‘ബാക്ക് ടു കോളേജ്’; വിദ്യാർത്ഥികൾക്കായുള്ള ഹൈബി ഈഡൻ എം. പിയുടെ സൗജന്യ വാക്സിനേഷൻ പദ്ധതിക്ക് തുടക്കമായി

കൊച്ചി: എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ വിദ്യാർത്ഥികൾക്കായുള്ള ഹൈബി ഈഡൻ എം. പിയുടെ സൗജന്യ വാക്സിനേഷൻ പദ്ധതി “ബാക്ക് ടു കോളേജ് ” നടൻ ജയസൂര്യ ഉദ്ഘാടനം ചെയ്തു. എറണാകുളം സെന്റ് തെരേസാസ് കോളേജിലാണ് ആദ്യ ക്യാമ്പ് നടന്നത്. ഐ എം എ കൊച്ചിയും സൗഖ്യം ചാരിറ്റബിൾ ട്രസ്‌റ്റുമായും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. സെന്റ് തെരേസാസ് കോളേജ് വിദ്യാർത്ഥിനി ഗൗരി ആർ മേനോനാണ് ആദ്യ വാക്സിൻ നൽകിയത്. 367 പേർക്കാണ് ഒന്നാമത്തെ ക്യാമ്പിൽ വാക്സിൻ നൽകിയത്. മാസ്ക്കില്ലാത്ത ഒരു ലോകം എത്രയും പെട്ടെന്ന് യാഥാർഥ്യമാകട്ടെ എന്ന് നടൻ ജയസൂര്യ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

കോളേജുകൾ തുറക്കുന്ന സാഹചര്യത്തിൽ ഒരു കുട്ടി പോലും വാക്സിൻ ലഭ്യമാകാതെ കോളേജിൽ എത്താനുള്ള സാഹചര്യം ഒഴിവാക്കാനാണ് ‘ബാക്ക് ടു കോളേജ്’ പദ്ധതിയുടെ ലക്ഷ്യം എന്ന് ഹൈബി ഈഡൻ എം. പി പറഞ്ഞു. വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്യുന്ന മുറയ്ക്ക് നിയോജക മണ്ഡലത്തിലെ വിവിധ ക്യാമ്പസുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒക്ടോബർ 8 ന് കാക്കനാട് രാജഗിരി എഞ്ചിനീയറിംഗ് കോളേജിലാണ് അടുത്ത ക്യാമ്പ്.

ഹൈബി ഈഡൻ എം. പിയുടെ ഒഫീഷ്യൽ ഫേസ് ബുക്ക് പേജ് വഴിയാണ് പദ്ധതിയുടെ രജിസ്‌ട്രേഷൻ നടക്കുന്നത്. പാർലമെന്റ് മണ്ഡലത്തിൽ ഇനിയും ആവശ്യമുള്ള വിദ്യാർത്ഥി കൾക്ക് രജിസ്‌റ്റർ ചെയ്യാമെന്ന് ഹൈബി ഈഡൻ എം. പി പറഞ്ഞു.

ചടങ്ങിൽ കൊച്ചി നഗരസഭ മേയർ അഡ്വ. എം അനിൽകുമാർ, സൗഖ്യം ചാരിറ്റബിൾ ട്രസ്റ്റിന്റെ ട്രസ്റ്റി രഞ്ജിത് വാര്യർ, സെന്റ് തെരേസാസ് കോളേജ് മാനേജർ സിസ്റ്റർ വിനീത, പ്രിൻസിപ്പാൾ ഡോ. ലിസി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

Related posts

Leave a Comment