ബാങ്കിൽ എത്തിയവർക്ക് നേരേ പോലീസ് അതിക്രമം ; ചോദ്യം ചെയ്ത പെൺകുട്ടിയുടെ മേൽ ജാമ്യമില്ലാ കേസ് ചുമത്തി പോലീസ് പ്രതികാരം

കൊല്ലം: ചടയമംഗലത്ത് ബാങ്കിടപാടിനെത്തിയവർക്കെതിരെ അനവാശ്യമായി പിഴ ചുമത്തിയ പോലീസ് നടപടിയെ ചോദ്യം ചെയ്ത പെൺകുട്ടിയുടെ മേൽ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന പേരിൽ ക്യൂ നിന്നയാൾക്ക് പെറ്റി എഴുതിയത് ചോദ്യം ചെയ്ത 18 വയസ്സുകാരിക്ക് എതിരെയാണ് ജോലി തടസ്സപ്പെടുത്തി എന്ന പേരിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തത്.

പ്ലസ് ടു വിദ്യാർഥിയായ അക്കോണം ഇടുക്കുപാറ സ്വദേശി ഗൗരിനന്ദയ്ക്ക് എതിരെയാണ് പൊലീസ് കേസ് എടുത്തത്. പിഴ ചുമത്തപ്പെട്ട മധ്യവയസ്‌കനും പൊലീസും തമ്മിൽ തർക്കമുണ്ടാകുന്നതു കണ്ട ഗൗരിനന്ദ പ്രശ്‌നം തിരക്കിയപ്പോൾ പൊലീസ് ഇവർക്കെതിരെയും പെറ്റി എഴുതി നൽകുകയായിരുന്നു.. പെറ്റിക്കടലാസ് പൊലീസിന്റെ മുന്നിൽവെച്ച്‌ തന്നെ കീറിയെറിഞ്ഞതോടെ വാക്‌തർക്കം രൂക്ഷമാവുകയായിരുന്നു. പെറ്റി എഴുതരുതെന്ന് പറഞ്ഞപ്പോൾ അസഭ്യം വിളിച്ചെന്നും അതിൽ പ്രതിഷേധിച്ചപ്പോൾ കേസ് എടുത്തെന്നും ഗൗരി യുവജന കമ്മിഷനു നൽകിയ പരാതിയിൽ പറയുന്നു.

നിയന്ത്രിത ദിവസങ്ങളിൽ മാത്രം പ്രവൃത്തിക്കുന്ന ബാങ്കുകളിൽ അത്യാവശ്യ ഇടപാടിനെത്തിയവർക്കുനേരെയാണ് പൊലീസിന്റെ കടന്ന്കയറ്റം. പൊലീസ് സ്റ്റേഷനിലെത്തി മാപ്പ് പറഞ്ഞാൽ കേസ് പിൻവലിക്കാമെന്ന് ചില രാഷ്ട്രീയ പ്രവർത്തകർ വഴി അറിയിച്ചെങ്കിലും മാപ്പ് പറയില്ലെന്ന നിലപാടിലാണ് ​ഗൗരിനന്ദ.

” അമ്മയെ ആശുപത്രിയിൽ കൊണ്ടുപോയിട്ടു വരുകയായിരുന്നു ഞാൻ. എടിഎമ്മിൽ നിന്നു പണമെടുക്കാനാണ് ബാങ്കിന് സമീപത്തേക്കു വന്നത്. ബാങ്കിലേക്കു കയറാനുള്ളവരുടെ ക്യൂ അവിടെ ഉണ്ടായിരുന്നു. ക്യൂവിൽ നിന്നിരുന്ന പ്രായമുള്ള ഒരാളും പൊലീസുമായി വാക്കുതർക്കം നടക്കുന്നത് കണ്ട് ഞാൻ അദ്ദേഹത്തോട് എന്താണ് പ്രശ്‌നമെന്നു ചോദിച്ചു. അനാവശ്യമായി പെറ്റി എഴുതിയതാണെന്ന് അദ്ദേഹം പറഞ്ഞു.

അപ്പോൾ പൊലീസുകാർ എന്നോട് പേരും മേൽവിലാസവും തിരക്കി. എന്തിനാണെന്നു ചോദിച്ചപ്പോൾ സാമൂഹിക അകലം പാലിക്കാത്തിന് എനിക്ക് പെറ്റി നൽകുകയാണെന്നു പറഞ്ഞു. ഇവിടെ സിസിടിവി ക്യാമറ ഉണ്ടല്ലോ എന്നും ഞാൻ സാമൂഹിക അകലം പാലിച്ചിട്ടുണ്ടല്ലോ എന്നും തിരിച്ചു ചോദിച്ചു. അപ്പോൾ അവർ എന്നോട് അശ്ലീല വാക്കു പറഞ്ഞു. നീ സംസാരിക്കാതെ കയറിപ്പോകാനും പറഞ്ഞു. എന്നെ തെറി പറഞ്ഞപ്പോൾ മാത്രമാണ് ഞാൻ മറുപടി നൽകിയത്. നീ ഒരു ആണായിരുന്നെങ്കിൽ നിന്നെ പിടിച്ചു തള്ളുമായിരുന്നു എന്നും പൊലീസ് പറഞ്ഞു- ​ഗൗരി നന്ദ.

Related posts

Leave a Comment