സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയുടെ ഭാര്യ വിരമിച്ചിട്ടും ജോലി, യുവാക്കള്‍ പ്രക്ഷോഭത്തിന്

ആലപ്പുഴ; സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍. നാസറിന്‍റെ ഭാര്യ അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നു വിരമിച്ചിട്ടും ജോലിയില്‍ തുടരുന്നു. പിന്‍വാതില്‍ നിയമനത്തിന്‍റെ പുതിയ പഴുതാണ് സിപിഎമ്മും സര്‍ക്കാരും പരീക്ഷിക്കുന്നതെന്ന് ആരോപിച്ച് പ്രക്ഷോഭത്തിനു തയാറെടുക്കുകയാണ് റാങ്ക് ഹോള്‍ഡര്‍മാര്‍. സഹകരണ സ്ഥാപനമായ കയര്‍ഫെഡിലാണ് വഴിവിട്ട എക്സ്റ്റന്‍ഷന്‍.

കയര്‍ഫെഡ് ഹെഡ് ഓഫീസിലെ പഴസ്ണല്‍ വിഭാഗത്തിലാണ് നാസറിന്‍റെ ഭാര്യ ഷീല ജോലി ചെയ്യുന്നത്. പ്രായം തികഞ്ഞതിനെത്തുടര്‍ന്ന് കഴിഞ്ഞ ജൂലൈയില്‍ ഇവര്‍ സര്‍വീസില്‍ നിന്നു പെന്‍ഷന്‍ പറ്റി. എന്നാല്‍ ജോലിയില്‍ തുടരാന്‍ സിപിഎമ്മും കയര്‍ഫെഡ് മാനെജ്മെന്‍റും അനുമതി നല്‍കി. കയര്‍ഫെഡില്‍ പരിചയ സമ്പന്നരായ ഉദ്യോഗസ്ഥര്‍ ഇല്ലെന്നും പിഎസ്‌സിയില്‍ നിന്ന് പുതിയ ആളെ നിയമിക്കുന്നതു വരെ നിലവിലുണ്ടായിരുന്ന ജോലിയില്‍ തുടരാനുമാണ് അനുമതി നല്‍കിയതെന്നാണ് കയര്‍ഫെഡ് മാനെജ്മെന്റിന്‍റെ വിശദീകരണം. ഇതേത്തുടര്‍ന്ന് ഷീല നാസര്‍ വിരമിച്ചതിന്‍റെ തൊട്ടടുത്ത ദിവസം മുതല്‍ അതേ ജോലിയില്‍ തുടരുകയാണ്. വിരമിക്കുന്നതിനു മുന്‍പ് ഏറ്റവും ഒടുവില്‍ കൈപ്പറ്റിയ ശമ്പളവും ലഭിക്കുന്നുണ്ട്.

സിപിഎം ഭരിക്കുന്ന കയര്‍ഫെഡില്‍ കഴിഞ്ഞ നാലു വര്‍ഷമായി വിരമിക്കുന്നവരെ തുടരാന്‍ അനുവദിക്കുകയാണെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. ഇതിനകം പതിമൂന്ന് പേര്‍ക്ക് ഇങ്ങനെ സര്‍വീസ് നീട്ടി നല്‍കി. കയര്‍ഫെഡ് ജീവനക്കാരനും സിഐടിയു യൂണിയന്‍ സെക്രട്ടറിയുമായ എം.,പി. നാരായണനും ജോലിയില്‍ നിന്നു വിരമിച്ചതാണ്. എന്നാല്‍ ഇയാളെയും സര്‍വീസില്‍ തുടരാന്‍ അനുവദിച്ചിരിക്കയാണ്.

കമ്പനികളിലും കോര്‍പ്പറേഷനുകളിലും സഹകരണ സ്ഥാപനങ്ങളിലുമുള്ള നിയമനങ്ങള്‍ പിഎസ്‌സിക്കു വിട്ടിട്ട് വര്‍ഷങ്ങളായി, എന്നാല്‍ ഈ സ്ഥാപനങ്ങളിലെല്ലാം കരാര്‍ അടിസ്ഥാനത്തിലും ദിവസ വേതന അടിസ്ഥാനത്തിലുമൊക്കെ വേണ്ടപ്പെട്ടവര്‍ക്കു യഥേഷ്ടം നിയമനങ്ങള്‍ നല്‍കുകയാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നു വിരമിക്കുന്നവര്‍ക്ക് തുടര്‍ നിയമനങ്ങള്‍ നല്‍കുതെന്ന ചട്ടം നിലനില്‍ക്കുമ്പോഴാണ് പാര്‍ട്ടി നേതാവിന്‍റെ ഭാര്യക്കും യൂണിയന്‍ നേതാക്കള്‍ക്കും വേണ്ടി നിയമങ്ങള്‍ അട്ടിമറിക്കുന്നതെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു.

Related posts

Leave a Comment