ബത്തേരി കോഴക്കേസ്: സി കെ ജാനുവിന്റെയും പ്രശാന്ത് മലവയലിന്റെയും ശബ്ദസാമ്പിള്‍ പരിശോധിക്കും


സുല്‍ത്താന്‍ബത്തേരി: സുല്‍ത്താന്‍ബത്തേരി തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സി കെ ജാനുവിന്റെയും ബി ജെ പി വയനാട് ജില്ല ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലിന്റെയും ശബ്ദസാമ്പിള്‍ പരിശോധിക്കും. ഇരുവരോടും നവംബര്‍ അഞ്ചിന് കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ഹാജരാകാന്‍ ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. കേസ് അന്വേഷിക്കുന്ന വയനാട് ക്രൈംബ്രാഞ്ച് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. നേരത്തെ, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെയും കേസിലെ മുഖ്യസാക്ഷി ജെ ആര്‍ പി മുന്‍ ട്രഷറര്‍ കെ. പ്രസീത അഴീക്കോടിന്റെയും ശബ്ദസാമ്പിള്‍ അന്വേഷണസംഘം ശേഖരിച്ചിരുന്നു. നിയമസഭ തിരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ എന്‍ ഡി എ സ്ഥാനാര്‍ഥിയാകന്‍ സുരേന്ദ്രന്‍ ജാനുവിന് 35 ലക്ഷം രൂപ കോഴ നല്‍കിയെന്നാണ് കേസ്. ജാനുവിന് തിരുവനന്തപുരത്ത് വെച്ച് സുരേന്ദ്രന്‍ 10 ലക്ഷവും ബത്തേരിയിലെ ഹോംസ്റ്റേയില്‍ വെച്ച് ബി ജെ പി ജില്ല ഭാരവാഹികള്‍ മുഖേന 25 ലക്ഷവും കൈമാറിയെന്ന് പ്രസീത വെളിപ്പെടുത്തിയിരുന്നു. റിസോര്‍ട്ടില്‍ വെച്ച് പൂജദ്രവ്യങ്ങളടങ്ങിയ സഞ്ചിയില്‍ പ്രശാന്ത് മലവയലാണ് ജാനുവിന് പണം കൈമാറിയതെന്നും പ്രസീത മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രശാന്തിനെ നിരവധി തവണ ചോദ്യം ചെയ്തിരുന്നു. കൂടാതെ, ജാനുവും പ്രശാന്തും തമ്മിലുള്ള ഫോണ്‍ സംഭാഷണവും അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചനയുണ്ട്. ഇതിന്റെ ആധികാരികത തെളിയിക്കാന്‍ കൂടിയാണ് ശബ്ദ സാമ്പിള്‍ പരിശോധിക്കണമെന്ന ആവശ്യവുമായി ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചത്. കഴിഞ്ഞ ആഗസ്റ്റ് ഏഴിന് ജാനുവിന്റെ തിരുനെല്ലി പനവല്ലിയിലെ വീട്ടില്‍ റെയ്ഡ് നടത്തിയ ക്രൈം ബ്രാഞ്ച് സംഘം ഫോണുകളും, ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും പിടിച്ചെടുത്തിരുന്നു. പ്രശാന്തിന്റെ ഫോണുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസില്‍ കെ സുരേന്ദ്രന്‍ ഒന്നാം പ്രതിയും ജാനു രണ്ടാം പ്രതിയുമാണ്.

Related posts

Leave a Comment