ആസാദി കാ അമൃത് മഹോത്സവ് :രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്രദിന നിറവിൽ, ആഘോഷങ്ങളിൽ മുങ്ങി രാജ്യതലസ്ഥാനം

എസ് ശരൺ ലാൽ

ന്യൂഡൽഹി : രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വർഷം പൂർത്തീകരിക്കുന്ന ഇന്ന് രാജ്യതലസ്ഥാനം ആഘോഷങ്ങളുടെ നിറവിലാണ്. ഓഫീസുകളിലും,വീട് വീടാന്തരവും ത്രിവർണ്ണ പതാക ഉയർത്തി നാടും നഗരവും സ്വാതന്ത്ര്യത്തിന്റെ ഉത്സവലഹരിയിലാണ്. ചെങ്കോട്ടയിൽ നാളെ രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയർത്തും. തുടർന്ന് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യും.സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ചെങ്കോട്ടയിൽ മാത്രമായി പതിനായിരത്തോളം പോലീസ് സേനാംഗങ്ങളെയാണ് സുരക്ഷക്ക് വേണ്ടി വിന്യസിച്ചിരിക്കുന്നത്. ചെങ്കോട്ടയിൽ എത്തുന്നവരുടെ മുഖം തിരിച്ചറിയുന്ന ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനം അടക്കമുള്ളവ സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.ലഞ്ച് ബോക്‌സ്, വാട്ടർ ബോട്ടിലുകൾ, റിമോട്ട് കൺട്രോൾഡ് കാറിന്റെ താക്കോൽ, സിഗരറ്റ് ലൈറ്റർ, ബ്രീഫ്‌കേസുകൾ, ഹാൻഡ്‌ബാഗുകൾ, ക്യാമറകൾ, ബൈനോക്കുലറുകൾ, കുടകൾ തുടങ്ങിയ സാധനങ്ങൾ ചെങ്കോട്ട വളപ്പിൽ അനുവദിക്കില്ല.
മുൻപേ പാസ്സ് ലഭിച്ച ഏഴായിരത്തിലധികം പേർ ചെങ്കോട്ടയിൽ ഇന്ന് നടക്കുന്ന സ്വാതന്ത്ര്യ ദിന പരേഡിന്റെ ഭാഗമാകാനെത്തുമെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്.

Related posts

Leave a Comment