‘അന്നേ നീയൊരു പോരാളിയായിരുന്നു, തോൽക്കാൻ കൂട്ടാക്കാത്ത പ്രകൃതം’; പിടിയെ കുറിച്ച് ഓർമ്മകൾ പങ്കുവെച്ചു ബെന്നി ബഹനാൻ

പി.ടീ…പ്രിയപ്പെട്ടവനേ….
ഓര്‍മകള്‍ തിരമാലയാകുന്ന ഈ നിമിഷം ഒരുകാലം നമ്മള്‍ നടത്തുതീര്‍ത്ത വഴികള്‍,വിളിച്ച മുദ്രാവാക്യങ്ങള്‍,ഒരുമിച്ചു കണ്ട കിനാവുകള്‍ എല്ലാം ഇരമ്പിവരികയാണ്… നെഞ്ചിടറുന്നുണ്ട്,കണ്ണുനനയുന്നുണ്ട്,ഹൃദയത്തിലിരുന്ന് ഇപ്പോഴും നീ ധീരനായി ചിരിക്കുന്നുണ്ട്…തൊടുപുഴ ന്യൂമാന്‍ കോളേജില്‍ നീ പഠിച്ച കാലം തൊട്ട് തുടങ്ങിയ സൗഹൃദം. ഒരു നീലപ്പതാകയ്ക്ക് കീഴേ നമ്മള്‍ ഒരുമിച്ച കൗമാരകാലം. അന്നേ നീയൊരു പോരാളിയായിരുന്നു. തോല്കാന്‍ കൂട്ടാക്കാത്ത പ്രകൃതം. കെ.എസ്.യുവിന്റെ പ്രസിഡന്റായി നീ തിരഞ്ഞെടുക്കപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസമാണ് നിന്റെ അച്ഛന്‍ മരിച്ചത്. ആ വിവരം ആദ്യമറിയിച്ചത് എന്നെയാണ്. അന്ന് നീ ഉള്ളാലെ വിതുമ്പുന്നത് ഞാന്‍ കണ്ടു. ഉമയുമായുള്ള പ്രണയം അമ്മച്ചിയെ അറിയിക്കാന്‍ എന്നെ ഏല്പിച്ചത് എന്തുകൊണ്ടാണെന്ന് പലവട്ടം ആലോചിച്ചിട്ടുണ്ട്. നമ്മള്‍ ഒരു കുടുംബമായിരുന്നല്ലോ അല്ലേ അനുജാ…എന്നും…പിറവത്ത് ഞാന്‍ മത്സരിച്ചപ്പോള്‍ നിന്റെ കൈത്തലങ്ങളായിരുന്നു എന്റെ കരുത്ത്. എത്രയോവട്ടം അതിന്റെ തണുപ്പ് എന്റെ തോളില്‍ പതിഞ്ഞിട്ടുണ്ട്. ആരുടെയും മുമ്പില്‍ വളയ്ക്കാത്ത നട്ടെല്ലായിരുന്നു നിന്റേത്. അതുകൊണ്ടുതന്നെയാകും രോഗം അതിനെ അസൂയയോടെ നോട്ടമിട്ടത്. നിലപാടുകള്‍ തുറന്നുപറയുന്ന സ്വഭാവം ഒരുപാട് ശത്രുക്കളെ സൃഷ്ടിച്ചപ്പോഴും നീ തലയയുര്‍ത്തിത്തന്നെ നിന്നു,പറയേണ്ടത് പറഞ്ഞു,ചെയ്യേണ്ടത് ചെയ്തു. പശ്ചിമഘട്ടം പോലെ ഉറച്ച വാക്കും പ്രവൃത്തിയും. ഒരു ഇടുക്കിക്കാരന് അങ്ങനയല്ലേ ആകാന്‍ പറ്റൂ…ഏതാനും ആഴ്ചമുമ്പ് ആശുപത്രിയില്‍ കാണുമ്പോള്‍ ഓര്‍ത്തില്ല,നീ ഇത്രയും പെട്ടെന്ന് പോകുമെന്ന്. അന്നും നീ ചിരിച്ചു. തല ഉയര്‍ത്തിപ്പിടിച്ചു. രോഗത്തെ തോല്പിച്ച് നീ മടങ്ങിവരുമെന്ന് തന്നെയാണ് ഞാന്‍ ഇന്നുരാവിലെ വരെയും വിശ്വസിച്ചിരുന്നത്. നേരത്തേയാണ് നിന്റെ യാത്ര…നിനക്ക് ഇനിയും ഒരുപാട് പറയാനും പ്രവൃത്തിക്കാനുമുണ്ടായിരുന്നു. ചിതയായി മാറാനുള്ള നിന്റെ ആഗ്രഹത്തില്‍ ഒരു പോരാളിയുടെ അണയാന്‍ കൂട്ടാക്കാത്ത ആത്മജ്വാലകളെ കാണുന്നുണ്ട് ഞാന്‍…നീ ജ്വലിക്കും കൂട്ടുകാരാ…എന്നും ഞങ്ങളുടെയൊക്കെയുള്ളില്‍…
അന്ത്യകര്‍മനേരത്ത് നീ കേള്‍ക്കാന്‍ കൊതിച്ച ആ പാട്ടിലെ ചോദ്യം സത്യമായിത്തീരാന്‍ പ്രാര്‍ഥിക്കുന്നു…ഈ മനോഹരതീരത്ത് ഈശ്വരന്‍ നിനക്ക് ഒരു ജന്മം കൂടിത്തരട്ടെ….ഒരു ധീരനായ പോരാളിയായിത്തന്നെ…
കണ്ണീരില്‍ തൊട്ട് വിട…..

Related posts

Leave a Comment