ബെംഗളൂരുവിൽ വീണ്ടും ദുരൂഹമായ ഉഗ്രശബ്ദം; ജനം ആശങ്കയിൽ

ബെംഗളൂരു: കർണാടകയിലെ ബെംഗളൂരുവിന് സമീപം വീണ്ടും ദുരൂഹമായ ഉഗ്രശബ്ദം കേട്ടതായി പ്രദേശവാസികൾ. ബെംഗളൂരുവിലെയും ബിഡദിയിലെയും സമീപ പ്രദേശങ്ങളായ ഹെമ്മിഗെപുര, കെങ്കേരി, ജ്ഞാനഭാരതി, രാജേശ്വരി നഗർ, കഗ്ഗലിപുര എന്നിവിടങ്ങളിലെയും നിവാസികളാണ് ദുരൂഹമായ ശബ്ദം കേട്ടത്. ശബ്ദത്തിന്റെ ഉറവിടം കൃത്യമായി തിരിച്ചറിയാൻ ഇതുവരെ അധികാരികൾക്ക് സാധിച്ചിട്ടില്ല. രാവിലെ വലിയ ശബ്ദം കേട്ടതായാണ് ആളുകൾ പറയുന്നത്. നിരവധി ക്വാറി ബിസിനസ്സുകളുടെ കേന്ദ്രമാണ് ബിഡദി. കഴിഞ്ഞ വർഷം മേയിലും ഈ വർഷം ജൂലായിലും സമാനമായ ശബ്ദങ്ങൾ ബെംഗളൂരുവിൽ കേട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്.
പ്രദേശത്ത് സ്‌ഫോടനമൊന്നും ഉണ്ടായിട്ടില്ലെന്നാണ് ലോക്കൽ പൊലീസ് പറയുന്നത്. അതേസമയം, സ്‌ഫോടനം പോലുള്ള ശബ്ദം കേട്ടതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും തങ്ങളുടെ നിരീക്ഷണ ഉപകരണങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന് കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഭൂകമ്പം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ഭൂകമ്പ നിരീക്ഷണശാലകളിൽ നിന്ന് ഡാറ്റ വിശകലനം ചെയ്‌തെന്നും പ്രാദേശിക ഭൂചലനത്തിന്റെയോ ഭൂകമ്പത്തിന്റെയോ യാതൊരു സൂചനയും ഡാറ്റകളിൽ കാണിക്കുന്നില്ലെന്നുമാണ് കർണാടക പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം പറയുന്നത്.
ഈ വർഷം ജൂലൈയിൽ, ബംഗളൂരുവിലെ സർജാപൂർ, ജെപി നഗർ, ബെൻസൻ ടൗൺ, ഉൽസൂർ, ഐഎസ്ആർഒ ലേഔട്ട്, എച്ച്എസ്ആർ ലേഔട്ട് എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിലെ നിവാസികൾ തങ്ങൾ ഉച്ചത്തിലുള്ള സ്‌ഫോടന ശബ്ദം കേട്ടതായി പറഞ്ഞിരുന്നു. അത് ‘സോണിക് ബൂം’ ആണെന്ന നിഗമനത്തിലാണ് പിന്നീട് എത്തിയത്. ശബ്ദത്തേക്കാൾ വേഗത്തിൽ ചലിക്കുന്ന ഒരു വസ്തു സൃഷ്ടിക്കുന്ന ശബ്ദത്തെയാണ് സോണിക് ബൂം എന്ന് പറയുന്നത്.

Related posts

Leave a Comment