുവിടുന്നത്. സംസ്ഥാന സര്‍ക്കാര്‍ പൂഴ്ത്തിവച്ച കോവിഡ് മരണങ്ങള്‍ കണ്ടുപിടിക്കാന്‍ കോവിഡ് ഡെത്ത് കൗണ്ട് ക്യാമ്ബയിന്‍ എന്ന പേരില്‍ ജനകീയ പ്രചാരണം ആരംഭിക്കുകയാണ്. തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഇതിനായി പ്രചാരണം തുടങ്ങുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഫേസ്ബുക്ക് പേജില്‍ പ്രചാരണവുമായി ബന്ധപ്പെട്ട പോസ്റ്റിനും വീഡിയോയ്ക്കും താഴെ കോവിഡ് മരണമെന്ന് ഉറപ്പുള്ളതും സര്‍ക്കാര്‍ കണക്കില്‍പ്പെടാത്തതുമായ മരണങ്ങള്‍ കമന്‍റായി ജനങ്ങള്‍ക്ക് അറിയിക്കാം. കൊവിഡ് ബാധിച്ച്‌ മരണപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്‍റെ കള്ളക്കളി മൂലം ഇരുപതിനായിരത്തിലേറെ പേര്‍ക്ക് ആനുകൂല്യം നഷ്‌ടപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ പൂഴ്ത്തി വച്ച മരണങ്ങള്‍ പുറത്തു കൊണ്ടുവന്ന് ഇവര്‍ക്കും ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഈ പ്രചാരണമെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ വിദഗ്‌ദ്ധരുടെ കണക്ക് പ്രകാരം സര്‍ക്കാര്‍ പറയുന്നതിനേക്കാള്‍ മൂന്നിരട്ടിയാണ് കോവിഡ് മരണം. 2021 മെയ് മാസത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ കണക്ക് പ്രകാരം 4,395 കോവിഡ് മരണങ്ങളാണ് നടന്നത്. എന്നാല്‍ ഇതേ മാസം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കണക്ക് പ്രകാരം മരണ സംഖ്യ 10,602 ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്ലാ ജില്ലകളിലും കൊവിഡ് മരണത്തിന്‍റെ കണക്കുകളില്‍ തിരിമറി നടന്നിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് 35,851 കോവിഡ് മരണങ്ങള്‍ നടന്നപ്പോള്‍ സര്‍ക്കാര്‍ കണക്കില്‍ 14,938 ആയി കുറഞ്ഞുവെന്നും ഈ കള്ളക്കളിക്ക് സര്‍ക്കാര്‍ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related posts

Leave a Comment