മോൻസൺ മാവുങ്കൽ അന്താരാഷ്ട്ര കള്ളക്കടത്ത് സംഘത്തിന്റെ ഇന്ത്യയിലെ കണ്ണി; കേന്ദ്ര- സംസ്‌ഥാന ഏജൻസികളുടെ സംയുക്ത അന്വേഷണം വേണം: ബെന്നി ബഹനാൻ എം.പി

കൊച്ചി: പുരാവസ്തുക്കളുടെ മറവിൽ കോടികളുടെ തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കൽ അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘത്തിലെ ഇന്ത്യയിലെ കണ്ണിയാണെന്നും ഇപ്പോഴത്തെ അന്വേഷണം ഇയാളെ രക്ഷിക്കാൻ വേണ്ടിയുള്ളതാണെന്നും ബെന്നി ബഹനാൻ എം.പി. വെറും പണം തട്ടിപ്പ് കേസ് മാത്രമാക്കി നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം പ്രതികളെ രക്ഷിക്കാൻ വേണ്ടിയുള്ളതാണോയെന്ന് സംശയമുണ്ട്. ഉന്നതരായ പൊലീസ് ഉദ്യോഗസ്‌ഥർ, ഉന്നത രാഷ്ട്രീയ നേതാക്കൾ, ചലച്ചിത്ര താരങ്ങൾ, മാധ്യമപ്രവർത്തകർ തുടങ്ങിയവരെ വീട്ടിൽ ക്ഷണിച്ചു വരുത്തി ഉന്നതബന്ധം ഉണ്ടെന്ന പുകമറ സൃഷ്ടിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ഗൗരവമായ അന്വേഷണം നടത്തിയാൽ മാത്രമേ ഇയാളുടെ തട്ടിപ്പുകൾ പുറത്തു കൊണ്ടുവരാൻ കഴിയൂ എന്ന് ബെന്നി ബഹനാൻ പറഞ്ഞു.

മഞ്ഞുമലയുടെ ഒരംശം മാത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ മയക്കുമരുന്ന് കള്ളക്കടത്ത് കഴിഞ്ഞാൽ ശക്തമായ മാഫിയാണ് പുരാവസ്തു കള്ളക്കടത്ത്. കള്ളക്കടത്ത് നടത്തിയതിനെതിരെയുള്ള അന്വേഷണമാണ് മോൻസൻ മാവുങ്കലിന് എതിരെ നടത്തേണ്ടത്. കള്ളക്കടത്ത് സംഘത്തിന്റെ പണം രാജ്യാന്തര തലത്തിൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്ന് വിവിധ ഏജൻസികൾ കണ്ടെത്തിയിട്ടുള്ളതാണ്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ ഇത്തരം കാര്യങ്ങൾ പുറത്തു കൊണ്ടുവരാൻ കഴിയില്ല. ഇയാളുടെ വീടിനും വ്യാജ പുരാവസ്തുക്കൾക്കും സംരക്ഷണം നൽകാൻ പോലീസ് മേധാവിയായിരുന്ന ലോക്‌നാഥ്‌ ബെഹ്‌റ കത്ത് നൽകാൻ ഇടയായ സാഹചര്യം അദ്ദേഹം തന്നെ വിശദീകരിക്കണം. ബലാത്സംഗ കേസിലെ ഇരയെ ഭീഷണിപ്പെടുത്താനും കേസ് ഒതുക്കി തീർക്കാനും ഇയാൾ ശ്രമിച്ചത് ഗുരുതരമായ കുറ്റകൃത്യമാണ്. ഇര നൽകിയ മൊഴി മോൻസന് ചോർത്തി നൽകിയ പോലീസ് ഉദ്യോഗസ്‌ഥർക്കെതിരെയും ഉടൻ നടപടിയെടുക്കണം. സംസ്‌ഥാന ഡി ജി പിയും, എ ഡി ജി പിയും വീട്ടിൽ ചെന്ന് വാളും പരിചയും പിടിച്ചു നിൽക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണോയെന്നും ബെന്നി ബഹനാൻ ചോദിച്ചു.

സംസ്‌ഥാന പോലീസിന്റെ ഇന്റലിജൻസ് സംവിധാനം പിന്നെ എന്തിനാണ്. സി.ബി.ഐ, ഡി.ആർ.ഐ, കസ്റ്റംസ് , ഇ ഡി , എൻ ഐ എ തുടങ്ങിയ ഏജൻസികളുടെ ഏകോപിച്ചുള്ള അന്വേഷണം ആവശ്യമാണ്. കള്ളക്കടത്ത് റാക്കറ്റിനെ പിടികൂടാൻ കഴിയുന്ന തരത്തിലുള്ള സമഗ്ര അന്വേഷണം നടത്തണം. അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും ബെന്നി ബഹനാൻ മുന്നറിയിപ്പ് നൽകി.

Related posts

Leave a Comment