കൊച്ചി: നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം തേടി നടൻ ദിലീപ് അടക്കം 5 പ്രതികൾ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപിന് പുറമെ സഹോദരൻ അനൂപ്. സഹോദരി ഭർത്താവ് ടി.എൻ സൂരജ്. ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും ഹർജി നൽകിയിട്ടുണ്ട്. ഇവർക്ക് ജാമ്യം അനുവദിക്കുന്നതു തടയാൻ തെളിവുകൾ തേടി ദിലീപിന്റെ വീടുകളും സ്ഥാപനങ്ങളും ഇന്നലെ ഏഴു മണിക്കൂർ ക്രൈം ബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു. ദിലീപും സഹോദരനും സഹോദരീ ഭർത്താവും ബന്ധുക്കളും നടത്തിയ ഗൂഢാലോചനയുടെ രേഖകൾ തേടിയായിരുന്നു റെയ്ഡ്. എന്തെങ്കിലും രേഖകൾ കിട്ടിയതായി ഇന്നലെ പൊലീസ് വെളിപ്പെടുത്തിയിരുന്നില്ല. കിട്ടിയ തെളിവുകൾ ഇന്നു കോടതിയിൽ ഹാജരാക്കുമെന്ന് ക്രൈം ബ്രാഞ്ച് ജില്ലാ സൂപ്രണ്ട് മോഹനചന്ദ്രൻ വ്യക്തമാക്കി.
ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ബൈജു പൗലോസ് തന്നോടുള്ള പ്രതികാരത്തിന്റെ ഭാഗമായാണ് പുതിയ കേസെടുത്തിരിക്കുന്നതെന്നാണ് ദിലീപിന്റെ വാദം. ഭീഷണി കേസ് പൊലീസിന്റെ കള്ളകഥ ആണെന്നും ഹർജിയിൽ പറയുന്നു. എന്നാൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ദിലീപിനെ ചോദ്യം ചെയ്ത് തെളിവ് ശേഖരിക്കേണ്ടതുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിക്കും.