മലകയറിയ ബാബു ആശുപത്രി വിട്ടു, ആരോ​ഗ്യവാനെന്നു ഡോക്റ്റർമാർ

പാലക്കാട്: പാറയിടുക്കിൽ നിന്ന് കരസേന രക്ഷപ്പെടുത്തിയ ബാബു ആശുപത്രി വിട്ടു. ഇന്ന് രാവിലെ ബാബുവിൻറെ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷമാണ് തീരുമാനമെടുത്തതെന്ന് ഡിഎംഒ കെ പി റീത്ത വ്യക്തമാക്കി. ഇന്നലത്തെ പരിശോധനയിൽ ബാബുവിൻറെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു. ഭക്ഷണമെല്ലാം കഴിച്ചു തുടങ്ങിയതായി വീട്ടുകാർ അറിയിച്ചു.
താൻ ഓകെയാണെന്ന് ബാബു മാധ്യമങ്ങളോടു പറഞ്ഞു. അമ്മയോടും സഹോദരനുമൊപ്പം സുഹൃത്തിന്റെ കാറിലാണ് ബാബു മടങ്ങിയത്.
പാലക്കാട് ചെറാട് കുമ്പാച്ചി മലയിലെ പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ 43 മണിക്കൂറുകൾക്ക് ശേഷമാണ് സൈന്യം രക്ഷിച്ച് കൊണ്ട് വന്നത്. അതേസമയം, ബാബുവിനെതിരെ വനം വകുപ്പ് കേസെടുത്തതിൽ മന്ത്രി എ കെ ശശീന്ദ്രന് ഇന്നലെ തന്നെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വനം വകുപ്പ് മേധാവിയുടെയും ചീഫ് വൈൽഡ് ലൈഫ് വാർഡനെയും മന്ത്രി വിളിപ്പിച്ചു. കേസ് നടപടി വേഗത്തിലായിപ്പോയെന്ന് മന്ത്രി ശശീന്ദ്രൻ പ്രതികരിച്ചു.
വനമേഖലയിൽ അനുമതിയില്ലാതെ അതിക്രമിച്ച് കയറിയതിന് ബാബുവിനെതിരെ കേസെടുക്കുമെന്നാണ് വനം വകുപ്പ് വ്യക്തമാക്കിയത്. സംഭവം വാർത്തയായതിന് പിന്നാലെ കേരളാ ഫോറസ്റ്റ് ആക്ട് സെക്ഷൻ 27 പ്രകാരം കേസെടുക്കുന്നതിനെതിരെ മന്ത്രി രംഗത്ത് വന്നു. ഒരു വർഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റം ബാബുവിനെതിരെ ചുമത്താനായിരുന്നു ആലോചന.

Related posts

Leave a Comment