ഒരേയൊരു സിന്ധു, ഇന്ത്യയുടെ സുവര്‍ണ സിന്ദൂരം, വെങ്കലം

ടോക്കിയോഃ ഓരോ ഷോട്ടിലും ഇന്ത്യയുടെ നെഞ്ചിടിപ്പ് ചേര്‍ത്തുപിടിച്ചു നടത്തിയ പോരാട്ടത്തില്‍ പി.വി. സിന്ധുവിനു ഒളിംപിക്സ് മെഡല്‍. വനിതകളുടെ സിംഗിള്‍സ് ബാഡ്മിന്‍റണില്‍ ചൈനയുടെ ഹീ ബിംഗ് ജിയോയെ 21-13, 21-15 സെറ്റുകള്‍ക്ക് കീഴടക്കി സിന്ധു വെങ്കലമെഡല്‍ സ്വന്തമാക്കി. തുടര്‍ച്ചയായ രണ്ട് ഒളിംപിക്സില്‍ മെഡല്‍ നേടുന്ന ആദ്യ വനിതയെന്ന റെക്കോഡ് ഇനി ഈ ഹൈദരാബാദ്‌കാരിക്കു സ്വന്തം. 2016ലെ റിയോ ഒളിംപിക്‌സില്‍ ബാഡ്മിന്‍റണില്‍ വെള്ളി മെഡല്‍ ജേതാവാണ് സിന്ധു. ഇക്കുറി സ്വര്‍ണം ഉറപ്പിച്ചാണ് ടോക്കിയോയിലേക്കു വിമാനം കയറിയത്. 2017 ലെ ലോക ചാംപ്യനും ലോക രണ്ടാം നമ്പരുമാണ്.

തുടര്‍ച്ചയായ രണ്ട് ഒളിംപിക്സുകളില്‍ ഏതെങ്കിലും മെഡല്‍ നേടിട്ടുള്ള ഒരേയൊരാള്‍ മാത്രമേ ഇന്ത്യക്കുള്ളൂ. ഗുസ്തിയില്‍ വെള്ളിയും വെങ്കലവും നേടിയിട്ടുള്ള സുശീല്‍ കുമാര്‍. സുശീലിന്‍റെ ചരിത്ര നേട്ടത്തിനൊപ്പമാണ് ഇപ്പോള്‍ സിന്ധുവും.

49 കിലോഗ്രാം ഭാരോദ്വഹനത്തില്‍ വെള്ളിമെഡല്‍ നേടിയ മീരാ ബായി ചാനുവിനു ശേഷം ടോക്കിയോ ഒളിംപിക്സില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ താരവും വനിതയുമാണ് സിന്ധു. ഗുസ്തി, ഭാരോദ്വഹനം, ഷൂട്ടിംഗ്, നീന്തല്‍, അമ്പെയ്ത്ത് തുടങ്ങിയ ഇനങ്ങളിലും മെഡല്‍ പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും പുരുഷ-വനിതാ താരങ്ങള്‍ നിരാശപ്പെടുത്തി. പുരുഷ- വനിതാ ഹോക്കി ടീമുകളുടെ മുന്നേറ്റത്തിലാണ് ഇനി പ്രതീക്ഷ. വനിതകളുടെ ഹോക്കിയില്‍ ഭാഗ്യത്തിന്‍റെ ചിറകേറി ഇന്ത്യ സെമിയിലെത്തിയിട്ടുണ്ട്. ലോക ചാംപ്യന്‍ ഓസ്ട്രേലിയയാണ് സെമിയിലെ എതിരാളികള്‍. റിയോ ഒളിംപിക്സില്‍ ഇന്ത്യക്ക് ഒരു വെള്ളിയും വെങ്കലവുമാണ് ലഭിച്ചത്. അന്നു വെള്ളി നേടിയ സിന്ധു ഇക്കുറി വെങ്കല‌മാണു നേടിയതെങ്കിലും ഇന്ത്യയുടെ മെഡല്‍ പട്ടിക താഴാതെ കാത്തു. ഹോക്കിയില്‍ ഏതെങ്കിലും ഒരു മെഡല്‍ ലഭിച്ചാലും ഇന്ത്യ നിലവാരം മെച്ചപ്പെടുത്തിയെന്നു പറയാം.

Related posts

Leave a Comment