മുല്ലപ്പെരിയാർ മരംമുറി ഉത്തരവ് മരവിപ്പിച്ചു, ഉദ്യോ​ഗസ്ഥനെതിരേ നടപടിയെന്നു വനം മന്ത്രി

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബേബി ഡാം പരിസരത്തു നിന്ന് പതിനഞ്ച് വലിയ മരങ്ങൾ മുറിച്ചു മാറ്റുന്നതിനു തമിഴ്നാട് സർക്കാരിനു അനുമതി നല്കിയ സംസ്ഥാന വനം വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചു. മന്ത്രി എ.കെ. ശശീന്ദ്രനാണ് മാധ്യങ്ങളെ ഇക്കാര്യം അറിയിച്ചത്. സംസ്ഥാന വനം മന്ത്രിയെ ഇരുട്ടിൽ നിർത്തി വനം വകുപ്പിലെ ചില ഉന്നതർ നടത്തിയ രഹസ്യ നീക്കങ്ങൾ മാധ്യമങ്ങളാണു പുറത്തു കൊണ്ടുവന്നത്. തുടർന്ന് കടുത്ത പ്രതിഷേധവും പ്രക്ഷോഭമുന്നറിയിപ്പുകളുമായി പ്രതിപക്ഷം രം​ഗത്തു വന്നപ്പോൾ സർക്കാരിനു ബോധോദയം സംഭവിച്ചു. തുടർന്ന് കുറ്റങ്ങളെല്ലാം ഉദ്യോ​ഗസ്ഥ തലത്തിൽ കെട്ടിവച്ച് തടിയൂരാണാണ് ഇപ്പോഴത്തെ നീക്കം. മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണു മരങ്ങൾ മുറിക്കാൻ അനുമതി നൽകിയതെന്നാണു പ്രതിപക്ഷത്തിന്റെ ആരോപണം.
ഇന്നു രാവിലെ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷമാണ് ഉദ്യോ​ഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കാൻ തീരുമാനിച്ചതെന്നു വനം മന്ത്രി എ.കെ. ശശീന്ദ്രൻ മാധ്യമങ്ങളോടു പറഞ്ഞു. തന്ത്രപ്രധാനമായ തീരുമാനമാണ് ഉദ്യോ​ഗസ്ഥർ സ്വീകരിച്ചത്. എന്നാൽ അതിനു മുൻപ് വലിയതരത്തിലുള്ള രാഷ്‌ട്രീയ കൂടിയാലോചനകൾ നടത്തണമായിരുന്നു. അതുണ്ടായില്ല. ഇത്തരം സെൻസിറ്റീവ് വിഷയങ്ങളിൽ ഉദ്യോ​ഗസ്ഥരല്ല തീരുമാനങ്ങളെടുക്കേണ്ടത്. എന്നാൽ രാഷ്‌ട്രീയമായി ഒരു കൂടിയാലോചനയും നടന്നിട്ടില്ല. സർക്കാർ തലത്തിൽ തീരുമാനവും വന്നിട്ടില്ല- മന്ത്രി വിശദമാക്കി.
അതേ സമയം, ഉന്നത തലത്തിലുള്ള യോ​ഗത്തിലെ തീരുമാനപ്രകാരമാണ് മരങ്ങൾ മുറിക്കാൻ അനുമതി നൽകിയതെന്നാണ് വകുപ്പ് തല ഉദ്യോ​ഗസ്ഥരുടെ നിലപാട്. ഈ ഉന്നതൻ ആരാണെന്നു വകുപ്പ് മേധാവികളോ വനം മന്ത്രിപോലുമോ വെളിപ്പെടുത്തുന്നില്ല. അതു മുഖ്യമന്ത്രി ആണെന്നാണ് പൊതുവിലുയരുന്ന ആരോപണം. മുല്ലപ്പെരിയാറിൽ തമ്ഴിനാടിന് അനുൂകൂലമായ നിലപാടാണ് സമീപകാലത്ത് മുഖ്യമന്ത്രി പരസ്യമായി സ്വീകരിക്കുന്നത്. അതിനെതിരേ സംസ്ഥാനത്തെ പ്രതിപക്ഷം ശക്തമായി രം​ഗത്തു വന്നിരുന്നു. നിയമസഭയിലടക്കം ഇക്കാര്യങ്ങൾ
വ്യക്തമാക്കുകയും ചെയ്തു. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എൻ.എക. പ്രേമചന്ദ്രൻ എംപി, മുൻമന്ത്രി പി.ജെ. ജോസഫ് തുടങ്ങിയ നേതാക്കൾ ഇന്നു ശക്തമായ പ്രതികരണങ്ങളുമായി രം​ഗത്തു വന്നിരുന്നു.
മന്ത്രിമാർ അറിയാതെ സ്വന്തം വകുപ്പുകളിൽ നടക്കുന്ന ഇത്തരം മറിമായങ്ങൾ പുതിയതല്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്തു നടന്ന പല ​ഗുരുതരമായ നടപടികളും തങ്ങൾ അറിഞ്ഞില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നിലപാടുകൾ. സ്വപ്ന സുരേഷിനെ തന്റെ വകുപ്പിൽ നിയമിച്ചത് താനറിഞ്ഞില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചു. കേരളത്തിലെ മത്സ്യ സമ്പത്ത് ഇഎംസിസി എന്ന വിദേശ കമ്പനിക്കു തീറെഴുതിയത് താനറിഞ്ഞില്ലെന്നായിരുന്നു അന്നത്തെ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ വിശദീകരണം.
പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിനു സെക്രട്ടേറിയറ്റിൽ ഇ മോബിലിറ്റി ഓഫീസ് അനുവദിച്ചത് അറിഞ്ഞില്ലെന്ന് അന്നത്തെ ​ഗതാ​ഗത മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞപ്പോൾ ആലപ്പുഴ വ്യവസായ പാർക്കിൽ ഇഎംസിസി കമ്പനിക്കു സർക്കാർ സൗജന്യ നിരക്കിൽ ഭൂമി നൽകിയത് താനറിഞ്ഞില്ലെന്നായിരുന്നു വ്യവസായ മന്ത്രിയായിരുന്ന ഇ.പി. ജയരാജന്റെ വിശദീകരണം.
നയതന്ത്ര പാക്കേജുകൾ വഴി സ്വർണവും ഡോളറും മത​ഗ്രന്ഥങ്ങളും കടത്തിയത് താനറിഞ്ഞല്ലെന്നായിരുന്നു പിന്നാക്ക-ന്യൂനപക്ഷ വകുപ്പുകളുടെ ചുമതലയുണ്ടായിരുന്ന മന്ത്രി കെ.ടി ജലീലിന്റെ വിശദീകരണം. സർക്കാർ ഉത്തരവിന്റെ മറവിൽവയനാട്ടിലെ മുട്ടിലിൽ നിന്നു കോടികളുടെ മരം മുറിച്ചു കടത്തിയത് താൻ സ്വപ്നത്തിൽപ്പോലും അറിഞ്ഞില്ലെന്നായിരുന്നുഅന്നത്തെ വനം മന്ത്രി കെ. രാജുവിന്റെ വിശദീകരണം. എന്നാൽ ഈ നടപടികളെല്ലാം അതതു മന്ത്രിമാരുടെ അറിവോടെയായിരുന്നു എന്നു പിന്നീടു വ്യക്തമായി. വകുപ്പ് മന്ത്രിമാർ അറിയാതെ ഓരോരുത്തരുടെയും വകുപ്പിൽ നടക്കുന്ന ഫയൽ നീക്കങ്ങൾക്കു പിന്നിൽ ആരെന്ന ചോദ്യത്തിനു ചാത്തൻ സേവകർ പല മറുപടികളും നിരത്തുന്നു. അതേ സമയം, മുഴുവൻ വകുപ്പുകളിലും മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഓഫീസിന്റെയും അദൃശ്യമായ ഇടപെടലുകളുള്ളതിനാലാണ് ബന്ധപ്പെട്ട ഒരു ഉദ്യോ​ഗസ്ഥനുമെതിരേ ഒരു നടപടിയും ഉണ്ടാകാതെ പോകുന്നത്.
വലിയ വിവാദങ്ങളുണ്ടാകുമ്പോൾ താൽക്കാലികമായ നടപടികൾ സ്വീകരിക്കുകയും വിവാദങ്ങൾ കെട്ടടങ്ങുമ്പോൾ അവരെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറെ സസ്പെൻഡ് ചെയ്തെങ്കിലും ഇപ്പോൾ അദ്ദേഹം ശമ്പളവും ഇതര ആനുകൂല്യങ്ങളും പറ്റി വീട്ടിൽ സുഖമായി കഴിയുകയാണ്. ഇതു തന്നെയാവും ഇപ്പോൾ നടപടി ഭിഷണി നേരിടുന്ന വനം വകുപ്പ് ഉദ്യോ​ഗസ്ഥരുടെ കാര്യത്തിലും സംഭവിക്കുക.

Related posts

Leave a Comment