ബംഗ്ലാദേശ് യുദ്ധം ഇന്ത്യയെയും ഇന്ദിരയേയും പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിച്ചു: കെ സുധാകരൻ എംപി

തിരുവനന്തപുരം: ഇന്ത്യ ഉജ്വല വിജയം നേടിയ 1971ലെ ബംഗ്ലാദേശ് യുദ്ധം ഇന്ത്യയേയും അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയേയും പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. ബംഗ്ലാദേശ് യുദ്ധ വിജയാഘോഷത്തിന്റെ 50-ാം വാർഷികത്തോട് അനുബന്ധിച്ച് കെപിസിസി സംഘടിപ്പിച്ച വിജയ് ഭാരത് എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുദ്ധത്തിൽ പങ്കെടുത്ത 71 ധീരജവാന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും ആദരിക്കുകയും ബംഗ്ലാദേശ് യുദ്ധത്തെക്കുറിച്ച് കെപിസിസി തയാറാക്കിയ ഡോക്യുമെന്ററി പ്രദർശിപ്പിക്കുകയും ചെയ്ത വൈകാരിക അന്തരീക്ഷന്തത്തിലാണ് സെമിനാർ നടന്നത്.

അമേരിക്കയുടെ ഏഴാം കപ്പൽപ്പട ഇന്ത്യൻ സമുദ്രാതിർത്തിയിലേക്ക് നീങ്ങിയപ്പോൾ അതിനെ നേരിട്ട ധീരവനിതയാണ് ഇന്ദിരാഗാന്ധി. പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യനതിർത്തികൾ സംരക്ഷിക്കുകയും ബംഗ്ലാദേശിനെ സ്വതന്ത്രമാക്കുകയും ചെയ്ത ഇന്ദിരാഗാന്ധിയെ ബിജെപി നേതാവ് അടൽ ബിഹാരി വാജ്‌പേയ് ദുർഗ്ഗാദേവിയെന്നാണ് വിശേഷിപ്പിച്ചത്. ഇന്ദിരാഗാന്ധിയെന്ന ഭരണതന്ത്രജ്ഞയുടെ ഏറ്റവും ദീർഘവീക്ഷണമുള്ള നടപടിയായിരുന്നു ബംഗ്ലാദേശ് വിമോചനം. ബംഗ്ലാദേശിൽ നിന്നുള്ള അഭയാർത്ഥി പ്രവാഹവും പടിഞ്ഞാറൻ പാക്കിസ്ഥാനിൽ നിന്നുള്ള യുദ്ധഭീഷണിയും ഒറ്റയടിക്ക് ഇന്ദിരാഗാന്ധി ഇല്ലാതാക്കി. 1971ലെ യുദ്ധ പരാജയത്തിന് ശേഷം പാക്കിസ്ഥാൻ ഒരിക്കൽപ്പോലും ഇന്ത്യയുടെ മേൽ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിക്കാനുള്ള തന്റേടം കാട്ടിയിട്ടില്ലെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

1971ൽ യുദ്ധം നടക്കുമ്പോൾ ഇന്ത്യ ഏകപക്ഷീയമായ മിന്നൽ വിജയം നേടുമെന്ന് ആരും പ്രതീക്ഷിച്ചില്ല. സ്വാതന്ത്ര്യം ലഭിച്ചിട്ട് കാൽനൂറ്റാണ്ട് പോലും അന്ന് തികഞ്ഞിരുന്നില്ല.ഭക്ഷണമോ,വസ്ത്രമോ,സമ്പത്തോ,സൈന്യമോ ഇല്ലാതിരുന്ന ഒരു രാജ്യത്തെ കോൺഗ്രസ് ശാക്തീകരിച്ചിട്ടാണ് യുദ്ധം നടത്തിയത്. ഇന്ദിരാഗാന്ധിയുടെയും സേനയുടെയും ധൈര്യവും ദീർഘവീക്ഷണവുമാണ് ബംഗ്ലാദേശ് യുദ്ധത്തിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതെന്ന് സുധാകരൻ പറഞ്ഞു.

1971 ലെ ബംഗ്ലാദേശ് യുദ്ധത്തിൽ ഇന്ത്യയ്ക്ക് ആവശ്യമായ യുദ്ധവിമാനങ്ങൾ ഇല്ലാതിരുന്നതിനാൽ ചരക്കുവിമാനത്തിൽ കൊണ്ടുപോയാണ് ബോംബുകൾ ശത്രുരാജ്യത്തിന് മേൽ വർഷിച്ചതെന്ന് മുൻകേന്ദ്രമന്ത്രി സച്ചിൻ പൈലറ്റ് സെമിനാർ ഉദ്ഘാടനം ചെയ്തു ചൂണ്ടിക്കാട്ടി.

ആവശ്യത്തിന് ആയുധങ്ങളോ, വിമാനങ്ങളോ ഇല്ലായിരുന്നെങ്കിലും യുദ്ധരംഗത്തേക്ക് കുതിക്കാൻ ഓരോ സൈനികനും തമ്മിൽ മത്സരമായിരുന്നു. എയർഫോഴ്‌സിൽ യുദ്ധ വൈമാനികനായിരുന്ന തന്റെ പിതാവ് രാജേഷ് പൈലറ്റ് ആസാം മേഖലയിലെ യുദ്ധമുന്നണിയിലാണ് പോരാടിയത്.അന്നത്തെ പോരാട്ടഗാഥകൾ ചെറുപ്പത്തിൽ അച്ഛനിൽ നിന്നു കേട്ടിട്ടുണ്ട്. തന്റെ മുത്തച്ഛൻ സൈന്യത്തിൽ ഹവീൽദാറായിരുന്നു.അവരുടെ പാരമ്പര്യം പിന്തുടർന്ന് ടെറിറ്റോറിയൽ ആർമിയിൽ ചേർന്ന തനിക്ക് ഇപ്പോൾ ക്യാപ്റ്റൻ റാങ്കുണ്ടെന്നും സച്ചിൻ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മുൻ കെപിസിസി പ്രസിഡന്റുമാരായ രമേശ് ചെന്നിത്തല,കെ.മുരളീധരൻ എംപി,കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ് എംപി,ടി സിദ്ധിഖ് എംഎൽഎ, വൈസ് പ്രസിഡന്റുമാരായ എൻ.ശക്തൻ,വിപി സജീന്ദ്രൻ,വി ടി ബലറാം,ട്രഷറർ പ്രതാപ ചന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ പഴകുളം മധു, ജിഎസ് ബാബു,മരിയാപുരം ശ്രീകുമാർ,ജി.സുബോധൻ, പിഎ സലീം, ഡോ.ശൂരനാട് രാജശേഖരൻ,ഡിസിസി പ്രസിഡന്റ് പാലോട് രവി, കൊല്ലം ഡിസിസി പ്രസിഡന്റ് രാജേന്ദ്ര പ്രസാദ്, എക്‌സർവീസ്‌മെൻ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കേണൽ ഭുവനേന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

ബംഗ്ലാദേശ് യുദ്ധത്തിൽ പങ്കെടുത്ത 71 പേരെയും അവരുടെ കുടുംബാഗങ്ങളെയും സച്ചിൻ പൈലറ്റ് ആദരിച്ചു.

Related posts

Leave a Comment