അന്ന് ബീന പറഞ്ഞു; ‘സർക്കാർ തിരിച്ചടി നേരിടേണ്ടിവരും’

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസിൽ‍ പ്രതികളായ നിയമസഭാ സാമാജികരെ രക്ഷിച്ചെടുക്കാൻ അപ്പീലുമായി പോകാനൊരുങ്ങിയ സർക്കാരിന് മേൽക്കോടതിയിൽ തിരിച്ചടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകിയതാണ് മുൻ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ബീനാ സതീഷ്. പക്ഷെ, എത്രമൂടിവെച്ചാലും സത്യം ഒരിക്കൽ പുറത്തുവരുമെന്ന് പറഞ്ഞതിന്റെ പേരിൽ ബീനാ സതീഷിനെതിരെ പ്രതികാരം തീർക്കാനായിരുന്നു സർക്കാരിന്റെ താൽപ്പര്യം. ഇന്നലെ സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ അന്ന് താൻ പറഞ്ഞതിന്റെ വസ്തുതകൾ എന്തായിരുന്നുവെന്ന് ബീനാ സതീഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.
തിരുവനന്തപുരം സിജെഎം കോടതിയിൽ നിയമസഭാ കൈയ്യാങ്കളി കേസ് വിചാരണയ്ക്ക് എത്തിയപ്പോൾ കേസ് പിൻവലിക്കണമെന്ന നിർദേശമാണ് സർക്കാർ പ്രോസിക്യൂട്ടറായിരുന്ന ബീനയ്ക്ക് നൽകിയത്. ഇതിനായി ഹർജി ഫയൽ ചെയ്യാനും ബീനയ്ക്ക് മുകളിൽ നിന്നും നിർദേശം ലഭിച്ചു. എന്നാൽ ലോകം മുഴുവൻ തത്സമയം കാണുകയും ദേശീയ തലത്തിൽ പോലും വിവാദമാക്കുകയും ചെയ്ത ഈ നിയമസഭാ കൈയ്യാങ്കളി കേസ് പിൻവലിക്കാനാവില്ലെന്ന് ബീന നിലപാട് എടുത്തു. കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചാലും കോടതിക്ക് മുന്നിൽ വാദിക്കാൻ യാതൊന്നുമില്ലെന്നുള്ള യഥാർത്ഥ്യവും ബീന ഉന്നതഉദ്യോഗസ്ഥരെ ഓർമ്മിപ്പിച്ചു. സിജെഎം കോടതിയിൽ സർക്കാർ നിലപാട് അറിയിക്കേണ്ട ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനായ ബീന കടുത്ത നിലപാട് എടുത്തതോടെ സർക്കാർ പ്രതിരോധത്തിലായി. ഇതോടെ ബീനയെ മറികടന്ന് പ്രതികൾക്കായി പുറത്തുനിന്നും അഭിഭാഷകനെ കൊണ്ടുവന്നു. ഹർജിയിൽ നടന്ന വാദത്തിനിടെ ബീനയും പ്രതികൾക്കായി സിപിഎം കൊണ്ടു വന്ന അഭിഭാഷകൻ കെ രാജഗോപാലൻ നായരും തമ്മിലുള്ള രൂക്ഷമായ വാദമാണ് തിരുവനന്തപുരം സിജെഎം കോടതിയിൽ നടന്നത്. സർക്കാർ വാദം പുറത്തുനിന്നുള്ള അഭിഭാഷകനല്ല പറയേണ്ടതെന്ന ബീനാ സതീഷിൻ്റെ വാദം അംഗീകരിച്ച കോടതി രൂക്ഷവിമർശനം നടത്തി കേസ് പിൻവലിക്കാനുള്ള സർക്കാർ ഹർജി തള്ളുകയായിരുന്നു.
ഇതിന് പിന്നാലെയാണ് സർക്കാരിന്റെ പ്രതികാര നടപടികൾ ബീനയ്ക്ക് ഏറ്റുവാങ്ങേണ്ടിവന്നത്. മാനസിക പീഡനവും ഒറ്റപ്പെടുത്തലും സമ്മർദ്ദവും താങ്ങാനാവാതെ ബീനാ സതീഷ് നന്നേ ബുദ്ധിമുട്ടി. സിജെഎം കോടതിയിലേറ്റ തിരിച്ചടിക്ക് പ്രതികാര നടപടിയെന്നോണം ബീനയെ സർക്കാർ സ്ഥലം മാറ്റി. വിരമിക്കാൻ ഏഴ് മാസം ബാക്കി നിൽക്കുമ്പോൾ ആയിരുന്നു തിരുവനന്തപുരത്ത് നിന്നും ആലപ്പുഴയിലേക്കുള്ള സ്ഥലംമാറ്റം. നല്ലൊരു ശുചി മുറിയില്ലാത്ത ആലപ്പുഴ ഓഫീസിലേക്കുള്ള സ്ഥലം മാറ്റം തീർത്തും അപ്രതീക്ഷിതമായിരുന്നുവെന്ന് ബീന പറയുന്നു. ഔദ്യോഗിക തലത്തിലുള്ള ഒറ്റപ്പെട്ടലും വേട്ടായടലും ബീനയെ മാനസികമായി തളർത്തി. ഇതിനിടെ സർവ്വീസിൽ നിന്നും വിരമിച്ചിട്ടും മാനസികസമ്മർദ്ദം ആരോഗ്യത്തെ കൂടി ബാധിച്ച അവസ്ഥയിൽ തിരുവനന്തപുരം ശ്രീചിത്രയിൽ ചികിത്സയിലാണ് ബീനാ സതീഷ് ഇപ്പോൾ. ബീന എതിർത്തിട്ടും സിജെഎം കോടതിയിലും പിന്നീട്  ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഹർജിയുമായി പോയ സർക്കാരിന് എല്ലായിടത്തും വലിയ പ്രഹരമാണ് കിട്ടിയത്. ഒടുവിൽ ബീനയെ തുരത്തിയോടിച്ച അതേ സിജെഎം കോടതിയിലേക്ക്  കേസ് തിരിച്ചെത്തുകയും ചെയ്യുന്നു. ഔദ്യോഗിക ജീവിതത്തിൽ ഒരു കുറ്റാരോപണ മെമ്മോ പോലും വാങ്ങിയിട്ടില്ലാത്ത താൻ എന്തിനിങ്ങനെ വേട്ടയാടപ്പെട്ടുവെന്ന് ബീനയ്ക്ക് ഇപ്പോഴും അറിയില്ല. ഏത് സർക്കാരായാലും എടുക്കുന്ന നിലപാട് തെറ്റാണെങ്കിൽ അതു തുറന്നു പറയാൻ സർക്കാർ അഭിഭാഷകർക്ക് കഴിയണമെന്ന് ബീന പറയുന്നു. അതു മാത്രമാണ് താൻ ചെയ്തത്. മാസങ്ങൾ നീണ്ട വിചാരണയ്ക്കൊടുവിൽ ഹൈക്കോടതിക്ക് പിന്നാലെ പരമോന്നത നീതിപീഠവും തന്റെ നിലപാട് അംഗീകരിച്ചുവെന്നാണ് ബീന ചൂണ്ടിക്കാട്ടുന്നത്.

Related posts

Leave a Comment